കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, August 29, 2013

'അഛന്‍ വന്നു ല്ലേ'.- ആര് എപ്പോള്‍ ആരോട് പറഞ്ഞു..?

ആര് എപ്പോള്‍ ആരോട് പറഞ്ഞു..?
ആശയം വിപുലീകരിച്ച് സന്ദര്‍ഭം വിശദമാക്കുക.

'അഛന്‍ വന്നു ല്ലേ'

'എനിക്ക് ഒറപ്പുണ്ടായിരുന്നു...
ഞാന്‍ വിളിച്ചാല്‍ അഛനൊറപ്പായും വരുമെന്ന്..'

********************************

ആക്ച്ച്വല്ലി ഇതൊരു സ്വര്‍ണ്ണക്കടേടെ പരസ്യാണ്...
പരസ്യത്തില്‍ സില്‍മാനടി അഞ്ചു അവള്‍ടെ കെട്യോനോട് ഡെലിവറിക്ക് ശേഷം പറഞ്ഞതാണ് മേല്‍സൂക്തങ്ങള്‍ ...

ഇത് പറയ്ണ നേരത്ത് ബച്ചനച്ചന്‍ അഞ്ചു ചേച്ചിക്ക് ഇടക്കിടക്ക് വായിലിട്ട്
കൊറിക്കാനായിട്ട് ഫ്രൂട്ട്‌സ് മേടിക്കാന്‍ പോയതായിരുന്നു..

.ഒട്ടേറെ പഠിപ്പിച്ച്... സപ്ലികളെഴുതാനുള്ള കാശ് സമയാസമയം കൊടുത്ത് ....
അങ്ങനെ വളര്‍ത്തി വല്താക്കി .... ഒടുക്കം കാമുകന്‍ കണാരന്റെ കൂടെ
അഛന്‍ കാണ്‍കെ ഒളിച്ചോടിപ്പോയ മോള്‍ക്ക് തിന്നാന്‍
എന്‍ഡോസള്‍ഫാന്‍ തെളിച്ച ഫ്രൂട്ട്‌സല്ലാതെ പിന്നെ എന്ത് തേങ്ങാക്കുലയാണ് കൊടുക്കേണ്ടത്....

പറയുമ്പോ അതും പറയണമല്ലോ....
അവള് ഒളിച്ചോടിപ്പോയതാണ്..വര്‍ഷങ്ങള്‍ക്ക് മുമ്പാണ്..
ബച്ചനച്ചന്‍ കബി ഗുഷി കബി ഗം പോലത്തെ ഒരുമാതിരി പടത്തിന്റെ
ഷൂട്ടിംഗിലായിര്ന്നു...
 അന്നേരം ലൊക്കേഷനിലെ ഗസ്റ്റ് റൂമില്‍ വന്ന് അഞ്ചു ചേച്ചി പറഞ്ഞു..
'ഞാന്‍ അയലക്കത്തെ കണാരന്റെ കൂടെ ഒളിച്ചോടാണ്....
ഓനെന്നെ പൊന്ന് പോലെ നോക്കും ന്ന് പറഞ്ഞീണ്ട്.....
ദിവസോം ഡയറീം മില്‍ക്കും വാങ്ങിത്തരും ത്രേ.....
പിന്നെ കണാരേട്ടന്‍ ഒടുക്കത്തെ വിറ്റാണ്......
എന്തൊരു തമാശയാണെന്നോ......
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറി............
.........ഹൊ ചിരിച്ച് ചിരിച്ച് വയ്യാതായി........
അപ്പോ അഛാ ഞാന്‍ ഒളിച്ചോടാന്‍ പോവ്വാണ്.....'

റെഡി വണ്‍ ടു ത്രീ....
അങ്ങനെ അഛന്റെ കയ്യില്‍ നിന്നുള്ള പിടിവിട്ട് കണാരന്റെ കൂടെ
പോയതാണ്...

എന്നിട്ടിപ്പോ പ്രസവവേദന വന്നപ്പോ അഛനൊന്ന് മിസ്സടിച്ചതാണ്....
അഞ്ചു ചേച്ചിക്ക് ശരിക്കും ഒറപ്പായിരുന്നു..
മിസ്സടിച്ചാല്‍ അഛന്‍ വരുംന്ന്......

വിശ്വാസം അതാണല്ലോ എല്ലാം.....

പിന്നെ ഈ പരസ്യവും സ്വര്‍ണ്ണവുമായുള്ള ബന്ധം എന്താണെന്ന് വെച്ചാല്‍
കാമുകന്‍ കണാരന്‍ നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കാം എന്ന് അഞ്ചുവിനോട് പറയുന്നതായി പറയുന്നുണ്ടല്ലോ.. അദ്ദാണ്...
ആ ഭാഗം സമയദൈര്‍ഘ്യം ഭയന്നുള്ള എഡിറ്റിംഗില്‍ ഹലാക്കായി പോയതാണ്..
ക്ഷമീര്.....

പിന്നെ ഡെലിവറീടെ നേരത്ത് കാശ് അത്യാവശ്യാണല്ലോ
(അതുകൊണ്ടാണ് അന്നേരത്ത് അഛനെ ഓര്‍മ വരാനുള്ള പ്രത്യേക കാരണം എന്നും കിട്ടൂന് ഡൗട്ടുണ്ട്).....
കാശ് അത്യാവശ്യായ നേരത്ത് കണാരന്റെ കയ്യില്‍ അഞ്ച് പൈസായും കാണത്തില്ലല്ലോ...
അപ്പോള്‍ അഞ്ചൂന്റെ സ്വര്‍ണാഭരണങ്ങളെല്ലാം വില്‍ക്കേണ്ടി വരുമല്ലോ..
അങ്ങനെ വില്‍ക്കാനുള്ള ആഭരണങ്ങള്‍ ബച്ചനച്ചന്‍
അഞ്ചൂന് ഒളിച്ചോടി പോകും മുമ്പ് വാങ്ങിക്കൊടുത്തിട്ടുണ്ടല്ലോ...
സ്വര്‍ണ്ണം മേടിക്കാന്‍ ജ്വല്ലറി വേണമല്ലോ... അദ്ദാണ്...


ഇങ്ങനെ പരസ്യവും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധങ്ങള്‍
ആറ്റിക്കുറുക്കി ഷോര്‍ട്ടാക്കി സംഗ്രഹിച്ച് സൈദ്ധാന്തികമായി വിവക്ഷിച്ചതിന്
ഓണ്‍ലൈന്‍ കിട്ടുവിനൊരു ഓസ്‌കാര്‍ ജ്വല്ലറിക്കാര്‍ തരണ്ടേ.. അല്ലേ വേണ്ടേ..

Wednesday, August 21, 2013

അവളുടെ ലൈക്കുകള്‍ - സീരിയല്‍ ന്യൂ ജനറേഷന്‍

ഫ്രീലാന്‍ഡ് ഫെര്‍ണാണ്ടസ് എന്ന പഹയന്‍ ഡയറക്റ്റ് ചെയ്യാന്‍ പോകുന്ന
അവളുടെ ലൈക്കുകള്‍ എന്ന ന്യൂ ജനറേഷന്‍ സീരിയലിനായി ഓണ്‍ലൈന്‍ കിട്ടു എഴുതുന്ന കഥയാണിത്...

കഥയല്ലിത് ലൈഫ്

ഒരു ദിവസം നട്ടുച്ച നേരം ..
വേലായുധന്‍ നാഷണല്‍ ഹൈവേയിലൂടെ വെയില് കാഞ്ഞ് നടന്നുപോകുന്നു..
റോഡില്‍ നിറയെ കുഴികള്‍ ..
കുഴികളില്‍ ചാറ്റല്‍ മഴ അവശേഷിപ്പിച്ച തുഷാരത്തുള്ളികള്‍ ..(കെടക്കട്ട് സാഹിത്യം)..
പെട്ടെന്ന് തോമസ് ചാക്കോ ഓടി വരുന്നു..
വേലായുധന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നു...

ഡാ... പന്ന...... (വിട്ട ഭാഗങ്ങളില്‍ ന്യൂ ജനറേഷന്‍ തെറികള്‍ പൂരിപ്പിക്കുക)

ചാക്കോ അലറലോടലറി.....
'നീയെന്റെ വൈഫ് ലിസിക്ക് ലൈക്കടിക്കും അല്ലേടാ കോങ്ങാ....
.............................................
ഇനി മേല്ാല്‍ നിന്റെ ലൈക്കോ കമന്റോ അവള്‍ടെ സ്റ്റാറ്റസിനു കീഴെ കണ്ടാല്‍ .....
മോനേ വേലായുധാ .. പണി പാളും....'

- ഇന്ത്യ വിട്ട റോക്കറ്റ് പോലെ അലക്ഷ്യമായി ചാക്കോ എങ്ങോട്ടോ പാഞ്ഞ് അപ്രത്യക്ഷനാകുന്നു....

ടാറടര്‍ന്ന റോഡിന്റെ ഇടത് ഭാഗത്ത് വേലായുധന്‍ അങ്ങനെ മലര്‍ന്ന് കിടന്നു..
തോമസ് ചാക്കോ എമ്മാതിരി ഇടിയാണ് ഇടിച്ചത്...
അങ്ങോരും ഇന്ദുലേഖ തേക്കുന്നുണ്ടോ എന്തോ.... ആ ഇടിയില്‍ പോലുമുണ്ട് വല്ലാത്ത ആത്മവിശ്വാസം...

ഇപ്പോള്‍ കിട്ടിയ ഇടിയുടെ കാര്യകാരണങ്ങളിലേക്ക്
വേലായുധന്‍ ഊളിയിട്ടു.....

രണ്ട് ദിവസം മുമ്പാണ് ലിസിയുടെ ഒരു കവിത ഫേസ്ബുക്കില്‍ കണ്ടത്...
മഴയുടെ ബ്രേക്ക് ഡാന്‍സ് എന്നായിരുന്നു കവിതയുടെ ടൈറ്റില്‍...
കവിത എന്ന് വിളിക്കപ്പെട്ട അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു..

മഴയുടെ ബ്രേക്ക് ഡാന്‍സ്
______________________

മഴ പെയ്യുമ്പോള്‍ കുട ചൂടുന്നു..
കുട ചൂടാത്തോര്‍ മഴ കൊള്ളുന്നു..
മഴ കൊള്ളാത്തോര്‍ വെയില്‍ കായുന്നു..
വെയില്‍ പെയ്യുമ്പോള്‍ ഞാന്‍ കുട ചൂടുന്നു..
കുട ചൂടാത്തോര്‍ വെയില്‍ കൊള്ളുന്നു..

മഴയും വെയിലും പിന്നെന്താണ്ടൊക്കെയോ ചേര്‍ന്ന്
ജീവിതത്തിന്റെ ഈ ത്രിസന്ധ്യയില്‍
ഞാന്‍ ഉദയസൂര്യനെ നോക്കി അന്തം വിട്ട് നില്‍ക്കുന്നു..


ആ കവിതക്ക് കീഴെ നൈസ്  , സൂപ്പര്‍, സംഭവം, കിടിലന്‍,
ഇൗ കവിതകളൊക്കെ എവിടുന്ന് വര്ണത് ലിസിക്കുട്ടീ,  നീയൊരു സംഭവം തന്നെ കെട്ടാ.. തുടങ്ങി ആയിരത്തഞ്ഞൂറോളം കമന്റുകളും അതിലധികം ലൈക്കുകളും ഉണ്ടായിരുന്നതായി വേലായുധന്‍ ഓര്‍ക്കുന്നു..

അതിലൊരേയൊരു ലൈക്കാണിപ്പോള്‍
ഈ ദാക്ഷിണ്യമില്ലാത്ത വീക്ക്ിന് കാരണാ പാത്രമായത്....
ലൈക്കണ്ട എന്ന് പറഞ്ഞാല്‍ പോരേ വീക്കണോ.....

അടി കൊണ്ട് നീരുവന്ന മുഖം തടവി ഇരിക്കുന്ന വേലായുധന്‍...
ഇനിയൊരു ഗാനമാകാം.... മെലഡി സോംഗ്....

ഓര്‍മ്മകളേ നീ കൈവള ചാര്‍ത്തി....
_____________________________________________________________

അവളുടെ ലൈക്കുകള്‍ സീരിയലിന്റെ പരസ്യത്തിനു വേണ്ടി മാത്രം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് താഴെ...

ലിസി ഡൈനിംഗ് ടേബിളിലിരുന്ന് തോമസ് ചാക്കോയോട് കയര്‍ക്കുന്നു..
'ഭര്‍ത്താവാണത്രെ ഭര്‍ത്താവ്.......
ഇങ്ങോട്ട് കിട്ടിയ ലൈക്കിന് ഞാനെന്ത് ചെയ്യാനാ....
എന്റെ കവിതക്ക് പത്മശ്രീ കിട്ടാന്‍ സാധ്യതയുണ്ടെന്ന് എത്രായിരം പേരാ പറഞ്ഞത് .. അതിലുള്ള അസൂയയാ നിങ്ങള്‍ക്ക്.....
എന്നിട്ടെന്നെ ചോദ്യം ചെയ്യാന്‍ വന്നിരിക്കുന്നു...
ദേ.. നിങ്ങളിട്ടിരിക്കുന്ന ഷര്‍ട്ടും പേന്റും നിങ്ങളോടിക്കുന്ന സ്‌കൂട്ടറും കാറും എല്ലാം എനിക്ക് സ്ത്രീധനം കിട്ടിയ വകയില്‍ വാങ്ങീതാ നിങ്ങള്‍ .. മറക്കണ്ട....'

*****************************

കമന്റ് കിട്ടാത്ത ബ്ലോഗറെ പോലെ അന്തം വിട്ടു നടക്കുന്ന വേലായുധന്റെ ഷോട്ടുകള്‍ ...
പശ്ചാത്തലത്തില്‍ മെലഡി മ്യൂസിക്...


NB: തനിക്ക് കണ്ടമാനം ലൈക്ക് കിട്ടുന്ന കാര്യം ഭര്‍ത്താവ് തോമസ് ചാക്കോയുടെ ചെവിയിലെത്തിച്ച അമ്മായിത്തള്ള സാറാമ്മയെ തട്ടിക്കളയാന്‍ ലിസി ക്വട്ടേഷന്‍ സംഘത്തെ അയക്കുന്ന രംഗവും പതിവ് സീരിയല്‍ പോലെ ഇതിലും ചേര്‍ത്തിട്ടുണ്ട്.. കാണാന്‍ മറക്കരുത്.... അവളുടെ ലൈക്കുകള്‍ ..


Tuesday, July 2, 2013

ഉറുമ്പുകള്‍

ചാറ്റ് ബോക്‌സില്‍
നിറയെ മധുരം നിറച്ചത്
കൊണ്ടാകുമോ..
ലാപ്‌ടോപ്പില്‍
ഉറുമ്പുകളിങ്ങനെ
കൂടു കൂട്ടുന്നത്.......
________________________________________
NB: ഈ വരികള്‍ എഴുതി എന്നതില്‍പരം ഓണ്‍ലൈന്‍ കിട്ടുവിന്
ഈ വരികളുമായോ അതിന്റെ ആശയപരിസരങ്ങളുമായോ യാതൊരു കോണ്‍ടാക്റ്റും ഇല്ല എന്ന് ബോധിപ്പിച്ചു കൊള്ളുന്നു..
ദയവ് ചെയ്ത് എന്റെ പിറകെ സൈക്കിളെടുത്ത് കൂടരുത്... ബ്ലീസ്..

Thursday, June 27, 2013

ഓണ്‍ലൈന്‍ പെണ്ണ്കാണല്‍

പെണ്ണ് കാണല്‍

അമ്മ ഫേസ്ബുക്ക്
തുറന്ന് മകനെ വിളിച്ചു..

'മോന്‍ പറ..
ഈ പച്ച കത്തി കിടക്കുന്ന
പെമ്പിള്ളേരില്‍ ആരെയാ
മോന് ഇഷ്‌പ്പെട്ടത്..'

പ്രണയം


പെണ്ണേ .,
മലയാളം സപ്പോര്‍ട്ടഡ് അല്ലാത്ത
മൊബൈല്‍ ആയിരുന്നല്ലേ
നിന്റെ കയ്യില്‍ ..

അത് കൊണ്ടല്ലേ..
എന്റെ ഹൃദയം തുരന്ന
വാക്കുകളെല്ലാം
നിനക്ക് വെറും
ചതുരക്കട്ടകളായി തോന്നിയത്..

Wednesday, May 29, 2013

നടി തങ്കമ്മക്കിഷ്ടം കരിഞ്ഞ പപ്പടോം ചീഞ്ഞ മത്തിക്കറിയും

 നടി തങ്കമ്മയോടൊപ്പം വേസ്റ്റാക്കാന്‍ അര മണിക്കൂര്‍ എന്ന ഓണം സ്‌പെഷ്യല്‍ ചാനല്‍ പ്രോഗ്രാമിലേക്ക് സ്വാഗതം..
നടി തങ്കമ്മയുടെ ജീവിതത്തിന്റെ ത്രിസന്ധ്യകള്‍ അറിയാന്‍ ഏവര്‍ക്കും ത്വരയും ആകാംക്ഷയും കാണും...
അപ്പോ നമുക്ക് വിശേഷങ്ങളാരായാം....

നടി തങ്കമ്മയുടെ ഷോപ്പിംഗ് രീതികളൊക്കെ എങ്ങനെയാണ്....

അങ്ങനെ പ്രത്യേക രീതികളൊന്നുമില്ല..
പരമാവധി കൂടെ ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്...
നമ്മള്‍ തനിച്ച് ഷോപ്പിംഗിനിറങ്ങുമ്പോള്‍ ഒരു ഏകാന്തത ഫീല്‍ ചെയ്യും..
ഏകാന്തതയില്‍ നമ്മള്‍ ശരിക്കും ഒറ്റക്കാകുന്ന പോലെ തോന്നും...
അപ്പോള്‍ നമുക്ക് നന്നായി ഡ്രസ്സ് സെലക്റ്റ് ചെയ്യാന്‍ പറ്റും...
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഹണ്‍ഡ്രഡ് യേഴ്‌േേസാഫ് സോളിറ്റിയൂഡ് എന്ന പുസ്തകത്തില്‍ ഏകാന്തതയിലെ ഷോപ്പിംഗ് രീതിയെ പറ്റിയൊക്കെ പറയുന്നുണ്ട്..

ഡ്രസ്സ് സെലക്ഷന്‍ ., ഫാഷന്‍ ., കളര്‍ എന്നിവയിലുള്ള താല്‍പ്പര്യം....

എന്ത് ഡ്രസ്സായാലും പ്രോബഌസ് ഇല്ല.. പാകമാവണം എന്നേയുള്ളൂ..
കടയില്‍ വെച്ച് തന്നെ പാകമാകുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യും.. തലങ്ങും വിലങ്ങും ഇട്ട് നോക്കും.. പണ്ടേ ഞാന്‍ അങ്ങനാ.. ആര്‍ക്കും എന്നെ അങ്ങനെ പറ്റിക്കാനൊന്നും പറ്റത്തില്ല... ഫ്രണ്ട്‌സൊക്കെ ഞങ്ങള്‍ സാറ്റ് കളിക്കുമ്പോള്‍ കുറേ എന്നെ പറ്റിക്കാന്‍ നോക്കിയതാ.. പറ്റണ്ടേ..(ചിരിക്കുന്നു).

പിന്നെ നിറങ്ങള്‍... പച്ച.., മഞ്ഞ ., നീല, ചുവപ്പ്, ഓറഞ്ച് , മെറൂണ്‍ എല്ലാം ഇഷ്ടമാണ്. ബട്ട് ബ്ലാക്ക് ആണ് എന്റെ ഫേവറിറ്റ്....

സ്ഥിരമായി ഷോപ്പിംഗിനായി കടയുണ്ടോ..

പണ്ടുണ്ടായിരുന്നു...ഹുന്ത്രാപ്പി ടെക്സ്റ്റയില്‍സ്...
അവ്ിടെ കടയില്‍ നില്‍ക്കുന്ന ദിവാകരന്‍ ഗള്‍ഫീ പോയേ പിന്നെ അങ്ങട്ട് തിരിഞ്ഞു നോക്കിയിട്ടില്ല....

പ്രണയമുണ്ടോ....

പ്രണയമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങും.. അല്ലേലും ആര്‍ക്കാണ് പ്രണയമില്ലാത്തത്... മനസ്സിന്റെ ലീലാവിലാസങ്ങളെ അല്ലേ നമ്മള്‍ പ്രണയം എന്ന് വിളിക്കുന്നത്...
എന്തായാലും മാരിജ് എന്റെ ലൈഫില്‍ ഉണ്ടാകില്ല.....
വിവാഹമോചനം ഇഷ്ടാമില്ലാത്തതോണ്ടാ വിവാഹത്തോട് ഇത്ര കലിപ്പ്,....

ഇഷ്ടപ്പെട്ട ഭക്ഷണ്ങ്ങള്‍ ..

എനിക്ക്  പുട്ടും പഴവും ഇഷ്ടമാണ്.. പിന്നെ റേഷനരിയും കൂട്ടിയുള്ള തീറ്റ.. ഹൊ.. പപ്പടം പൊരിച്ചതും . സൊ സ്വീറ്റ്..... കരിഞ്ഞ പപ്പടമാണ് ഫേവറിറ്റ്....
മത്തി വെളിച്ചെണ്ണയില്‍ വറുത്തെടുത്തതും വലിയ പ്രിയമാണ്...
പിന്നെ കുമ്പളങ്ങാ ഉപ്പേരി... ഉപ്പും മുളകും വേണ്ടതിലധികം മിക്‌സ് ചെയ്ത്..
അമ്മച്ചി.. സോറി മമ്മി ഇടക്കിടെ ഉണ്ടാക്കുന്ന കുമ്പളങ്ങ ജിലാജി എന്ന് പറയുന്ന ഒരു ഐറ്റം ഉണ്ട്....സൊ ഗ്രൈറ്റ്..

മേക്കപ്പ് എങ്ങനെയാണ് മെയിന്റൈന്‍ ചെയ്യുന്നത്..

സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രമേ ഞാന്‍ മേക്കപ്പ് യൂസ് ചെയ്യാറുള്ളൂ..
കോളേജില്‍ പോകുമ്പോഴൊക്കെ ഒരുക്കം അങ്ങനെ പെര്‍ഫക്റ്റ് ആകണം എന്നില്ല...
സിമ്പിള്‍ ഡ്രസ്സ് ധരിക്കും(അതിനെ ഡ്രസ്സ് എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല)..
എനിക്ക് നല്ല വണ്ണമുണ്ടായിരുന്നപ്പോള്‍ എടുത്ത ഒരു പാട്യാല മോഡല്‍ ബോട്ടവും അതിന്റെ ടോപ്പുമാണ് ഞാന്‍ രണ്ടാഴ്ച മുമ്പ് കസിന്റെ കല്യാണത്തിന് ധരിച്ചത്...അതിനിടെ സിനിമക്ക് വേണ്ടി മെലിഞ്ഞത് കാരണം അതി നല്ല ലൂസ് ആയിരുന്നു.....
തങ്കമ്മക്കിത് ഒട്ടും ചേരുന്നില്ലാന്ന് പലരും പറഞ്ഞു.. അവര്‍ക്കൊന്നും ഒട്ടും കോസ്റ്റിയൂം സെന്‍സില്ല.... ശരിക്കും ലൂസ് മോഡല്‍സ് ആണ് പുതിയ ട്രന്റ്...
പുതുതായി ഇറങ്ങുന്ന വെക്കടാ വെടി സിനിമയില്‍ ഞാന്‍ ആ ടൈപ്പ്ാണ് ധരിക്കുന്നത്.... നല്ല രസമുണ്ടെന്ന് ഡയറക്ടര്‍ പീതാംബരനും പ്രൊഡ്യൂസര്‍ വേലായുധനും പറഞ്ഞപ്പോ ഞാനാകെ വണ്ടറടിച്ചു പോയി....

ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം..

അനിയത്ത്ിപ്രാവ് സിനിമയില്‍ ചാക്കോച്ചനും ശാലിനിയും ലൈബ്രറിയില്‍ ചെന്ന് എടുത്ത് കളിക്കുന്ന ലവ് ആന്റ് ലവ് ഓണ്‍ലി എന്ന പുസ്തകം വല്യ ഇഷ്ടമാണ്...വായിച്ചില്ലെങ്കിലും എന്താന്നറിയില്ല ആ പുസ്തകത്തോട് വല്ലാത്തൊരു അറ്റാച്ച്‌മെന്റ്.... എന്റെ കുഞ്ഞ് നാളുകളില്‍ ആ സിനിമ ഞാന്‍ എത്ര വട്ടം കണ്ടെന്നോ...

ഓണത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാമോ..

വീട്ടിലാകുമ്പോ ഓണം നല്ല രസമാണ്...
വീട്ടിലെ മഞ്ഞുവീണ മുറ്റത്ത് ഞങ്ങള്‍ പൂക്കളമിടും..
റോസാപ്പൂ..ചെമ്പരത്തി പ്പൂ..മുല്ലപ്പൂ... തുടങ്ങിയ പൂക്കള്‍ കൊണ്ട് ഗമണ്ടനായി ഞങ്ങള്‍ പൂക്കളമിടും..
ഞാനിട്ട പൂക്കളം കണ്ടിട്ട് അയലോത്തെ സരസ്വതേച്ചിയും ജാനക്യേച്ചിയും മണ്ടിപ്പാഞ്ഞ് വരും..
എന്നിട്ടെന്നെ ആശംസിക്കും ആശീര്‍വദിക്കും... അനുമോദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍ വര്‍ഷിക്കും..
മോളെ തങ്കമ്മേ.. ഇത് വെറുമൊരു  പൂക്കളമല്ല..വസന്തം തന്നെയാണെന്ന് പറയും.. ഹൊ ഞാന്‍ വണ്ടറടിക്കും..

ലൊക്കേഷനിലെ ഓണം എങ്ങനെയാണ്..

കഴിഞ്ഞ ഓണത്തിന് ഞാന്‍ 'ഗുണ്ടുമണി പ്രസവിച്ചില്ല' എന്ന സിനിമയുടെ ലൊക്കേഷനിയാലായിരുന്നു.... ലൊക്കേഷനിലെ ഓണം നല്ല രസമാണ്...
ആകെ മൊത്തം ബഹളമായിരിക്കും..
സൂപ്പര്‍ സ്റ്റാര്‍ വേലായുധനോടൊപ്പം കഴിഞ്ഞ തവണ അത്തളപിത്തള തവളാച്ചീ കളിച്ച്ു..
ഹൊ വേലായുധേട്ടന്‍ എന്തൊരു എക്‌സ്‌പേര്‍്ടാണെന്നോ ഈ കളിയില്‍ ..

ഇനിയൊരു ബ്രേക്ക്....

പരസ്യം
ഹുന്ത്രാപ്പി ജ്വല്ലറിയില്ലാതെ എന്തോണം...
ടിഡാള്‍ഫി ടെക്സ്റ്റയില്‍സില്ലാതെ എന്തോണം...
ഫാസ്റ്റ് ഫുഡ് ബാര്‍ബര്‍ഷാപ്പില്ലാതെ എന്തോണം..Friday, May 17, 2013

ഇപ്പോള്‍ ഫേസ്ബുക്ക് വാര്‍ത്തകള്‍ , വായിക്കുന്നത് ഓണ്‍ലൈന്‍ കിട്ടു


ആച്ച്വല്ലി ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കാന്‍ പോണത് ഫേസ്ബുക്ക് വാര്‍ത്തകള്‍ ....
ഓണ്‍ലൈന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമേറ്റ് പ്രമുഖ ബ്ലോഗര്‍ കുഞ്ഞാപ്പുവിന്റെ വെളുത്തുള്ളിക്ക് നാറ്റമില്ല എന്ന ബ്ലോഗ് ഗുരതരാവസ്ഥയില്‍ ...

'ലെഫ്‌റ്റെവിടെ സഖാക്കളെ ' എന്ന കുഞ്ഞാപ്പുവിന്റെ പോസ്റ്റില്‍ പ്രകോപിതരായ ഒരു കൂട്ടം പാര്‍ട്ടിക്കാരാണ് ബ്ലോഗിനെ ചവിട്ടിക്കൂട്ടിയത്..

വെളുത്തുള്ളിക്ക് നാറ്റമില്ല എന്ന ബ്ലോഗിലെ കമന്റ് ബോക്‌സിലേക്ക് ഇപ്പോള്‍ ആര്‍ക്കും കയറാന്‍ വയ്യാത്ത നാറ്റാവസ്ഥയിലാണ്..

കുഞ്ഞാപ്പുവിന്റെ പോസ്റ്റിന്നെതിരെ 'ഇത് ഭരണമല്ല, വിഴുപ്പലക്കലാണ്'എന്ന ടൈറ്റിലില്‍ സെലിബ്രിറ്റി ബ്ലോഗര്‍ വേലായുധനും ഒരു പോസ്റ്റിട്ടിരുന്നു..

അതിന്റെ കമന്റ് ബോക്‌സും വൃത്തിയാക്കാന്‍ ഇനി മുനിസിപ്പാലിറ്റിക്കാരെ വിളിക്കേണ്ട അവസ്ഥയാണ്..

ഓണ്‍ലൈന്‍ ലോകത്തെ ഇത്തരം മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി ഒരു വമ്പന്‍ പ്ലാന്റ് തന്നെ നിര്‍മിക്കണമെന്ന ആവശ്യത്തോട് ഇത് വരെ ഗവണ്‍മെന്റ് അനുകൂലമായ നിലപാടെടുത്തിട്ടില്ല.....

ഈ വിഷയപരായി സംസാരിക്കാന്‍ നമ്മുടെ ബ്ലോഗര്‍ കുഞ്ഞാപ്പു ലൈനിലുണ്ട്.....

കിട്ടു - ഹലോ .. കുഞ്ഞാപ്പു .. കേള്‍ക്കാമോ.. കൂയ് കൂയ്.. കേള്‍ക്കാമോ...

കുഞ്ഞാപ്പു- കൂവിയാര്‍ക്കണ്ട സര്‍ .. എനിക്ക് ഉജ്വലമായി കേള്‍ക്കാം...

കിട്ടു- മിസ്റ്റര്‍ കുഞ്ഞാപ്പു .. സത്യത്തില്‍ എന്താണ് , എന്താണ്...

കുഞ്ഞുപ്പു- എന്ത്വ്..?

കിട്ടു- ഓ.. സോറി.. എന്താണ് സംഭവിച്ചത് എന്നാണ് ഐ മീന്‍..

കുഞ്ഞാപ്പു- എന്തൂട്ട സംഭവിക്കാന്‍ സാറേ...
കുറേ കൊഞ്ഞാണന്‍മാര്‍ എന്നെ തന്തക്ക് വിളിച്ചു.. അപ്പം ഞാന്‍
അവരുടെ തള്ളക്കും വിളിച്ചു,... ഒരു മ്യൂച്ചല്‍ അണ്ടര്‍ സ്റ്റാന്റിംഗ്....

കിട്ടു- ഇതൊക്കെ ശരിയാണോ..  മോശമല്ലേ....

കുഞ്ഞാപ്പു- എന്തൂട്ട് മോശം.... ഇതൊക്കെ ന്യൂസാക്കുന്ന നീയല്ലേടാ കോപ്പേ അതിനേക്കാള്‍ മോശം...

കിട്ടു- ഹലോ ഹലോ ഹലോ .. കേള്‍ക്കുന്നില്ല..(ഹലോ കമ്പിളിപ്പുതപ്പ്)
ഹലോ കേള്‍ക്കുന്നില്ലാ  കേള്‍ക്കുന്നില്ലാ.....

ലൈന്‍ കട്ടായെന്ന് തോന്നുന്നു.... ഈ വിഷയത്തെ അധികരിച്ച് സംസാരിക്കാന്‍ ആക്റ്റിവിസ്റ്റ് കണാരന്‍ ലൈനിലുണ്ട്....

കിട്ടു- ഹലോ കണാരന്‍ സര്‍ .., ഓണ്‍ലൈനില്‍ നടക്കുന്ന ഈ കാലുഷ്യങ്ങളെ നിങ്ങള്‍ എങ്ങനെ കാണുന്നു.....

കണാരന്‍- ഞാനെന്താ പറയ്യ്വാ മോനേ.. ആകെ മൊത്തം ടോട്ടല്‍ നമുക്കങ്ങ് മനം മടുക്കം... നമ്മ ആക്ടവിസ്റ്റ്കള്‍ അപ്‌ഡേറ്റ് ആകണ്ടേ എന്ന് കരുതിയാ ഫേസ്ബുക്കില്‍ വരാന്‍ തുടങ്ങീത്...

ഇന്നാള്ണ്ട് നന്‍മയില്‍ നടക്കാം എന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ മുട്ടന്‍ ഇടി നടക്കുന്നു..മതമുള്ളോരും ഇല്ലാത്തോരും തമ്മില്‍ വല്ലാത്ത വഴക്കും വക്കാണോം... ദൈവമുണ്ടോ ഇല്ലേ എന്നതാ ചര്‍ച്ചാ വിഷയം..

അവര്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ചങ്ങ് ജീവിച്ചാ പോരേ..
മറ്റുള്ളോരും അങ്ങനെ തന്നെ ആവണം എന്നെന്തിനാ ഇത്ര വാശി..

ഇടിയും കുത്തും വളരെ ജോറായങ്ങനെ നടക്കുമ്പോഴാണ് പവര്‍ക്കട്ട് വന്നത്... കുറച്ച് കഴിഞ്ഞപ്പോ യുപിഎസ്സിന്റെ കാറ്റും തീര്‍ന്നു...
ഹോ.. ആര്യാടന്‍ കാത്തു..

കിട്ടു- ഇതിനെ എങ്ങനെ മറികടക്കാം എന്നാണ് കണാരന്‍ സര്‍ പറയുന്നത്..

കണാരന്‍- അതിപ്പോ.. ആ പഹയനില്ല.. എന്്തൂട്ടാ... സുക്കന്‍ ബര്‍ഗോ..
ഇത് കണ്ട്പിടിച്ച മൊതലാളി....
അമന്റെ കഴുത്തിന് പിടിച്ച് ഇതിന് സമാധാനം കണ്ടിട്ട് പോയാ മതീന്ന് പറയണം.. അല്ലാതെ നമ്മളെന്ത്ട്ട് ആക്കാനാ....

കിട്ടു- കണാരേട്ടാ.. ഇത്രേം നേരം ഈ വിഷയത്തെ സൈദ്ധാന്തികമായി വിവക്ഷിച്ചതിന് ഒത്തിരി നന്ദി....

ഇനി കൂടുതല്‍ ഫേസ്ബുക്ക്് വാര്‍ത്തകളുമായി വരും വരേക്കും നന്ദി നമസ്‌കാരം ....

- ഓണ്‍ലൈന്‍ കിട്ടു ഫ്രം കട്ടപ്പൊക ഗ്രൂപ്പ്..
Tuesday, May 7, 2013

ലവറും അത്ര പോരlover of kittu :  ഹായ് bloody  കിട്ടു.......
             what's up...?  

കിട്ടു       : (ദൈവ്വേ... ദേ ലവള്‍ പച്ചകത്തി)
                         hi dear......
                         going well... eating well...walking well......
                         എന്നതാ ഡിയര്‍ യുവര്‍ വര്‍ത്താനം... ഗോയിംഗ് വെല്ല്...?

         
ലവര്‍      : ഹൊ കിട്ടൂ.. ഒന്നും പറയണ്ട...
                          How boring...
                          tedious...dull.........

കിട്ടു       : കൃഷ്ണതുളസി കഫ്‌സിറപ്പ് കഴിച്ചാല്‍ മതി.. എല്ലാം ഓകെയാകും...
                       
ലവര്‍      :  നീപോടാ.. കൊരങ്ങാ..

കിട്ടു        : (ഇവള്‍ക്കെങ്ങനെ കുഞ്ഞുനാളിലെ എന്റെ ഇരട്ടപ്പേര് മനസ്സിലായി..)
             താങ്ക്യൂ താങ്ക്യു..

ലവര്‍       : Got any planz tomorrow...?

(മോനേ കിട്ടൂ.... നീ ഈ റൂമെല്ലാം അടിച്ച് തുടച്ച് ഗംഭീരനാക്കിക്കേ........
അമ്മയാണ്..... ഓണ്‍ലൈന്‍ കാമുകി ഇവിടെപച്ച കത്തി കിടപ്പാണെന്ന് ഈ അമ്മക്കുണ്ടോ അറിയുന്നു....... ഹൊ ഇവള്‍ ഓഫാകും മുമ്പ് വേം പണി തീര്‍ക്കണം.... പെങ്ങള്‍സെല്ലാം കല്യാണം കഴിഞ്ഞുപോയതോണ്ടാ കിട്ടൂന് ഈ പെടാപാട്...)

(എല്ലാം തീര്‍ത്ത് അരമണിക്കുറിനകം കിട്ടു വീണ്ടും ചാറ്റിലേക്ക്)

കിട്ടു        :  ഹായ് ഡിയര്‍...

ലവര്‍       : Shut...............
                           crooook... two faced cow..

                           stupid.....

കിട്ടു        :  അല്ല നീയെന്താ പിസി ജോര്‍ജിന് പഠിക്കുവാണോ..
              എല്ലാ തെറിയും എന്റെ നെഞ്ചത്തോട്ട്.. ന്യൂ ജനറേഷന്‍ തന്നെ....

ലവര്‍       : Hey kittu.. bloody lover...
                           u r replying after long time of ma mesges ....
                            can't adjust wid ur speed if u r busy in other things then pls lev me.....
                           I hat dis delayzzz.....

കിട്ടു:                 (അവള്‍ടെ അമ്മേടെ........ വീടിന്റെ അടുത്താ എന്റേം വീട്.. എ                                                   ന്നിട്ടാ അവളെന്നോടിങ്ങനെയൊക്കെ പറയുന്നേ...- ഇന്നസെന്റ് സ്റ്റൈല്‍)

കിട്ടു                :  I'm terribly sorry dear...
                             ever so sorry...
                            ഞാനൊന്ന് മൂത്രിക്കാന്‍ പോയതാ.... (ക്ലീനാന്‍ പോയതാന്ന് പറഞ്ഞാല്‍                   ഭാാവിയില്‍ ഈ പണി എനിക്ക് സ്ഥിരമായാലോ...)
ഐ മീന്‍ യുറിന്‍.. യുറി ഗഗാറിന്‍...

ലവര്‍                 : Please don't be mad at me.........

കിട്ടു                   : There is alwayzz some madness in love.., dear...

ലവര്‍                  :  നീ പോടാ.. സ്റ്റുപ്പിഡ് ഫെല്ലോ.....

കിട്ടു                          : ( എന്റെ കണ്‍ട്രോള്‍ ദൈവങ്ങളേ...)

ലവര്‍                           : എന്നാലും കിട്ടൂ... U jummy bastard.......

കിട്ടു                         : (ദൈവ്വേ.. തന്തക്ക് വിളിച്ചതാണോ.. ഏയ് ആവില്ല..)
                                 താങ്ക്യൂ താങ്ക്യൂ...

:കി്ട്ടൂ...                       Hang on a moment... ഞാനീ ജ്്യൂസ് കഴിക്കട്ടെ..

കിട്ടു                         : (നീ ജ്യൂസോ , അവില്‍മില്‍ക്കോ , അവലോസുണ്ടയോ.. എല്ലാം അമുക്ക്..    ഹല്ലപിന്നെ)

                             ഓ കാരിഓണ്‍ ഡിയര്‍....

(നിന്നെയൊക്കെ അബദ്ധവശാല്‍ മാരിജ് ചെയ്യേണ്ടി വന്നാല്‍ സത്യം നിന്റെ നാക്ക് പിഴുതെടുത്ത് ഉപ്പുംകണ്ടം ജ്വല്ലറിയില്‍ ഞാന്‍ പണയം വെക്കും,, നോക്കിക്കോ.... അതോ തിരിച്ചെങ്ങാനും സംഭവിക്കുമോ... മ്മേയ്............
കല്യാണം ദു:ഖമാണുണ്ണീ.. ബാച്ച്‌ലര്‍ ലൈഫല്ലോ സുഖപ്രദം..)

കി്ട്ടു: പിന്നേയ് ഡിയര്‍..... Can I ask a favour..?

ലവര്‍: പറഞ്ഞ് തൊലക്കടാ......

കിട്ടു: (മ്മേയ്  പറയാനുള്ള മൂഡ് അങ്ങ് പോയിക്കിട്ടി...)

ഓ വേണ്ട.. നാളെ പറയാം ഡിയര്‍ .....
I'm off to bed..... k.. byes... miss u daaaaa..

ലവര്‍: ഓകെ കിട്ടൂ... byzzzz .. love u daaa..

*************************************************************

ഗതികേട് നോക്കണേ.. കിട്ടുവിന്റെ ലൈഫ് ഈ ന്യൂ ജനറേഷന്‍ കാലത്തായിപ്പോയി...വയറ് നിറയുവോളം തെറി വിളിച്ചിട്ട് ലവ് യു ഡാ എന്ന്..
ഞാനുണ്ടല്ലോ.. Grrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr..

കുറേയൊക്കെ മുമ്പ്.. പ്രേംനസീര്‍., സത്യന്‍ കാലത്തായിരുന്നേല്‍ കിട്ടൂന് ഇങ്ങനെയൊന്നും തെറി കേള്‍ക്കേണ്ടി വരുമായിരുന്നില്ല....
ഒരു പക്ഷെ ഇങ്ങനെയായിരിക്കും അവളെന്നോട് പറയുക..

'കിട്ടുച്ചേട്ടാ... നോക്ക്.....
ഒന്ന്.., രണ്ട്.., മുന്ന്.,നാല്, അഞ്ച്, ആറ്....
ആകാശത്ത് ആയിരത്തി പന്ത്രണ്ട് നക്്ഷത്രങ്ങള്‍...
ആതിര നിലാവ്....
മഞ്ഞ് പൊഴിയുന്ന കുന്നിന്‍ ചെരിവില്‍ വള്ളിക്കുടിലില്‍ കിട്ടുച്ചേട്ടനോടൊപ്പം ഞാനുമുള്ള കാലം കിനാവില്‍ വരുന്നു......
ആതിര നിലാവിനേക്കാളും സംഭവമാണ് എന്റെ കിട്ടുച്ചേട്ട ന്‍'

Wednesday, May 1, 2013

പവര്‍ക്കട്ടിന്റെ കഥ -ഒരു ന്യൂ ജനറേഷന്‍ ഐതിഹ്യം


പണ്ട് പണ്ട് എന്ന് വെച്ചാല്‍ കുറേ പണ്ട്...
വൈക്കം മുഹമ്മദ് ബഷീറിനും ഉറൂബിനും വികെഎനിനും പണ്ട്....
ഇം എം എസ്സിനും മാര്‍ക്‌സിനും പണ്ട് ..
ഗാന്്ധിജിക്കും ജിന്നക്കും പണ്ട്...
ഉപ്പുകുറുക്കലിനും സത്യാഗ്രഹത്തിനും പണ്ട്...
ഹിറ്റ്‌ലറിനും മുസോളിനിക്കും പണ്ട്..
എന്തിന്്...,
സോക്രട്ടീസ് , പ്ലാറ്റോ., അരിസ്റ്റോട്ടില്‍ തുടങ്ങിയ സൈദ്ധാന്തിക കശ്മലന്‍മാര്‍ക്കും വളരെ പണ്ട്......
ഈ ചുറ്റുവട്ടത്തൊക്കെ ജീവിച്ചിരുന്ന..(എന്ന് വെച്ചാല്‍ മാനാഞ്ചിറ,. മിഠായിത്തെരുവ്, മൊയ്തീന്‍ പള്ളി., മാവൂര്‍റോഡ് പരിസരങ്ങളിലൊന്നുമല്ലാട്ടോ.. അങ്ങ് നിലമ്പൂര്‍ മഹാ വനത്തില്‍)
ഒരു മഹാ സന്യാസിയായിരുന്നു ആര്യാട മഹാമുനി..
അദ്ദേഹം ഒരു ക്്ഷിപ്ര കോപിയായിരുന്നു..
ക്്ഷിപ്രകോപിന്ന് വെച്ചാല്‍ പെട്ടെന്ന് കുരുപൊട്ടുന്ന ആള്‍ എന്നര്‍ഥം..
മ്മടെ പിസി ജോര്‍ജിനെ പോലെ ഗ്രൂപ്പും പാര്‍ട്ടീം മുന്നണീം നോക്കാതെ സറപറേ സറപറേ ന്ന് ചെയ്യ്വ..പറയ്യ്വ..

അപ്പൊ പറഞ്ഞുവന്നത്..
ക്്ഷിപ്ര കോപത്തിന്റെ അസ്‌ക്യത ഉള്ള ആളായിരുന്നു ആര്യാട മഹാമുനി..
നട്ടുച്ചക്ക് കണ്ണടച്ചെങ്കിലും ഇരുട്ടാക്കാനുള്ള മഹാവിദ്യകള്‍ അറിയാര്‍ന്നു അങ്ങോര്‍ക്ക്..

അദ്ദേഹത്തിന്റെ തപശക്തിയില്‍ ഏത്് കരന്റും ഫീസടിച്ച് പോകുമായിരു്ന്നു..
പിന്നെയേത് ഇന്്ദ്രനും ഇല്ക്ട്രീഷ്യനും ശ്രമിച്ചാലും നെവര്‍... ഒരു രക്്‌ഷേം ഇല്ല... കറങ്ങാത്ത ഫേനും നോക്കി നെടുവീര്‍പ്പിടുകയല്ലാതെ നോ വഴി,,,
അത്രക്ക് ഗഡോല്‍ഗഡനായിരുന്നു അങ്ങോര്‍..

ഒരിക്കല്‍ വീട്ടില്‍ ഡൈനിംഗ് ടേബിളിലിരുന്ന് ഇരുട്ടത്ത്  ആര്യാട മുനി തപസ്സ് ചെയ്യുകയായിരുന്നു..
ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി ഇരുട്ടില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന വരം നേടാനായിരുന്നു കഠിനമായ തപസ്സ്..
തപസ്സ് കഴിഞ്ഞാല്‍ തനിക്ക് കഴിക്കാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും ഏത്തപ്പഴം പുഴുങ്ങിയതും അടുക്കളയില്‍ മൂടി വെച്ചിരുന്നു..

തപസ്സ് നൂറുശതമാനത്തിലേക്ക് ലോഡ് ചെയ്തുകൊണ്ടിരിക്കെയാണ് അടുക്കളയില്‍ നിന്ന് പെട്ടെന്നൊരു ഒച്ചകോലാഹലങ്ങള്‍ കേള്‍ക്കുന്നത്..

ക്ഷിപ്രകോപിയായ മുനിയുടെ സര്‍വ കോണ്‍സന്‍ട്രേഷനും തെറ്റി...
മുനി അടുക്കളയിലേക്ക് തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ പ്രൈവറ്റ്  ബസ്സുകള്‍ പായും പോലെ ഒരുമാതിരി നായിപ്പാച്ചില്‍ പാഞ്ഞു..

മുനി ടോര്‍ച്ചടിച്ച് നോക്കിയപ്പോഴുണ്ട്.. അവിടെ ഒരു ബഡ്ക്കൂസ് എലി ഈസി കുക്കില്‍ വെച്ച് പുഴുങ്ങിയ ഈത്തപ്പഴം അങ്ങനെ അമുക്കുന്നു...
(ഈസി കുക്ക് വലിക്കുന്ന കരന്റ്ചാര്‍ജിനെ പറ്റി ഈ ബ്ലഡി മൗസിനുണ്ടോ വല്ല ജനറല്‍ നോളജും)

അറിയാല്ലോ.. ആര്യാട മഹാ മുനി ഒരു ക്ഷിപ്രകോപിയാണ്..
അങ്ങേരങ്ങ്ട് എലിയെ ശപിച്ചു....
അടുത്ത പവര്‍ക്കട്ടിന് മുമ്പ് നീ ഭസ്മമായിപ്പോവട്ടെ എന്നങ്ങ് കാച്ചി.....
രണ്ട് നിമിഷത്തിനകം ആ എലി അപ്രത്യക്ഷമായി....
ബട്ട് പകരം അവിടെയുണ്ട് ഒരു സുന്ദരിയായ കോമളവല്ലി,...

ആ എലി ഒരു അപ്‌സരസ്സായിരുന്നത്രെ....   മഹാനായ ഒരു സ്വാമിയെ വശീകരിച്ച് അങ്ങോരുടെ തപസ്സ് മുടക്കിയാല്‍ കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് പട്ടുസാരി മാങ്ങിത്തരാം എന്ന്് അസുരന്‍മാര്‍ അവളോട് ഓഫര്‍ ചെയ്തത്രെ......
ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്നും പാടി സ്വാമിയുടെ അടുത്തെത്തി അങ്ങോരുടെ കണ്‍ട്രോള്‍ തെറ്റിക്കാന്‍ നോക്കിയ അവളെ സ്വാമി ശപിച്ച് എലിയാക്കുകയായിരുന്നത്രെ....

ഇരുട്ടിനെ സ്‌നേഹിക്കുന്ന ഏതെങ്കിലും വരട്ടു സ്വാമിയുടെ ശാപം ഏറ്റാല്‍ മാത്രം പഴയ പോലെ ആകാം എന്ന് പറയുകേം ചെയ്തു....

അങ്ങനെ മുഷിക സ്ത്രീ പിന്നേം അപ്‌സരസ്സായി.. എല്ലാത്തിനും ആര്യാട മുനിയോടവള്‍ താങ്ക്യൂ പറഞ്ഞു.. ഒരു ഗുഡ് നൈറ്റും...

ഇരുട്ട് ലോകത്തിന്റെ അധിപനാകാനും പവര്‍ക്കട്ട് രാജാവാകാനും വിധിയുണ്ടാകട്ടെ എന്നും അവള്‍ ആശംസിച്ചു...

ദേഷ്യം വന്നാല്‍ പി്‌ന്നെ ആര്യാട സ്വാമി ശപിക്കല്‍ ഒരു പതിവായി  ..
- രാവിലെ വെളിച്ചം ഇല്ലാതാകട്ടെ..
ഉച്ചക്കരമണിക്കൂര്‍ കെട്ടുപോകട്ടെ..
രാത്രി കറുത്ത വെളിച്ചം കത്തട്ടെ..

അങ്ങനെയാണ് പവര്‍ക്കട്ട് ഇടക്കിടെ സംഭവിക്കുന്നതെന്നാണ് ഐതിഹ്യം...


Monday, April 15, 2013

ഫെമിനിസ്റ്റ് പൊന്നമ്മ, അന്നമ്മ, ആയ്ശുമ്മ എന്നിവര്‍ക്ക് കിട്ടുവിന്റെ തുറന്ന കത്ത്‌


ഫെമിനിസ്റ്റ് പൊന്നമ്മ, അന്നമ്മ, ആയ്ശുമ്മ
എന്നിവര്‍ക്ക് ഓണ്‍ലൈന്‍ കിട്ടു എഴുതുന്ന തുറന്ന കത്താണിത്..
(സാമുദായിക സംതുലനം പാലിച്ചിട്ടുണ്ട് കെട്ടോ.. ഇനി അതിന്റെ പേരും പറഞ്ഞ് തല്ലാന്‍ വന്നേക്കരുത്..)

സ്ത്രീ സമൂഹത്തെ നവജാഗരിക്കാന്‍ അഹോരാത്രം തത്രപ്പെടുന്നവരാണ് നിങ്ങള്‍ എന്നകാര്യം പ്രത്യേകം പറഞ്ഞറിയിക്കേണ്ട ഒന്നല്ല..
അത്‌കൊണ്ട് തന്നെ ഒരു സ്മാള്‍ കാര്യം ഉണര്‍ത്തിക്കുകയാണ്..
മന്ത്രി വേലായുധനും വൈഫോഫ് മന്ത്രി ഡോ തങ്കമ്മയും തമ്മിലുള്ള ഇടിയും കുത്തും നിങ്ങള്‍ ചാനലുകളില്‍ നിന്ന് ലൈവായി തന്നെ കണ്ടിരിക്കും..
അതോണ്ട് അതേപ്പറ്റി നോ കമന്റ് ..

കിട്ടുവിന് ബോധിപ്പിക്കാനുള്ളത് ആ വിഷയത്തിലുള്ള ജീവനാംശം നല്‍കുന്ന കാര്യത്തെ പറ്റിയാണ്..
പ്രതിമാസം ജീവനാംശമായി രണ്ട് ലക്ഷം രൂപ മന്ത്രി നല്‍കണം എന്നാണ് ഡോ തങ്കമ്മയുടെ നിലപാട്..
ജീവനാംശം എന്നാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള അംശം നല്‍കണം എന്നല്ലേ..
രണ്ട് ലക്ഷത്തില്‍പരം രൂപയുടെ ചിക്കനും മട്ടനും തട്ടിയില്ലേല്‍ തീര്‍ച്ചയായും ആള്‍ തട്ടിപ്പോകാന്‍ സാധ്യതയുണ്ട്..
അതോണ്ട് ചോദിച്ച സംഖ്യ ഒട്ടും കുറവല്ല..
കുറഞ്ഞുപോ.യോ എന്ന് മാത്രമാണ് കിട്ടുവന് ഡൗട്ട്..

ആക്ച്വല്ലി.. ഇതുമല്ല പറയാന്‍ വന്ന സബ്ജക്റ്റ്..
ഈയൊരു വിഷയത്തെ ഫെമിനിസ്റ്റ് വ്യൂവില്‍ നിന്നുകൊണ്ട് കാണാന്‍ ഫെമിനിസ്റ്റുകള്‍ പോലും തയ്യാറായില്ല എന്നതാണ് സങ്കടകരം..

കുടുംബത്തിന്റെ ഭരണകര്‍ത്താവും നായകനും ചെലവിനുകൊടുക്കേണ്ടവനും എല്ലാം ഹസ്ബന്റ് ആണെന്ന് വന്നാല്‍ അത് വലിയ മോശമല്ലേ..

അതിനെതിരെയല്ലേ നമ്മളിത്രയും കാലം പടപൊരുതിയത്..

അങ്ങനെ പുരുഷന്റെ ഉദാരത കൊണ്ടും കാരുണ്യം കൊണ്ടും ജീവിക്കേണ്ട ഗതികേടൊന്നും പെണ്ണുങ്ങള്‍ക്കില്ല.. ഉണ്ടോ...

ആണുങ്ങളില്‍നിന്ന് ജീവനാംശം വേണമെന്ന് പറയുന്നതില്‍ തന്നെ ഒരു വിധേയത്വം ഫീല്‍ ചെയ്യുന്നില്ലേ... ഉണ്ട്.. തീര്‍ച്ചയായും ഉണ്ടെന്ന്...
പെണ്ണൂസുകളുടെ ജീവന്‍ നിലനില്‍ക്കാന്‍ ആണൂസുകളുടെ കാശ് വേണം എന്ന് വരുന്നത്... അയ്... നാണക്കേട്..

മിസ്റ്റര്‍ മന്ത്രി വേലായുധാ..., നിനക്കുള്ള ജീവനാംശം വേണേല്‍ ഞാന്‍ തരാം എന്ന് ഡോ തങ്കമ്മ പറഞ്ഞിരുന്നേല്‍ അത് ചെക്കസ്ലാവാക്യയില്‍ വരെയുള്ള ഫെമിനിസ്റ്റുകള്‍ക്ക് ആനന്ദനൃത്തം ചവിട്ടാനുള്ള ഒരു അവസരമാകുമായിരുന്നു..

മേലില്‍ ഇനിയും ഇത്തരം അടിയും ഇടിയും ഒക്കെ നടക്കും.. ചാനലുകള്‍ എക്‌സ്‌ക്‌ളൂസീവാക്കും,,അന്നേരം ഞാന്‍ പറഞ്ഞരീതിയില്‍ തന്നെ ഇടപെട്ടേക്കാണം.. കയ്യടി വാങ്ങിച്ചേക്കണം...

ഇങ്ങനെ ഇടക്കിടക്ക് ഞാന്‍ ഫെമിനിസ്റ്റ് വ്യൂ പറഞ്ഞുതരുന്നത് എന്തെങ്കിലും ഭൗതിക ലാഭം കാംക്ഷിച്ചാണെന്ന് തിങ്കരുത്....
ഇതൊരു പരോപകാരം മാത്രം.. ദാറ്റ്‌സ് ഓള്‍..


-സ്‌നേഹപൂര്‍വ്വം കിട്ടു..
താമസം - കട്ടപ്പൊക എഫ് ബി ഗ്രൂപ്പ്..

Friday, March 8, 2013

കിട്ടുവിന്റെ കട്ടപ്പൊക എഫ്ബി ഗ്രൂപ്പിലേക്കൊരു എത്തിനോട്ടം


കുഞ്ഞന്‍ -
ഈ ഗ്രൂപ്പിനോടെനിക്ക് വല്ലാത്ത പുഛം തോന്നുന്നു. ഒരു ഉഡായ്പ് ഗ്രൂപ്പ്..
ഇവിടെ സദാചാരബോധമുള്ള ഒരുത്തനും ഇല്ല...

കോലന്‍-
പുഛിക്കാനെന്താടേയ് ഇവിടെ ആരേലും തുണിയഴിച്ച് ഓടുന്നുണ്ടോ

കുഞ്ഞന്‍-
സ്ത്രീപീഢനങ്ങള്‍ അരങ്ങ് തകര്‍ക്കും നേരത്ത് അതിനെതിരെ ഒരുത്തനും ശബ്ദിക്കാത്തതെന്തേ....

കിട്ടു-
അയ്യോ .. ഈ കട്ടപ്പൊക ഗ്രൂപ്പില്‍ സ്ത്രീപീഢനത്തിനെതിരെ ആരും ശബ്ദിക്കാത്തതോണ്ടാല്ലേ പീഡനങ്ങളിങ്ങനെ പെരുകുന്നത്.. ക്ഷമിക്കണം രാജാവേ..

കുഞ്ഞന്‍-
ദേ അഡ്മിന്‍ കിട്ടു പരിഹസിക്കുന്നു.. അഡ്മിന്‍ രാജിവെച്ച് ഉഗാണ്ടക്ക് പോകുക..

വാലന്‍-
ശരിയാ..., ഈ അഡ്മിന്‍ കുറേകാലമായി ഹുന്ത്രാപ്പിക്കളി തുടങ്ങിയിട്ട്...
.. രാജിവെക്കുക... കിട്ടു രാജിവെക്കുക..

കിട്ടു-
ഓ പിന്നെ..,  ഒലക്ക.. ഞാന്‍ രാജിവെച്ചിട്ട് മ്മിണി പുളിക്കും..
മാസം ലക്ഷം രൂപാ ശമ്പളം കിട്ടുന്ന ഈ അഡ്മിന്‍ പണി ഞാനെങ്ങനെ ഉപേക്ഷിക്കും.. - ഹിഹി

കേശു-
എന്റെ സംഘടനാ നേതാവായ വേലായുധന്‍  മരിച്ചിട്ട് ആരും അനുശോചിച്ചില്ല.. ചെക്കോസ്ലാവാക്യയിലെ ഏതോ ലീഡര്‍ മരിച്ചപ്പോള്‍ സങ്കടങ്ങളുടെ മലവെള്ളപ്പാച്ചിലായിരു്ന്നു.. അഡ്മിന്‍ കിട്ടുവിന് നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്ന്് അതില്‍ നിന്നുതന്നെ വ്യക്തമാണ്..
കിട്ടു രാജിവെക്കുക..

കിട്ടു-
അല്ല മോനേ കേശു ..
നീയിപ്പോ എവ്‌ടെന്നാടാ പൊന്തി വന്നത്..എനിക്കൊരു ലൈക്കോ കമന്റോ നീയെന്നെങ്കിലും തന്നിട്ടുണ്ടോടാ...

കേശു-
ഓ പിന്നെ..
എനിക്കതല്ലേ പണി.. തന്റെ കമന്റ്‌സെല്ലാം ലൈക്കല്‍..
നിന്റെ ചളിഞ്ഞ ഫോട്ടോ ഇട്ടിട്ട് അതിനു കീഴെ നൈസെന്നും ക്യൂട്ടെന്നും കമന്റാന്‍ കൂലിക്ക് ആളെ വിളിച്ചാല്‍ മതി.. എന്നെ കിട്ടില്ല..

കിട്ടു-
എനിക്ക്് ലൈക്കാന്‍ നിനക്ക് ടൈമില്ല... ആ ജലജക്കും രാധാമണിക്കും നീ ലൈക്കോട് ലൈക്കാണല്ലോ...എന്നെക്കൊണ്ട് പറയിപ്പിക്കണ്ട..

വേലായ്-
എന്തുവാടേയ് ഇവിടെ നടക്കുന്നേ.. പോടെയ് .. പോടെയ്..

കേശൂ-
എനിക്ക് ഇഷ്ടമുള്ളവരെ ഞാന്‍ ലൈക്കും അത് ചോദിക്കാന്‍ നീയാര്.. എന്റെ തന്തയോ....

കിട്ടു-
പോടാ കോപ്പേ... എനിക്കറിയാമെടാ നിന്നെ  നീയെനിക്ക് ഇന്നേവരെ ഒരു ലൈക്കേ തന്നിട്ടുള്ളൂ.. അതും ഞാന്‍ ബൈക്ക് ആക്‌സിഡന്റായി കിടക്കുന്ന ഫോട്ടോ അപ് ലോഡ് ചെയ്തപ്പോള്‍...

കേശു-
നീ മയ്യത്തായി കെടക്കണ ഫോട്ടോക്കും തരാമെടാ ഒരു ലൈക്കും കമന്റും...

ബീരാന്‍-
ഇത്രയും കാലം ഈ കട്ടപ്പൊക ഗ്രൂപ്പിനെ ഉജ്വലമായി നയിച്ച  വീരനാണ് കിട്ടു. അതോണ്ട് ഒരിക്കലും രാജിവെക്കരുത് എന്നപേക്ഷിക്കുന്നു.

രാമന്‍-
അതെ.. കിട്ടു രാജിവെക്കരുത്..

കുഞ്ഞന്‍-
ഞാനീ ഗ്രൂപ്പിലിട്ട എന്റെയൊരു കവിതക്ക് ഒട്ടും കവിത്വമില്ല എന്ന് കമന്റിയ കോപ്പനാണ്  ഈ കിട്ടു... കവിതയെ കുറിച്ച്  ഈ ചെക്കനെന്തറിയാം..

ബീരാന്‍-
ഭൂഗോളത്തിന്റെ സ്പന്ദനം കവിതയിലാകു്ന്നു.. കുഞ്ഞന്റെ ചക്കക്കൂട്ടാന്‍ എന്ന കവിതയില്‍.... കവിതയാണ് പോലും അത്.. ത്ഫൂ...

കിട്ടു-
എടാ കുഞ്ഞാ .. കീബോഡ് ഗുണ്ടേ.... എന്റെ കീബോഡിലെ T  എന്ന അക്ഷരം വര്‍ക് ചെയ്യാത്തത് നിന്റെ ഭാഗ്യം... തെണ്ടീ എന്ന് വിളിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്.. നോക്കുമ്പോള്‍ അതില്‍ ഒരു T ഉണ്ട്... പട്ടീ എന്ന് വിളിക്കാനും പറ്റുന്നില്ല.. അതില്‍ രണ്ട് T ഉണ്ട്... നിന്നെ കീബോഡ് ്കാത്തെടാ കീബോഡ് ഗുണ്ടേ...

കുഞ്ഞന്‍-
എടാ പോടാ വിളിച്ചാല്‍ നീ വിവരമറിയും..

(മോനേ കിട്ടൂ.. അരി പൊടിപ്പിച്ചും കൊണ്ടുവാടാ എന്ന് അമ്മ അടുക്കളയില്‍ നിന്നും ഒച്ചയിടുന്നുണ്ട്.. ഹും അമ്മക്കറിയോ.. ഞാനിവിടെ അരിപ്പൊടി പരുവത്തിലായിക്കൊണ്ടിരിക്കുവാ... .)

കുഞ്ഞന്‍-
നിനക്കുത്തരം മുട്ടിയോടാ..

കിട്ടു-
എന്തോന്ന് വിവരമറിയുംന്നാ.. നീ ഞൊട്ടും.. ദേ കിടക്കണ് നീ ഗ്രൂപ്പിന് വെളിയില്‍....

കേശു-
കുഞ്ഞനെ ഗ്രൂപ്പിലേക്ക് തിരിച്ചെടുക്കുക.. എന്നിട്ട് പൂര്‍വ്വാധികം ശക്തിയോടെ ഇടി തുടരുക....
അഡ്മിന്‍ കിട്ടു ഫാഷിസ്റ്റാണ്.. മാവോയിസ്റ്റാണ്.... കിട്ടു രാജിവെക്കുക..

കിട്ടു-
ദേണ്ടടാ കേശു.. നീയും ഔട്ട്... പോരാത്തതിന് അണ്‍ഫ്രണ്ടും ചെയ്തു.. ബ്ലോക്കി.... കോലാ നിന്നേം ബ്ലോക്കി.. വാലാ.. നിന്നേം ബ്ലോക്കി..

സോമന്‍-
എല്ലാരേം ബ്ലോക്കാന്‍ ഇതെന്താ ബ്ലോക്ക് പഞ്ചായത്തോ..കിട്ടു രാജിവെക്കുക

കിട്ടു-
പണ്ടാരമടങ്ങാന്‍ ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ..-          (കിട്ടു നെറ്റില്‍ സെര്‍ച്ചി.... How  do I delet a group means Kattappoka...
              ഫെസ്ബൂക്ക് മുതലാളിയുണ്ട് ഗ്രൂപ്പ് ഡിലിറ്റ് ചെയ്യാനുള്ള റീസണ്‍ ചോ        ദിക്കുന്നു..
കിട്ടു ടൈപ്പി....... My life is in Kattappoka...)

--------------------------------------------------------------------------------------------------------------------

 ഈ പോസ്റ്റിനൊ ഇതിലെ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചവരോ മരി
ച്ചവരോ ആയ ഒരാളുമായും കോണ്ടാക്റ്റ് ഇല്ല എന്ന് ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു..NB: എവിടെലും എഫ് ബി തല്ല് നടക്കുമ്പോള്‍ അവ്‌ടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ മതിയാകും... ഒടുക്കം എല്ലാരും കൂടി എന്റെ നെഞ്ചത്തേക്ക് കയറുമോ എന്തോ..-


Thursday, February 21, 2013

സമരമിതപൂര്‍വ്വ സായാഹ്നം


ഹൊ.. പ്രിയരേ ..
രണ്ട് ദിവസമായി പണിമുടക്കുന്ന തിരക്കിലായിരുന്നു...
ഫേസ് ബുക്കില്‍ എത്ര കമന്റ്‌സും ലൈക്കും കിട്ടിയോ ആവോ.. ഒന്നും നോക്കാന്‍ നേരം കിട്ടിയില്ല....
എന്തായാലും പണി മുടക്ക് പരിപൂര്‍ണ വിജയമായിരുന്നു കെട്ടോ...
വീട്ടില്‍ പുതച്ച്മൂടി കൂര്‍ക്കം വലിച്ചുറങ്ങി സമരത്തെ വിജയിപ്പിച്ച സര്‍വ്വര്‍ക്കും എന്റെ വിപ്ലവാഭിവാദ്യങ്ങള്‍....
പണിയെടുത്ത് എന്തേലും വിപ്ലവം കൊണ്ട് വരാന്‍ താല്‍പ്പര്യമില്ലാത്തതോണ്ടാ
പണി മുടക്കി വിപ്ലവം കൊണ്ടുവരാന്‍ പറ്റുമോ എന്ന് നോക്കുന്നത്...

കഴിഞ്ഞ രണ്ടുദിനം എന്തുമാത്രം സമരോല്‍സുകമായിരുന്നെന്നോ...
എഴുപതുകളിലേക്ക് മടങ്ങിയെത്തിയ പോലെ ..
മൈ ബ്യൂട്ിഫൂള്‍ സെവന്റീ..

നിങ്ങള്‍ക്കറിയുമായിരിക്കും ആ സുധാകരന്റെ മോന്‍ പീതാംബരനെ..
അവനുണ്ട് നാനോ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് ഉലാത്തുന്നു..
അവന്റെ ഒബ്ലാംഗേറ്റക്കൊന്ന് കൊടുത്തിട്ടുണ്ട്..
ഇപ്പോ അവന് എയര്‍പോര്‍ട്ടും വേണ്ട.. വിസീം വേണ്ട.. പാസ്‌പോര്‍ട്ടും വേണ്ട.. അബൂദാബീം വേണ്ടാന്ന് പറഞ്ഞ് കരഞ്ഞ് മിംസ് ഹോസ്പിറ്റലില്‍ ചത്ത ശവം ചേലിക്ക് കിടപ്പുണ്ട്..
വിപ്ലവത്തെ ഒറ്റാന്‍ നടക്കുന്നു.. പീതാംബരന്‍.. മാവൊയിസ്റ്റ്..

അപ്പം പറഞ്ഞു വന്നത് വിപ്ലവം ജയിച്ച കാര്്യം
വിലക്കയറ്റം ടപ്പേന്ന്്് കുതിക്കുന്നു..
ആര്‍ക്കും ജീവിക്കാന്‍ ഒക്കാത്ത പരുവത്തില്‍ കിടപ്പാണ് ഭാരതം..
ഈ ദാരുണ നേരത്ത് നമ്മള്‍ സമരം നടപ്പാക്കാതിരിപ്പതെങ്ങനെ...
ഗേണ്‍മെന്റിനോട് നമ്മള്‍ പറഞ്ഞ കാര്യമൊന്നും നടന്നില്ലേലും പണി മുടക്കുന്ന കാര്യത്തില്‍ നമ്മള്‍  വിജയിച്ചല്ലോ..
(അല്ലേലും പണി മുടക്കാന്‍ എന്തേലും കാത്തിരിക്ക്വാ കുറേ എണ്ണം)

ഇനിയും ഇതുപോലെ എന്തേലും ഉഡായ്പുകള്‍ സര്‍ക്കാര്‍ കാണിച്ചാല്‍ നോക്കിക്കോ ഞങ്ങള്‍ ഇനീം മുഷ്ഠി ചുരുട്ടും..
പടച്ചവന്‍ പടച്ച ആകാശത്തെ നോക്കി,, അതിലെ പാറിപ്പടക്കുന്ന പറവകളെ നോക്കി ഞങ്ങള് സിന്ദാബാദ് വിളിക്കും....
രണ്ട് ദിവസമല്ല ചെലപ്പോ ഒരാഴ്ച വരെ പണിമുടക്കിയെന്നും വരും..
പണിയെടുക്കാതിരക്കുന്നതിന്‍രെ സുഖം ഞങ്ങള്‍ക്കിപ്പോ മനസ്സിലായിത്തുടങ്ങിയേക്കണ്..

അപ്പോള്‍ വിപ്ലവാഭിവാദ്യങ്ങള്‍..


NB:
എന്നും ഭരണകൂടത്തോടുള്ള സമരം എന്നും പറഞ്ഞു തുടങ്ങും..
പിന്നെയത്് ജനങ്ങളോടുള്ള യുദ്ധമായി മാറുന്നു..


Friday, February 1, 2013

ഫുള്‍ചെക്കപ്പിന് സമീപിക്കുക. ഗുണ്ടുമണി ലാബ് ചാത്തന്‍വളവ്‌


പ്രിയരേ ഇത് ഞങ്ങടെ ലാബിന്റെ പരസ്യമാണെന്ന് ദയവ് ചെയ്ത് ഊഹാപോഹിക്കരുത്..

ഊഹാപോഹം നിങ്ങടെ ആരോഗ്യത്തിനു ഹാനികരം..

നിങ്ങടെ ആരോഗ്യകാര്യത്തില്‍ എന്തുമാത്രം ബദ്ധശ്രദ്ധരാണെന്നോ ഞങ്ങള്‍..

നിങ്ങളാണീ നാടിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും..
അതോണ്ട് നിങ്ങടെ അകവും പുറവും സിക്്‌സ് പാക്ക് സമാനമായിരിക്കണം..

പറഞ്ഞുവരുന്നത് ഇതാണ്..
നിങ്ങടെ ശരീരത്തില്‍ എന്തെല്ലാം അസുഖമാണ് കുടിയേറിപ്പാര്‍ത്തിരിക്കുന്നത് ആര്‍ക്കും തെരിയാത്..

എപ്പോഴാണ് നിങ്ങള്‍ കുഴഞ്ഞ് വീണു മയ്യത്താവുക എന്ന് ആര്‍ക്കറിയാം..

നിങ്ങടെ കിഡ്‌നികളില്‍ ഒന്നിന്റെ ടിഡാള്‍ഫി ലൂസായിപ്പോയിട്ടില്ലെന്ന് ആരുകണ്ടു..

നിങ്ങടെ മൂത്രത്തില്‍ കല്ലും മണലും ഉള്ളടങ്ങിയിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും..
(മൂത്രത്തിലെ ഗ്ലൂക്കോസിന്റെ കുറവ്കാരണം ഇന്നലെ ഒരു പയ്യന്‍ വടിയായന്നേ.. സത്യം)

ഇരുപത്തിനാല് ഹവേഴ്‌സും സിസ്റ്റത്തിനു മുന്നിലിരിക്കുന്ന നിങ്ങള്‍ക്ക് എന്തെല്ലാം അസുഖങ്ങള്‍ ഇല്ലാതിരിക്കില്ല...

മൗസിലെ പിടിവിട്ട് ഇടക്കൊന്ന് ആ വലംകൈ നെഞ്ചത്തൊന്ന് വെച്ചേക്കണം... പടാപടാ മിടിക്കുന്നില്ല..
ചെലപ്പോ ഹൃദയമിടിപ്പ് 160 നും മീതെ കയറിയിട്ടുണ്ടാകും.. അമിയോഡോറോണ്‍ കഴിക്കേണ്ടി വരും..

ഹൃദയവാള്‍വിനടുത്ത് ഒരു വിവശതയും വിജൃംഭനവും തോന്നുന്നില്ലേ...
അറ്റാക്കാകാന്‍ സാധ്യതയുണ്ട്.. സൂക്ഷിക്കണം..
ആഞ്ചിയോഗ്രാമോ.., ബൈപാസ് സര്‍ജറിയോ., ആഞ്ചിയോ പ്ലാസ്റ്റിയോ
ഏതെന്ന് വെച്ചാ ചെയ്യേണ്ടി വരും..

പ്രഷര്‍.. ഷുഗര്‍..കൊളസ്‌ട്രോള്‍. ബി പി, ഡി പി, ഇപി..
ഇതിന്റെയെല്ലാം ലീലാവിലാസങ്ങള്‍ ഒന്ന് ചെക്ക് ചെയ്ത് ഉറപ്പിച്ചാലെന്താണ്..

ഞാനൊരു ലാബ് മുതലാളിയായതോണ്ടാ നിങ്ങളെ ഇങ്ങനെ ഫയപ്പെടുത്തുന്നത് എന്ന് തിങ്കരുത്...
പുഛിക്കുകയും അരുത്.. പ്ലീസ്....
സത്യത്തില്‍ അറ്റാക്ക് എന്താണെന്ന് അറിയാത്തോണ്ട്ാ നിങ്ങള്‍ക്കൊരു നിര്‍നിമേഷത..

ഹൃദയ പേശികള്‍ക്ക് ശുദ്ധ രക്്തം നല്‍കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദ്രോഗമായി പരുവപ്പെടുന്നത്.. മ്മേയ്...

അതോണ്ട് പ്രിയരേ എന്തിന് റിസ്‌കെടുക്കണം..
നിങ്ങള്‍ക്ക് നിങ്ങളെ ആകെ മൊത്തം ടോട്ടലായി ഒന്ന് ചെക്കപ്പ്് ചെ.്‌യ്താലെന്താണ്..
ചെലപ്പൊ ഹാര്‍ട്ട് മസിലൊക്കെ നശിച്ച് പോയിട്ടുണ്ടെങ്കിലോ ..
മു്പ്പത് ശതമാനത്ത്ില്‍ താഴെ മാത്രമാണ് പമ്പിംഗ് എങ്കിലോ,..

ഫുള്‍ ചെക്കപ്പിനായി ഒണ്‍ലി 850 രൂപ മാത്രം നിങ്ങള്‍ മുടക്കിയാല്‍ മതി..
നിങ്ങള്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ ഓഫറാണിത്..
ഈ ഓഫര്‍ ഗുണ്ടുമണി ലാബില്‍ മാത്രം.ഗുണ്ടുമണി ലാബ്
ചാത്തന്‍ വളവ്..
ഹുന്ത്രാപ്പി തീയേറ്ററിന് മുന്‍ വശം...

പ്രവര്‍ത്തന സമയം 9 am- 5pm

ഇപ്പോഴത്തെ സ്‌പെഷല്‍ ചാകര കണക്കിലെടുത്ത്
ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നു

Monday, January 21, 2013

മുടുക്കി മുടുമുടുക്കി


ഹാംഗര്‍ ജാനകി-
മുടുക്കി മുടുമുടുക്കി ചാനല്‍ പ്രോഗ്രാമിലേക്ക് സര്‍വ്വ കൂഷ്മാണ്‍ടങ്ങള്‍ക്കും സ്വാഗതം..
ഈ സെഗ്മെന്റ്ല്‍ ഞാന്‍ എന്ന ടോപ്പിക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യം ഞാന്‍ നിങ്ങടെ മുന്നില്‍ എത്തിക്കുന്നു മൈഥിലി..

-മൈഥിലി വരുന്നു-

ഹാംഗര്‍ ജാനകി-
മൈഥിലിക്കുട്ടീ.. പ്രൊഫൈലൊക്കെ ഓകെയാണല്ലോ അല്ലേ...

മൈഥിലി- യെസ് മാം

ഹാംഗര്‍ ജാനകി- എന്നാല്‍ ആദ്യം നമുക്ക് പ്രൊഫൈല്‍ നോക്കാം..

പ്രൊഫൈല്‍-
ഞാന്‍ മൈഥിലി.. എന്റെ അഛന്റെയും അമ്മയുടെയും ഒരേയൊരു ഡുണ്ടുമണി. എന്റെ ലോകം എന്നാല്‍ എന്റെ പേരന്റ്‌സും ഫ്രണ്ട്‌സും നായ്ക്കുട്ടി വേലായുധനും ചേര്‍ന്നതാണ്..
(പട്ടിക്കെന്താ വേലായുധന്‍ എന്ന് പേരിടാന്‍ പറ്റില്ലേ.. ടോണി ,ജോണി എന്നൊക്കെയുള്ള കൃസ്ത്യന്‍ പേരേ പറ്റു എന്നുണ്ടോ.. എന്റെ അടുത്ത പട്ടിക്കുട്ടിക്ക് ഷുക്കൂറ് കാദറ് എന്നും പേരിടും- ഹമ്പട)
ട്രിവാന്‍ഡ്രം ലോഡ്ജില്‍ പറയുന്ന പോലെ പ്രാര്‍ഥനകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നു.എന്ന് വെച്ചാല്‍ വിശ്വാസത്തില്‍ ഞാാന്‍ ബാക്ക് ആണ്്.
ഇന്നില്‍ മാേ്രത ഞാന്‍ വിശ്വസിക്കുന്നുള്ളൂ..ഇന്നലെകളിലും നാളെകളിലും വിശ്വസിക്കുന്നില്ല..പിന്നെ എന്റെ സ്വപ്‌നം എന്താണെന്ന് വെച്ചാല്‍ വേലായുധന്‍ പട്ടിക്കുട്ടിക്ക് ഒരു യൂറോപ്യന്‍ ക്ലോസറ്റ് ഉണ്ടാക്കണം.. ഒരു ബാത്ത് ടബ്ബും.
സ്ത്രീ പീഡനങ്ങളില്ലാത്ത ഒരു ഇന്ത്യയും ഞാന്‍ സ്വപ്‌നം കാണുന്നു.
(പുരുഷന്‍മാരില്ലാത്ത ഇന്ത്യ എന്ന് പര്യായം)
എനിക്ക് പിന്നെ വലിയൊരു ഡാന്‍സറാകണം  .., അതിലൂടെ ഈ സമുഹത്തെ എനിക്ക് നവജാഗരിക്കണം.., നേര്‍വഴിയിലേക്ക് നയിക്കണം..

ഹാംഗര്‍ ജാനകി-
യെസ് ഗമണ്ടനായിട്ടുണ്ട്...ഇനി നമുക്ക് ഇതേപ്പറ്റി ജഡ്ജസിന്റെ അഭിപ്രായം ആരായാം....

മാഡം പങ്കജാക്ഷി-
മോളൂ,.. നീ ആളൊരു ടിഡാള്‍ഫി തന്നെയാണ്.. വേലായുധന്‍ പട്ടിക്കുട്ടി എങ്ങനെ.. സുഖമായിരിക്കുന്നോ...

മൈഥിലി-
യെസ് മാം.. രണ്ട് ദിവസമായി പക്ഷെ അവനൊരു വയറ് സ്തംഭനം..
വയറ്റീന്ന് പോകുന്നില്ല...

മാഡം പങ്കജാക്ഷി-
കൃഷ്ണ തുളസീ കഫ്‌സിറപ്പ് കൊടുത്താല്‍ മതി കെട്ടോ .., എല്ലാം ഓകെയാകും..

പിന്നെ മൈഥിവി ബീലീവ്‌സ് ആന്റ് സ്റ്റെപ്പ്‌സ് പറഞ്ഞല്ലോ.. അതില്‍ ഒരു ക്ലാരിറ്റ് ഉണ്ടായിരുന്നില്ല.. എല്ലാം ഞാന്‍ സെന്റേഡ് ആയ പോലെ തോന്നി..പ്രാര്‍ഥനകളുടെ കാലമല്ലല്ലോ., കമ്യൂണിസത്തിന്റെ കാലമല്ലേ കഴിഞ്ഞത്..
അരാജകത്വം ഇപ്പോള്‍ ഔട്ടോഫ്് ഫാഷനല്ലേ.. പിന്നെ ഇന്നില്‍ മാത്രം വിശ്വിച്ചാല്‍ മതിയോ... ഇന്നലെകളിലല്ലോ നമ്മള്‍ ജനിച്ചതും വളര്‍ന്നതും...


മൈഥിലി-
അത് മാം.......
(ആത്മ ഗതം..- ചുമ്മാ ഡയലോഗടിക്കാന്ും സമ്മതിക്കില്ല കൂഷ്മാണ്ടം)

മാഡം കമലാക്ഷി-
മൈഥിലിക്ക് സെന്‍സോഫ് ഡിറക്ഷന്‍ ഉണ്ട്..
മോള് പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കാന്‍ സമയം കണ്ടെത്തിയാല്‍ മതി..
മൈഥിലിയെ ഇപ്പോള്‍ എന്തേലും പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ..

മൈഥിലി-
ഒട്ടും ഫ്രീഡം ഇല്ല എന്നതൊരു പ്രശ്‌നമാണ്...അഛനും അമ്മയും പലപ്പോഴും പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല... ഫ്രീഡം ഉണ്ടായിരുന്നേല്‍ എനിക്കെന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമായിരു്ന്നു...

മാഡം കമലാക്ഷി-
മോള്‍ക്ക് പുറത്തിറങ്ങാനുള്ള ഫ്രീഡം കിട്ടിയെന്ന വെക്ക്.. മോള്‍ എന്തൊക്കെ ചെയ്യും..

മൈഥിലി-
അത്.. അത്.......
(ആത്മഗതം-മാഡം തെണ്ടീ.. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്)

അത്......
ഈ സമൂഹത്തെ മൊത്തത്തല്‍ ഒന്ന് പുതുക്കിപ്പണിയാം...

- ലവള്‍ ആശാരിയാണോ...-

മാഡം കമലാക്ഷി-
യെസ് മൈഥിലി ., നിനക്ക് ഞാന്‍ 20 മാര്‍ക്ക് തരുന്നു..

മാഡം പങ്കജാക്ഷി-
ഞാന്‍ 21 തരുന്നു..

ഹാംഗര്‍ ജാനകി-
സമൂഹത്തെ നവജാഗരിക്കാനും ഈ വേള്‍ഡിനെ പുതുക്കിപ്പണിയാനും ആ ഗഗനം സ്റ്റൈല്‍ ഡാന്‍സ് ഒന്നുകൂടി കളിക്കാമോ മൈഥിലി. പ്ലീസ്..----- യയ.. ഗഗനം സ്റ്റൈല്‍.. ഗഗനം സ്റ്റൈല്‍..........-------------

Thursday, January 10, 2013

നേറ്റീവ് ബാപ്പ


നിക് നൈം എന്നൊരു എസ്സേ വായിച്ചിരുന്നു മുമ്പ്...
വല്ലാതെ അട്രാക്റ്റ് ചെയ്തു ആ ലേഖനം..
നിക്‌നൈമിന് കാരണങ്ങള്‍ വേണ്ട..
ടെററിസ്റ്റ് എന്നതൊരു നിക്‌നൈം ആണ്..
നീയൊരു ടെററിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ അതിന് എന്ത് എങ്ങനെ എപ്പൊ എന്നൊന്നും മറുചോദ്യമില്ല.., പാടില്ല..
ഏമാന്‍മാര്‍ പറയുന്നത് തൊള്ളതൊടാതെ വിഴുങ്ങുക .. അത്ര തന്നെ..

ബാബു ജനാര്‍ദ്ദന്റെ ബോംബെ മാര്‍ച്ച് സിനിമയൊക്കെ വല്ലാതെ അകം പൊള്ളിച്ചിരുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്ന ഗീലാനിയെ ഓര്‍മ്മയില്ലേ..
നിരപരാധിയെന്ന് തെളിഞ്ഞ് പുറത്ത് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു..
നിങ്ങള്‍ക്കറിയുമോ സ്വാതന്ത്ര്യത്തിന എന്തുമാത്രം സുഗന്ധമുണ്ടെന്ന്..

അബ്ദുന്നാസിര്‍ മഅ്ദന്ി ഇന്നും അനുഭവിക്കുന്ന നീതി നിഷേധം നട്ടുച്ചവെയില്‍ പോലെ ഉള്ള്് കരിക്കാന്‍ തുടങ്ങിയിട്ട് കാലം  എത്രയായി..

.....................................................................................................................................

നീതികേടുകളുടെ ഈയൊരു ആസുരനേരത്താണ് എന്റെ പ്രിയ സുഹൃത്തായ മുഹ്‌സിന്‍ പരാരിയും ടീമും ഇറക്കിയ നേറ്റീവ് ബാപ്പ പ്രസക്തമാകുന്നത്...
ഒന്ന് രണ്ടാഴ്ചക്കകം തന്നെ യൂട്യൂബില്‍ വമ്പന്‍ ഹിറ്റായി അത്..
മാര്‍ജിന്‍ ചെയ്യപ്പെടുന്ന ഒരു കൂട്ടത്തിന്റെ കത്തുന്ന ക്ഷോഭം നിങ്ങള്‍ക്കതില്‍ കാണാം..
മാമുക്കോയ തന്റെ റോള്‍ അതി സുന്ദരമാക്കിയിരിക്കുന്നു..
ഹാരിസ്, ക്യാമറ ചെയ്ത ജിജോ എബ്രഹാം,സംഗീത സംവിധായകന്‍ റോയ്് ജോര്‍ജ് എല്ലാവരും ചെറുതല്ലാത്ത അഭിനന്ദനം അര്‍ഹിക്കുന്നു...


തീര്‍ച്ചയായും ഈ കൂഷ്മാണ്ടങ്ങള്‍ ഉയരങ്ങളിലെത്തും...------------------------------------------------------------------

ഇന്നുമിന്നലെയും മിനിഞ്ഞാന്നും
ചെലപ്പോ നാളേം മറ്റന്നാളും
ഇങ്ങള്് പത്രത്തില് കാണ്ന്നത്്
ഞമ്മടെ മോന്‍ കുഞ്ഞൂന്റെ ഫോട്ട്വാണ്..
അതില് ഓന് ബേറെ മുയുമന്‍ പേര്്
പോരാത്തീന് ഒരു ബാലും..

പിന്നെ ഓന്റെ പെട്ടീല് ഒള് കൊടുത്ത
അരീക്കും ബോണ്ടക്കും പയംപൊരിക്കും പകരം
വേറൊരു സാധനണ്ട്്...
ബോംബ്‌ഹെയ്..പൂരത്തിന് ബലൂണ്‍്
മാങ്ങാനാന്നും പറഞ്ഞ് കൂട്ടിക്കൊണ്ടോയിട്ട്
ബെടി കേട്ട് പേടിച്ച് മണ്ടി
മുണ്ടിന്റെ മുമ്പും പിമ്പും എരപ്പാക്യേതാ..
ന്ന്ട്ട്പ്പം ബോംബ്‌ഹെയ്...
ഏത് .. ബോംബ്‌ഹെയ്....

പക്കേങ്കി... ഓള് പറേണത്
രാജ്യദ്രോഹ്യാണേ...
ഓന്റെ മയ്യത്ത് കാണണ്ടാന്നാ...

- നേറ്റീവ് ബാപ്പായില്‍ ന്ിന്ന്-

Tuesday, January 8, 2013

പാര്‍ട്ടികള്‍ക്ക് മെന്റലാണ് ഭായ്


നാട്ടാര്‍ വെട്ടിലാണ് ഭായ്
 ഉമ്മന്‍ കൂട്ടിലാണ് ഭായ്
സ്‌ട്രൈക്കോ നാട്ടിലാകെ ഭായ്
അതിനെന്താണ് ഭായ്

മുഖ്യന്‍ ഉമ്മനാണോ ഭായ്
മാണി മുഖ്യനാകോ ഭായ്
മുഖ്യന്‍  ആരായാലും ഭായ്
നമ്മള്‍ സോമരാണ് ഭായ്

ലെഫ്റ്റിന്റെ കാര്യമെന്താ ഭായ്
മാണിയോട് ലവ്വിലാണ് ഭായ്
പന്ന്യനും ഇഷ്ടമാണ് ഭായ്
ഒടുക്കം ഹലാക്കാകോ ഭായ്

മുന്നണി ഒന്ന് തന്നെ ഭായ്
ഭരിക്കണത് ഞങ്ങ തന്നെ ഭായ്
ബട്ട് ഗ്രൂപ്പ് വേറെ ഭായ്
സൊ- മുഖ്യന്റെ രാജി വേണം ഭായ്

റേഷന്‍ കടേല്‍ വായു മാത്രം ഭായ്
അരിയിലൊന്നും പുണ്യമില്ല ഭായ്
പുണ്യമൊക്കെ ലോട്ടറിയില്‍ ഭായ്..
കാരുണ്യം അതിലാണ് ഭായ്..

പാര്‍ട്ടികള്‍ക്ക്് മെന്റലാണ് ഭായ്
നാട്ടുകാര്‍ കലി്പ്പിലാണ് ഭായ്
ഒന്നും ഓകെയല്ല ഭായ്
അതിനെന്താണ് ഭായ്

പുള്ളേര്‍ ചാറ്റിലാണ് ഭായ്്
ടീച്ചേഴ്‌സ് റോട്ടിലാണ് ഭായ്
ഡ്യൂട്ടീല്‍ കാര്യമില്ല ഭായ്
അതിലെന്താണ് ഭായ്

റോട്ടില്‍ വണ്ടിയില്ല ഭായ്
വണ്ടീല്‍ ഡീസലില്ല ഭായ്
ഡീസല്‍ പമ്പിലാണ് ഭായ്
മാങ്ങാന്‍ പൈസയില്ല ഭായ്

ലീഗിന് തൃപ്തിയില്ല ഭായ്
നാട്ടാര്‍ക്കൊട്ടുമില്ല ഭായ്
ലെഫ്റ്റും ചത്തുപോയി ഭായ്
അതിനെന്താണ് ഭായ്...


കേരളം ഉണ്ടയാണ് ഭായ്....
മണ്ടേല്‍ ബുദ്ധിയില്ല ഭായ്
ഈടെ പാര്‍ട്ടിയുണ്ട്..
ഈടെ ജാതിയുണ്ട്..
അതിനെന്താണ് ഭായ്..


------------------------------------------------------------------
പ്രാണന്‍ ശ്വാസമാണ് ഭായ്്..
പോയാല്‍ പോയതാണ് ഭായ്..
ഈ ആട്ടോം പാട്ടും നിന്നു പോകും ഭായ്
അതങ്ങനാണ് ഭായ്


NB:
ഷുസെ സരമാഗുവിന്റെ SEEING എന്നൊരു നോവലുണ്ട്..
വോട്ടര്‍മാര്‍ ബ്ലാങ്ക് വോട്ടുകൊണ്ട് പ്രതിഷേധം തീര്‍ക്കുന്ന കഥ..
ഭരിക്കാന്‍ ആരും യോഗ്യരല്ലെങ്കി്ല്‍ പിന്നെന്തോ ചെയ്യും..
ജനാധിപത്യത്തെ ജനാധിപത്യപരമായി തന്നെനിരാകരിക്കുന്നു ആ നോവല്‍....

സത്യം പറയാലോ .., എല്ലാം കണ്ടും കേട്ടും ഒട്ടാകെ മടുത്തിരിക്കുന്നു..

Thursday, January 3, 2013

സ്ത്രീ പീഢനത്തില്‍ ജീന്‍സിനുള്ള പങ്ക്‌


'അലോ.... ഹലോ... നമ്മടെ നാടിന്റെ അധികാര തന്തുലിതനായ മിനിസ്റ്ററല്ലേ'

'അതേടാ ഉവ്വേ..'

'തിരക്കിലാണോ ആവോ'

'തിരക്കില്ലാതെ എന്ത്് ആഘോഷം. അതൊന്നും ബട്ട് നോ പ്രോബഌ...
ഇപ്പോ കാറില്‍ ട്രിണാകുളത്ത് നടക്കുന്ന ജെട്ടി ഫെസ്റ്റിവല്‍ ഉദ്ഘാടിക്കാന്‍ പോകുവാ.എന്നാലും പ്രജ പറയൂ..'

'ഹുന്ത്രാ്പ്പി രാജാവേ ., ശരിക്കും ഇവിടെ എന്താണ് നടക്കുന്നത്..'

'വാട്ട് ഹാപ്പന്റ് യാര്‍'

'മ്മടെ നാട്ടില്‍ എന്തോരം സ്ത്രീ പീഢനങ്ങളാണ് നടക്കുന്നത്.. '

'സ്ത്രീ ഉള്ളിടത്തെല്ലാം സ്ത്രീ പീഢനം നടക്കുമെന്ന് നായനാര്‍ സ്റ്റൈലില്‍ ഞാന്‍ പറയുന്നില്ല.. ഇതൊരു പ്രത്യേക കാലാവ്സ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നാ.. അതിനെ പറ്റി പഠിക്കാന്‍ ഞങ്ങടെ ഗവണ്‍മെന്റ് പത്തംഗ കമ്മറ്റിയെ ഫോം ചെയ്തിട്ടുണ്ട്..'

'അതില്‍ രണ്ടെണ്ണമല്ലേ പീഡനകേസില്‍ പിടിയിലായത്'

'അത് പ്രശ്‌നം വേറെയാ.. ആ പീഡനം നടക്കാന്‍ കാരണം ആ ബഡ്ക്കൂസ് പെണ്ണിട്ട ഡ്രസ്സ തന്നെയാ ...
തദ്ദിഷ്യ ഡ്രസ്സ് മേടിച്ച ടെക്സ്റ്റയില്‍സ് ഞങ്ങള്‍ റെയ്ഡ് ചെയ്തിട്ടുണ്ട്..
 2000 ത്തില്‍ അധികം ജീന്‍സ് തൊണ്ടികള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്..
.അവിടത്തെ സെയില്‍സ്മാനെ ചേദ്യം ചെയ്ത് വരികയാണിപ്പോള്‍..
അത് തയ്ച്ചത് കോയമ്പത്തൂരുള്ള വടക്കേ വീട്ടില്‍ പരമുവാണെന്നും മനസ്സിലായിട്ടുണ്ട്..
അവന്‍ ഉഗാണ്ടയിലേക്ക് കടന്ന് കളഞ്ഞു എന്നാണ് കേള്‍ക്കുന്നത്.
ബട്ട് അവന് നോ രക്ഷ..
പ്രജകളോട് വല്ലാത്ത  ശുഷ്‌കാന്തിയും അഭിവാഞ്ചയും ഉള്ള ഭരണകൂടമാണെന്നേ  ഞങ്ങളുടേത് '

'പിന്നേയ് പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ പേരില്‍ നിയമങ്ങള്‍ വരുന്നെന്ന്് കേള്‍ക്കുന്നു'

'യെസ്.. ശ്രൂതി ആക്റ്റ് , ജ്യോതി ആക്റ്റ് .. ആര്യ ആക്റ്റ് അങ്ങനെ.
ഒരു പണ്‍കുട്ടിയുടെ പേരില്‍ മാത്രം നിയമം വരുന്നതിനോട്് യോജിപ്പില്ല..
 അത് മറ്റ്ുള്ള വരോട് ചെയ്യുന്ന അനീതിയില്ലേ..
 അങ്ങനെയാണേല്‍ നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും കാണില്ല.. അല്ലേലും നിയമം വന്നാല്‍ പോരേ.. നടപ്പാകണം എ്ന്ന് ആര്‍ക്കാ നിര്‍ബന്ധം '

'നാട്ടിലാകെ മൊത്തം ടോട്ടല്‍ പ്രതിഷേധമാണല്ലോ...'

'അതുകള്‍ക്കൊന്നും വേറെ പണിയില്ലാഞ്ഞാട്ടിണെന്നേ... ഒരുമാതിരി പീഡനമിവിടെ ആദ്യമായി നടക്കുന്ന പോലെ...അഛുദാനന്ദന് പ്രതിഷേധിക്കാനെങ്കിലും ഇവിടെ സ്ത്രീ പീഡനം നടക്കേണ്ടേ..'

'പത്രങ്ങളും ചാനലുകളും ഇരകളെ പറഞ്ഞും പൊലിപ്പിച്ചും പിന്നേം പീഡിപ്പിക്കുവാണല്ലോ'

'അത് ശരിയാണ്.. ഒരു വട്ടം പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ എത്ര വട്ടമാണ് പിന്നെയും മീഡിയകള്‍
പീഡിപ്പിക്കുന്നത്.. അതുകളെ നിരോധിക്കാന്‍ വല്ല വകുപ്പും ഉണ്ടോന്ന് നോക്കണം..
അപ്പോ ഹാപ്പിയായില്ലേ പ്രജക്ക്്.. സ്ത്രീ സുരക്ഷക്ക് തീര്‍ച്ചയായും ഈ ഗവണ്‍മെന്റ് മുഖ്യ പരിഗണന നല്‍കും.. ഓകെ .. എന്നാ വെച്ചോളൂ..'- എഡാ.. ഡ്രൈവറേ സുകൂ..ആ ബൈക്കില്‍ പോണ പെമ്പിള്ള ആതാ നമ്മെ ഓവര്‍ടേക്ക് ചെയ്യുന്നു.. മിനിസ്റ്ററെ ഓവര്‍ടേക്ക് ചെയ്യേ.. അതും ഒരു പെണ്ണ്.. ഹമ്പട.. എടാ കോന്താ.. കത്തിക്കടാ.കോപ്പേ....NB: സ്ത്രീ പീഢനത്തില്‍ ജീന്‍സിനുള്ള പങ്ക് എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരം സംഘടിപ്പിക്കുന്നു..2013 ഡിസംബര്‍ അവസാനം വരെ അപേക്ഷിക്കം.. ആറ് ഫുള്‍സ്‌കാപ്പില്‍ കവിയരുത്..

 -ബ്ലാക്ക് ജീന്‍സാണോ ബ്ലൂ ജീന്‍സാണോ വൈറ്റ് ജീന്‍സാണോ കൂടുതല്‍ പ്രകോപനപരം എന്ന വിഷയത്തില്‍ ഇന്ന് സിറ്റി ഓഡിറ്റോറിയത്തില്‍  സെമിനാര്‍ നടക്കുന്നു. ഏവര്‍ക്കും സ്വാഗതം.