കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, October 31, 2012

സദാചാര സിനിമ(ന്യൂ ജനറേഷന്‍)


മക്കളേ ഇതൊരു തിരക്കഥയാണ്.
രംഗങ്ങള്‍ക്കടിയില്‍ എഴുതിക്കാണിക്കേണ്ട ഡയലോഗ്‌സാണ് ഇംഗ്ലീഷില്‍ ബോള്‍ഡില്‍ കൊടുത്തിരിക്കുന്നത്..
അല്ലേല്‍ സെന്‍സര്‍ ബോര്‍ഡ് കഴുത്തിന് പിടിക്കുമത്രെ.....
-------------------------------------------------------------------
സീന്‍ - ഒന്ന്


കറുത്ത കോട്ടിട്ട നായകന്‍.. കറുത്ത കണ്ണട.. കറുത്ത തൊപ്പി...

(രംഗം നടക്കുന്നത് പകലോ രാത്രിയോ എന്ന് വ്യക്തമല്ല)
ആദ്യം കാണിക്കുന്നത് നായകന്റെ കാലാണ്..
പിന്നെ പിന്നെ മുകളിലേക്ക് അരിച്ചുകയറുന്ന ക്യാമറ..
നായകന്റെ തിരുമോന്ത കാണിക്കുന്നേരം ദമ്മ് മ്യൂസിക്..
നായകന്റെ ചുണ്ടത്ത് സിഗരറ്റ്..
കയ്യില്‍ നുരയുന്ന മദ്യം..
ശിങ്കിടിയുടെ മുഖത്തേക്ക്് സിഗരറ്റ് ഊതിക്കളിക്കുന്ന നായകന്‍ മഗുണന്‍..

Cigarette smoking and alcohol is injurious to health...

ക-ട്ട് റ്റു
ഒരു പെണ്‍കുട്ടി (വല്‍സമ്മ)പാതിരാത്രി നടുറോട്ടിലൂടെ ഫെമിനിസം കളിച്ച് നടക്കുന്നു..
പെട്ടെന്നതാ വരുന്നു നാലു കാലമാടന്‍മാര്‍..... ഗുണ്ടൂസുകള്‍...
അവള്‍ ആവിയായി.. ഭയചകിതയായി,..
സിന്ധുലേഖ ഓയില്‍ തേച്ച് കിട്ടിയ ധൈര്യമൊക്കെ ഉഗാണ്ടയിലേക്ക് ടൂറിന് പോയി..
അവള്‍ അലറി വിളിച്ച് ഓടി...
ഗുണ്ടൂസുകളെ തോല്‍പ്പിക്കാനാവില്ല മക്കളേ.....
അതുകള്‍ അവളെ ഓടിച്ച് പിടിക്കുന്നു...
പിന്നെ റേപ്പ് സീന്‍....
റേപ്പ് ചെയ്യപ്പെടുമ്പോഴും അവള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു
'ആം നോട്ടെ വെര്‍ജിന്‍'

Rape is also recognized as an element of the crime of genocide


കട്ട് റ്റു-

വില്ലന്‍ സുഗുണന്റെ (വല്‍സമ്മയെ റേപ്പ് ചെയ്തവന്‍മാരുടെ കൂട്ടത്തില്‍ ദിവനും ഉണ്ടായിരുന്നു)നെഞ്ചത്ത്് കയറി ധിം തരികിട കളിക്കുകയാണ് നായകന്‍ മഗുണന്‍..
അരികില്‍ കിടക്കുന്ന വടിയെടുത്ത്് സുഗുണന്‍ മഗുണനെ അടിക്കാന്‍ വരുന്നു..
ഉടനടി മഗുണന്‍ ഒഴിഞ്ഞുമാറുന്നു..
നായകനോടാ അവന്റെ കളി..
എന്നിട്ട്് ആ വടി തട്ടിയെടുത്ത്് അവന്റെ ചന്തിക്കിട്ട് പെടപെടാ അടിക്കുന്നു..
(ക്ഷമിക്കണം.. ന്യൂ ജനറേഷന്‍ ഫിലിം ആണെന്നോര്‍ത്തില്ല.ചന്തിക്ക് പകരം മറ്റ് പല വാക്കുകളുമാണ് പ്രയോഗിക്കേണ്ടിയിരു്ന്നത്. ഷൂട്ട്് ചെയ്യുമ്പള്‍ ശ്രദ്ധിച്ചോളാം .. ഓകെ)

ശേഷം സുഗുണനെ തല്ലിക്കൊല്ലുന്നു...

Freedom to live is recognized as a human right under article......... of the universal declaration of Human rights...

കട്ട്് റ്റു-


സുഗുണന്‍ ജയിലില്‍ ..
കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതാണ്..
ബട്ട് ലെവന്റെ മുഖത്തൊട്ടും ഭാവഭേദമില്ല...
കൊന്നത് വില്ലനേയല്ലേ .. നോ പ്രോബഌ..
പെട്ടെന്ന് പോലീസിനോട് മഗുണന്‍ തട്ടിക്കേറുന്നു..
'പ്ഫ പുല്ലേ..'........- പച്ചത്തെറി..-
'ഞാനാരെന്നറിയുമോടാ നിനക്ക്.'....
..... തെറി......- 'ഷിറ്റ്'

Bad speech obviously depends on bad heart

സീന്‍ റ്റു-

ഹാസ്യ നടന്‍ കൊച്ചാപ്പി പശുവിനെ കെട്ടുകയാണ്...
കുനു കുനാ ചാണകമിടുന്ന പശു..
കൊച്ചാപ്പി ചളി ഡയലോഗ്‌സും വിടുന്നുണ്ട്...
- ചാണകമായിരുന്നു ഭേദം..-
പെട്ടെന്ന് കെട്ടഴിഞ്ഞു പോകുന്ന പശു..
പശുവിന്റെ കയറില്‍ തൂങ്ങിയോടുന്ന കൊച്ചാപ്പി..
- പശുവിനെ ഇങ്ങനെ വിറളി പിടിപ്പിച്ച് ഓടിക്കാന്‍ അതുകള്‍ എന്തരെല്ലാം ചെയ്തുവോ എന്തോ.....-

No animals were harmed during the shooting of this film

NB:
അപ്പൊ എന്ത് തോന്ന്യാസവും ചിത്രീകരിക്കാം...
ഇതൊന്നും ശരിയല്ല എന്ന് കീഴെ ഒരു കുറിപ്പ് കൊടുത്താല്‍ മതി

സെന്‍സര്‍ ബോര്‍ഡിന് ഹാപ്പിയായി...

...
.........

Thursday, October 4, 2012

BIS 916 മാംഗോ


പ്രിയരേ ., കൂഷ്മാണ്ഡങ്ങളേ..
കുടിക്കൂ.. ചാളക്കാസ് ഫ്രൂട്ട് കട അവതരിപ്പിക്കുന്ന മാംഗോ ജ്യൂസ്..
വെറും നാല് ശതമാനം മാത്രമാണ് പണിക്കൂലി..
നോക്കൂ നിങ്ങള്‍.. എന്തുമാത്രം ഗമണ്ടന്‍ ഓഫറാണിത്...
നല്ലൊരു മിക്‌സിക്ക് കൊടുക്കണം അയ്യായിരം.. പിന്നെ വണ്‍ കിലോ മാങ്ങക്ക് അമ്പത്തഞ്ച്..
മൂര്‍ച്ചയുള്ള കത്തിക്ക് നാല്‍പ്പത്തഞ്ച്..
അത് വിന്യസിക്കാനുള്ള പ്ലേറ്റിന് നാല്‍പത്..
പിന്നെയത് കട്ട് ചെയ്യാനുള്ള ബഡ്ക്കൂസിന് അറുപത്..

മാങ്ങ മുറിക്കുമ്പോള്‍ അതിന് വരുന്ന തേയ്മാനം,സമയനഷ്ടം,
മാങ്ങണ്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കഷ്ണനഷ്ടം., കരന്റ് നഷ്ടം....
അങ്ങനെ കൂട്ടുമ്പോള്‍ ആകപ്പാടെ മാംഗോ ജ്യൂസിന് എത്രായിരം രൂപ വരും..
ബട്ട് ഞങ്ങള്‍ ചാളക്കാസ് ഫ്രൂട്ട് കട വെറും നാല് ശതമാനം മാത്രമാണ് പണിക്കൂലി ഈടാക്കുന്നത്....
കുടിക്കൂ.. ചാളക്കാസ് മാംഗോ ജ്യൂസ്..
എന്നിട്ട് ആര്‍മാദിക്കൂ.. ഉന്‍മത്തരാകൂ...

----------------
പൊതുജനങ്ങളേ .,കഴുതകളേ... കാണുന്ന കോന്തന്‍മാര്‍ പറയുന്നത് കേട്ട് മണ്ടിപ്പാഞ്ഞ് ചെല്ലല്ലേ.. കുണ്ടില്‍ ചെന്ന് ചാടല്ലേ...
നാലെന്ന് കേട്ടാല്‍ ചുരുങ്ങിയത് നാല് വട്ടമെങ്കിലും ചിന്തിക്കണം..
അതിലും ചുരുങ്ങിയാല്‍ നാല്‍പ്പത് വട്ടമെങ്കിലും..

നോക്കൂ ,..., ചാളക്കാസ്്് ആന്റ് സണ്‍സ്് ഫ്രൂട്ട് കടയില്‍ പണിക്കൂലിയേ ഇല്ല..
ചുമ്മാ വന്ന് വെറും മിക്‌സിയുടെ മാത്രം വില തന്നാല്‍ ഒരു മാംഗോ ജ്യൂസ് അണ്ണാക്കില്‍ തള്ളിയിട്ട് പോകാം നിങ്ങള്‍ക്ക്..
ചെക്കോസ്ലാവാക്യയില്‍ പോലുമില്ലാത്ത ടിഡാള്‍ഫി ഓഫര്‍...
നാല്ശതമ്ാനം പണിക്കൂലി എന്ന ഉഡായ്പില്‍ വീണുപോകരുതെന്ന് വീണ്ടാമതും ഓര്‍മപ്പെടുത്തുന്നു.. ചിന്തിക്കണേ.., നാല് വട്ടമെങ്കിലും...

------------------------
ഓ .,പിന്നേ... പണിക്കൂലി ഇല്ലാ പോലും..പണിയെടുത്തിട്ട് കൂലി മാങ്ങാതിരിക്കാന്‍ മാത്രം ലതുകളെന്താ കോങ്ങന്‍മാരോ...
ചുമ്മാ തൊള്ള ബഡായി..
പണിക്കൂലിയില്ലാന്ന് പറയണ സൂപ്പര്‍സ്റ്റാറിന് കൊടുക്കണം ഒരൊന്നൊന്നര പണിക്കൂലി..
അല്ലേല്‍ നിങ്ങളന്നെ ഒന്ന് ചിന്തിച്ചേ...
നിങ്ങളൊരു കസേര വാങ്ങുന്നു..
അപ്പോള്‍ മരത്തിനിത്ര.., അത് ഈര്‍ന്നതിനിത്ര., അതിന്റെ പണിക്കൂലി ഇത്ര..
അങ്ങനെയാണോ കിട്ടുന്നത്.. മൊത്തത്തില്‍ ഒരു വില ഇടുകയല്ലേ..
പിന്നെയെന്താ ഈ മാങ്ങാക്കൊലക്ക് മാത്രം....
എല്ലാം പറ്റിപ്പാന്നേ...
പറ്റിപ്പില്ലാത്ത., വെള്ളം കലരാത്ത മാംഗോ ജ്യൂസ്....
കൂയി ചാളക്കാസ് ഫ്രൂട്ട് കടയില്‍ മാത്രം....
കുടിക്കൂ.. കുടിക്കൂ ..കുടിച്ചു കൊണ്ടേയിരിക്കൂ..
പണിക്കൂലിയില്ലാത്ത കുടികള്‍ക്ക് സമീപിക്കുക..
കൂയി ചാളക്കാസ് ഫ്രൂട്ട് കട....

NB:
1- പത്ത് കൊല്ലം മുമ്പ് പവന് നാലായിരം രൂപയായിരുന്നു..
അന്നും പണിക്കൂലി പത്ത് ശതമാനം..എന്ന് വെച്ചാല്‍ നാനൂറ് രൂപ..
ഇന്ന് 25000 ആയപ്പോള്‍ അതിന്റെ പത്ത് ശതമാനം 2500 ഓളം വരും..
എന്നാല്‍ സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളികള്‍ക്ക് കിട്ടുന്നത് പഴേ പത്ത് ശതമാനം(400). അപ്പോ ., ബാക്കി....
ആ .. എനിക്കൊന്നുമറിയത്തില്ലേ രാമനാരായണ..

2- ആദ്യം പത്ത്രൂപയെടുത്ത് കയ്യില്‍ വെക്കുക.. അതില്‍ ഇങ്ങനെ കാണാം..
I promise to pay the bearer the sum of ten rupees...
എന്ന് വെച്ചാല്‍ പത്ത് രൂപ കൊടുത്താല്‍ അതിന് മതിയായ സ്വര്‍ണത്തരി റിസര്‍വ്വ് ബാങ്ക് നമ്മക്ക് തരും എന്ന് പ്രോമിസ് ചെയ്യുകയാണ്..
....
തായോ റിസര്‍വ്വ് ബാങ്കേ.. പത്ത് രൂപക്ക് ഒരു തരി സ്വര്‍ണ്ണം തൂറ്റിച്ച് തായോ...........


_____________________________________
ടൈറ്റിലിന് കടപ്പാട്: sajeev puthoor kandruTuesday, October 2, 2012

പെയ്തുകൊണ്ടിരിക്കുന്ന കഥകള്‍


വിങ്ങുന്ന സായാഹ്നത്തിലെ ഒരു പത്ത് മഴത്തുള്ളികള്‍ മതി ,നിങ്ങളുടെ ജാലകത്തിന് ചുവട്ടിലെങ്ങോ കിടന്നിഴഞ്ഞിരുന്ന പുഴു പിന്നെ ജീവന്‍ തിളച്ചുമറിയുന്ന ചിറകുകളുമായി പറന്നുയര്‍ന്നുവരും. ജീവിതത്തിന്റെ ഒരു കൂത്താട്ടം. എഴുത്തുകളും ഇങ്ങനെയല്ലേ ഉണ്ടാകുന്നത്... പാറ്റകള്‍ പൊടിയുന്നത് പോലെ. ചോദിക്കുന്നത് ഉറൂബ്.

ചില എഴുത്തുകള്‍ക്ക് മഴയുടെ താളമുണ്ടാകും.
 നനവുണ്ടാകും.
പുതുമണ്ണിന്റെ മണവും മാര്‍ദവവുമുണ്ടാകും.
പി.കെ പാറക്കടവിന്റെ 'നമുക്ക് മഞ്ചങ്ങളില്‍ മുഖാമുഖം ഇരിക്കാം' എന്ന പുസ്തകത്തിലെ കഥകള്‍ വായിച്ചുതീര്‍ന്നിട്ടും നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്നു.
വായുവിലത്രയും വിഷം നിറച്ച്, മരങ്ങളത്രയും വെട്ടിമാറ്റി ഭൂമിയെ മൊത്തം മൊട്ടയടിച്ച് ഒരു ബാര്‍ബറായി മനുഷ്യന്‍ ഗതിമാറുന്ന കാലങ്ങളെ വരയുന്നു പി.കെ പാറക്കടവ്.

''അയാള്‍ക്ക് കാല്‍തെറ്റി, വീണിടത്തുനിന്നും അയാള്‍ എഴുന്നേറ്റതേയില്ല, ഒരിക്കലും. പുഴു ശരീരത്തിലേക്ക് കയറി അയാളെ തിന്നാന്‍ തുടങ്ങി.... പുഴു അയാളുടെ കഴിഞ്ഞകാല ദുഷ്‌ചെയ്തികളെ ഓര്‍മപ്പെടുത്തി... പുഴു പറയുന്നതൊന്നും അയാള്‍ കേട്ടില്ല. ജീവിച്ചിരിക്കുമ്പോള്‍ പുഴുവിന്റെയും പുല്‍ക്കൊടിയുടെയും ഭാഷ മനസ്സിലാക്കാത്തവന്‍, മരിച്ചുകഴിഞ്ഞാല്‍ എങ്ങനെ അറിയാനാണ് ഇതൊക്കെ...''

ബാല്യം, വൃദ്ധന്മാര്‍ക്കിപ്പോള്‍ ഒരു കടങ്കഥയായിത്തീര്‍ന്നിട്ടുണ്ടാകും. ജീവിതത്തെക്കുറിച്ച് എഴുതാന്‍ തുനിയുന്നവരെല്ലാം, ശൈശവം ഭാഷയിലേക്ക് പകര്‍ത്തുന്നിടത്ത് പരാജയപ്പെട്ടേ മതിയാകൂ എന്ന് പറയുന്നുണ്ട് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരാമുഖം എന്ന നോവലില്‍. അബോധത്തിന്റെ പെരുംകടലിലെവിടെയോ സ്വഛന്ദം വിഹരിക്കുന്ന ശൈശവമെന്ന സ്വര്‍ണ മത്സ്യത്തെ ഭാഷയുടെ വലയിട്ടു പിടിക്കാന്‍ എഴുത്തിന്റെ ഏത് മുക്കുവന് കഴിയും...?

ബാല്യത്തിലേക്ക് തിരിഞ്ഞു നടക്കുന്ന വൃദ്ധന്റെ കഥ പറയുന്നു പി.കെ. മേശപ്പുറത്തിരിക്കുന്ന കൊച്ചുമോന്റെ നോട്ടുപുസ്തകത്തില്‍നിന്ന് ഒരു താള് വിറച്ച് വിറച്ച് പറിച്ചെടുക്കുന്നു അയാള്‍. കടലാസ് ഒടിക്കുകയും മടക്കുകയും ചെയ്ത് തോണിയുണ്ടാക്കുകയാണ്. പുറത്താരും ഇല്ലെന്ന് ഉറപ്പുവരുത്തി, ആയാസപ്പെട്ട് മുറ്റത്തേക്കിറങ്ങി... കുനിഞ്ഞ് നിന്ന് അതീവ ശ്രദ്ധയോടെ കടലാസ് തോണി ഇറവെള്ളത്തിലേക്ക് ഒഴുക്കി.
'ഇറയത്ത് നിന്ന് കാലം ഇറ്റിത്തീരുകയാണ്. വൃദ്ധന്റെ നെഞ്ചില്‍ ഭാരമുള്ള മറ്റൊരു തോണി ആടിയാടി ഉലയുകയാണ്.'

അയാള്‍ വീടുവെച്ചത് ലോണെടുത്തിട്ടാണ്. തവണകളായി തിരിച്ചടച്ചാല്‍ മതി. വാഹനം വാങ്ങിയതും അങ്ങനെ തന്നെ. ഫ്രിഡ്ജ്, ടി.വി, വാഷിംഗ്‌മെഷീന്‍.. മരണത്തിന്റെ മാലാഖയോട് അയാള്‍ ഒരുവരം മാത്രം ചോദിച്ചത്രെ.
'തവണകള്‍'
തവണകളായി തന്നെയാണ് അയാളീ ലോകത്ത് നിന്ന് കൂടൊഴിഞ്ഞതും... ആദ്യം മുട്ടിന് താഴെ കുഴഞ്ഞ് കിടപ്പായി. പിന്നെ അരക്കു താഴെ... പിന്നെ കഴുത്തിന് താഴെ....
ആര്‍ത്തിയുടെ കാലികകാലത്തെ പി.കെ എമ്പാടും പരിഹസിക്കുന്നു.

ചെറുപ്പം മുതല്‍ അവന്‍ ശീലിച്ചത് പട്ടിണിയാണ്. ഉപ്പയുടെ മരണാനന്തരം മൂന്നാം നാള്‍, പക്ഷേ ആ ബാലന് നല്ലൊരു സദ്യ കിട്ടി. ജീവിതത്തിലാദ്യമായാണവന്‍ രുചിയറിഞ്ഞ് ഭക്ഷിക്കുന്നത്.
'ചൂടുള്ള നെയ്‌ചോറും ഇറച്ചിയും കൊതിതീരുംവരെ തിന്നതിന് ശേഷം കൈകഴുകി കുട്ടി നേരെ അകത്തേക്ക്...
അകത്ത് ഇരുട്ടിന് കൂട്ടിരിക്കുന്ന ഉമ്മയുടെ മടിയിലേക്ക് കയറി അവന്‍ ചോദിക്കുന്നു: 'ഉമ്മാ, ഉമ്മ എപ്പഴാ മരിക്വാ'

ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം വിശപ്പാണെന്ന പവിത്രന്‍ തീക്കുനിയുടെ വാക്കുകളാണ് പി.കെയുടെ സദ്യ എന്ന കഥ വായിച്ചപ്പോള്‍ ഓര്‍മവന്നത്.

വാക്കുകള്‍ വേണ്ടിടത്ത് കൃത്യമായി വീഴുമ്പോഴാണ് അത് അവതാരങ്ങളാകുന്നത്. വാക്കുകള്‍ക്ക് ജീവന്‍ വെക്കുന്നത്. ഹാസ്യം രോഷമായും രോഷം അഗ്നിയായും വായനക്കാരെ പൊള്ളിക്കുന്നത്. കൊല്ലലും കൊല്ലിക്കലും ദിനചര്യയായ ഒരു നാടിന്റെ വേദനയെ എത്ര തീക്ഷ്ണമായാണ് പി.കെ 'നാദാപുരം' എന്ന കഥയില്‍ പകര്‍ത്തുന്നത്.
'അടുത്തെവിടെ നിന്നോ ബോംബ് പൊട്ടുന്ന ശബ്ദം.'
'മോനെ എണീക്ക്... രാവിലത്തെ ബോംബ് പൊട്ടി... എന്നിട്ടും എന്തൊരുറക്കാ...'
മോന്‍ പതുക്കെ എഴുന്നേറ്റ് ജാലകപ്പാളി തുറന്നു. കരിഞ്ഞ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു: 'ആരാളീ... ഓലോ... ഞമ്മളോ...? (ആരാണ്? അവരോ നമ്മളോ?)

വലുതുകളെ പ്രണയിക്കുന്നവരാണ് നമ്മള്‍. അയല്‍ക്കാരന്റെ വീടിനേക്കാള്‍ അല്‍പമെങ്കിലും വലുപ്പം തന്റെ വീടിന് വേണം. അല്ലേല്‍ ഉറക്കം കെടാന്‍ അത് തന്നെ മതി. ജീവിതത്തില്‍ മാത്രമല്ല, എഴുത്തിലും ലാളിത്യം വേണമെന്ന് നമ്മെ പഠിപ്പിച്ച എഴുത്തുകാരനാണ് പി.കെ പാറക്കടവ്. നമുക്ക് മഞ്ചങ്ങളില്‍ മുഖാമുഖം ഇരിക്കാം എന്ന പുസ്തകത്തിലും കത്തുന്ന കഥകളിലൂടെ പി.കെ നമുക്ക് വഴികാട്ടുന്നു. ചെറുതുകളുടെ മഹത്വം ഓതിപ്പഠിപ്പിക്കുന്നു.
--------------പ്രസാധനം : പ്രതീക്ഷ ബുക്‌സ്‌---------------