കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, December 29, 2011

സങ്കടം സഹിക്കാന്‍ വയ്യാ.. ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാന്‍..

രണ്ടായിരത്തിപ്പതിനൊന്നും ദേ ഗുഡ്‌ബൈ പറയുന്നു..

എല്ലാവരും ഒന്ന് മിണ്ടാതിരി..

സങ്കടം സഹിക്കാന്‍ വയ്യാ.. ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാന്‍..
ഏകാന്തപഥികനായി ഒന്ന് സങ്കടിച്ചോട്ടെ...

വിഷമങ്ങളുടെ തുശാരസുഷിരങ്ങള്‍
(എന്ത്... സാഹിത്യമാണോ
ആ ദൈവത്തിന്നറിയാം..)

ഹൊ ., എന്തൊക്കെ ഗുലുമാലുകളായിരുന്നു..

കേരളത്തില്‍ ഭരണചക്രം മാറി ,ട്രാക്കില്‍ മെല്ലെ യുഡിഎഫ് കയറി വന്ന കാലം..
ഇടത് പക്ഷത്തോട് വലിയ മുഹബ്ബത്തില്ലെങ്കിലും എന്റെ സത്യസന്ധമായ ഒരു നിരീക്ഷണം പറയാം ..
ഇടത് പക്ഷം തന്നെ ഭരിക്കുന്നതായിരുന്നു നാടിനും നാട്ടാര്‍ക്കും കൂടുതല്‍ ഗുണം ചെയ്യുമായിരുന്നത്..
നിലവിലെ അവസ്ഥ തന്നെ മതിയല്ലോ അതിന് തെളിവായിട്ട്..

മാണിച്ചായന്‍ വന്നാല്‍ മുട്ട് വിറക്കുന്ന ഒരു മുസ്ലിം ലീഗ്.
കോണ്ഗ്രസില്‍ ഒര് ഉമ്മന്‍ ചാണ്ടിയും മറ്റ്മുണ്ട് എനിക്ക് പ്രിയങ്കരനായിട്ട്..
ആ.. എല്ലാം ശരിയാകുമായിരിക്കും അല്ലേ..
ബീ പോസറ്റീവ് എന്നാണല്ലോ..

ഒട്ടേറെ ഏകാധിപത്യങ്ങള്‍ തകര്‍ന്ന് തരിപ്പണമായി എന്നതും വലിയ സന്തോഷം പടക്കുന്നു..
എല്ലാം ഭദ്രമെന്ന് സ്വയം തീര്‍പ്പ് കല്‍പ്പിച്ച അധികാരികളെ ഇന്ന് ചരിത്രത്തിന്റെ ചവറ് കൂനയില്‍ തിരഞ്ഞാല്‍ കിട്ടുമായിരിക്കും..

പുതിയകാലത്തെ പാഠം

ആശയങ്ങളെ പറയാനും പ്രചരിപ്പിക്കാനും ഇനി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക്് ചാനലുകളുടേയും പത്രമാധ്യമങ്ങളുടേയും ഓശാരം വേണ്ട..
കള്ളും കഞ്ചാവും ഭേസി ഭാവനാലോകത്ത് ജീവിക്കുന്ന കൂഷ്മാണ്ടങ്ങള്‍ക്ക് തീറെഴുതിയിരിക്കുകയാണല്ലോ അവയെല്ലാം..

പോരാട്ടം വിതക്കാന്‍, ഞങ്ങള്‍ക്കിന്ന് പുതുമാര്‍ഗങ്ങളുണ്ട്..
രീതികളുണ്ട്..
അവസരങ്ങളുടെ നീലാകാശങ്ങളുണ്ട്...
അവിടെ ഞങ്ങള്‍ പറയും.. കേട്ടാല്‍ മതി..
(സലീം കുമാര്‍ സ്റ്റൈല്‍- മായാവി)

NB:
മാധ്യമം പുതുവര്‍ഷപ്പതിപ്പില്‍ ആര്‍ വി ജി മോനോന്‍, കെ പാപ്പുട്ടി തുടങ്ങിയവര്‍ ., എവിടെ തീക്ഷ്ണയൗവനം കാണാനില്ലല്ലോ എന്ന്....
പാവങ്ങടെ പരിഭവവും പരിദേവനവും ...

എന്ത് ചെയ്യാം ., ചില കണ്ണുകള്‍ക്കെന്നും പവര്‍ക്കട്ടാണ്..
അല്ല എഴുപതുകളിലെ യുവത്വം എന്ത് കോപ്പാണാവോ ചെയ്തത്..

------------------------------------------------------------------------------------

എല്ലാവര്‍ക്കും ജാഡയില്ലാത്ത നന്‍മയുടെ പ്രഭാതങ്ങള്‍ നേരുന്നു

Friday, December 23, 2011

വാര്‍ദ്ധക്യം നമ്മെ ചിലതൊക്കെ പഠിപ്പിക്കുന്നു സാബ്‌


വല്ലരോഗങ്ങളും വന്നെന്ന് വെക്ക്..
അല്ലേല്‍ വാര്‍ദ്ധക്യം..

മെയ്യനക്കാനൊക്കാതെ
മരുന്ന്മണമുള്ള ആശുപത്രിമൂറിയില്‍
ഇരുണ്ടമൂലയില്‍ പറ്റിപ്പിടിച്ച ചിലന്തിവലയും നോക്കി..

പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..

കഴിഞ്ഞകാല ചെയ്തികളെ വിചാരണ ചെയ്ത്..


എന്തൊരു ഡംഭായിരുന്നു..
ചിരിക്കാനൊന്നും മനസ്സില്ലായിരുന്നു..
അയല്‍ക്കാരോട്, ബന്ധുക്കളോട്, സുഹൃത്തുക്കളോട്,ഗുരുനാഥന്‍മാരോട്....


ഞാനൊരു മഹാസംഭവം എന്ന സ്വയം തീര്‍പ്പില്‍ ആനന്ദപുളകിതനായിരുന്ന നടന്ന്‌പോയ കാലങ്ങള്‍...

ഒര് തുണ്ട്ഭൂമിക്ക് വേണ്ടിയായിരുന്നില്ലേ
കത്തികൊണ്ടോങ്ങി അയല്‍ബന്ധങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചത്‌

എന്നിട്ടൊടുക്കം നേടിയതെന്താണ്..

വിചാരിച്ചേടത്തേക്കൊന്നും അവയവങ്ങള്‍ വരുന്നില്ല..
ഈ അവയവങ്ങള്‍ അപ്പോള്‍ എന്റേതല്ലേ..
എന്റേതായിരുന്നേല്‍ ഞാന്‍ വിചാരിച്ചേടത്തേക്ക് കിട്ടേണ്ടതല്ലേ..

അങ്ങനെ ചിന്തകളുടെ ഏഴ്കടലും ആകാശങ്ങളും കടന്ന്....

ഒരല്‍പം സമയംകൂടി നാം ദൈവത്തോട് ചോദിക്കില്ലേ..
എന്നാല്‍ ഒത്തിരി നന്‍മകള്‍ ചെയ്‌തേക്കാമെന്ന് കേണ് പറയില്ലേ..

-------------------------------------------------------
സമയം, ആരോഗ്യം.. ഈ രണ്ട് കാര്യങ്ങളില്‍ അധികപേരും അശ്രദ്ധരാണ്
- മുഹമ്മദ് നബി

NB:
രാഷ്ടീയക്കാര്‍ തെണ്ടികളാണെന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ അഭിപ്രായത്തോട് എനിക്ക്‌ യോജിപ്പില്ല.
എന്നാല്‍ അങ്ങേരെ തല്ലി ഞങ്ങള്‍ തെണ്ടികള്‍ തന്നെയാണെന്ന് എന്തിനാണ് താഷ്ട്ീയക്കാര്‍ തെളിയിക്കുന്നത്‌

**പ്രവാചകന്റെ വഴി എന്ന ഒവി വിജയന്റെ നോവലില്‍ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗ് ആണ് ടൈറ്റില്‍ ആയി കൊടുത്തിട്ടുള്ളത്‌.

Tuesday, December 20, 2011

സല്യൂട്ടാണത്രെ , ഒര്മാതിരി കോപ്പിലെ സല്യൂട്ട്‌


സിനിമകളിലാണധികവും കണ്ടിട്ടുള്ളത്..
മേലുദ്യോഗസ്ഥന്‍ ഗമയിലങ്ങനെ വരും ..

ണന്നേരം ഡ്യൂട്ടിയിലുള്ള പോലീസ് കാല് നിലത്തടിച്ച് ,വലത് കൈ നെറ്റിയില്‍ വെച്ച് ഒര്മാതിരി കോപ്പിലെ അഭ്യാസമാണ്.. സല്യൂട്ട് എന്നൊക്കെ പറയും..

ഒരൊറ്റ സല്യൂട്ടിന് എത്ര കലോറി ഊര്‍ജം ചെലവാകും എന്ന് പറയേണ്ടത് ഈ അണ്ഡകടാഹത്തിലെ ഡോക്ടേഴ്‌സ് ആണ്..

എന്ത്മാത്രം മനുഷ്യപ്പറ്റില്ലാത്ത അഭിവാദന രീതിയാണിത്...

പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിച്ചാലെന്താണ്..
ഒരു ഷേക്ക്ഹാന്റ് നല്‍കിയാല്‍..

മേലുദ്യോഗസ്ഥര്‍ക്കെന്താ ചിരിക്കാന്‍ പാടില്ലേ..
ചിരിച്ചാല്‍ പല്ല് കൊഴിഞ്ഞ് ഹലാക്കാകുമോ..
ഓസോണ്‍ പാളി തുള വീണ് പാളീസാകുമോ..

കൊളോണിയല്‍ സംസ്‌കാരങ്ങള്‍ ഇന്നും ഇവിടെ നടമാടുന്നത് കാണുമ്പോള്‍ സത്യത്തില്‍ ഓക്കാനം വരും ..

പുരാതന റോമന്‍ പട്ടാളത്തിലാണ് ഈ സല്യൂട്ടെന്ന കോപ്രായത്തിന് തുടക്കം കുറിച്ചത്..
വലത് കയ്യില്‍ ആയുധങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്..

സല്യൂട്ട് ചെയ്യുന്നതിന്റെ ആധുനികരൂപം തുടങ്ങിയത് ബ്രിട്ടീഷ് നേവിയില്‍....
1588 ല്‍ സ്പാനിഷ് അര്‍മഡയെ പരാജയപ്പെടുത്തിയ
ബ്രിട്ടീഷ്‌നേവിയെ അഭിനന്ദിക്കാന്‍ എലിസബത്ത് രാജ്ഞി എത്തിയപ്പോഴായിരുന്നു അത്.
സമ്മാനങ്ങള്‍ ഏറ്റ് വാങ്ങുന്ന നാവികര്‍ രാജ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാതിരിക്കാന്‍ അവരുടെ കയ്യുയര്‍ത്തി വലത് കൈപ്പത്തികൊണ്ട് സ്വന്തം കണ്ണുകള്‍ മറയുന്ന രൂപത്തില്‍ പിടിക്കാനായിരുന്നു ഉത്തരവ്..

അങ്ങനെവന്ന ഉഡായ്പ്പാണ് നമ്മളിന്ന് വളരെ അച്ചടക്കത്തിലും അക്ഷരസ്ഫുടതയിലും ചെയ്ത് സായൂജ്യമടയുന്നത്..

സായിപ്പ് ചെയ്‌തോ.., എങ്കിലത് തന്നെ എന്ന തിയറി എന്ത്മാത്രം കഷ്ടമാണ്..

NB:
'ആരെക്കണ്ടാലും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുക, പുഞ്ചിരി ഒരു ദാനമാണ്..'
എന്ന് മുഹമ്മദ് നബി

ശരിയാണ്.., ചെലവില്ലാത്ത ദാനമാണ് പുഞ്ചിരി..
അതിലും നമ്മള്‍ പിശുക്ക് കാണിച്ച് തുടങ്ങിയാല്‍ എന്തോ ചെയ്യും..

Wednesday, December 14, 2011

സകലര്‍ക്കും താങ്ക്‌സ് ,നൂറിന്റെ ജാഡയില്‍ ജാഡലോടകം


ഏതോ ഒരു ദിവസം...
അത്രമാത്രം ഓര്‍മയുണ്ട്..
(കൃത്യമായ ഓര്‍മയുണ്ടെങ്കില്‍ ഞാന്‍ പിന്നെ ശ്രീനിവാസ രാമാനുജനാകില്ലേ.., ഹല്ല പിന്നെ..)

ചില ഫ്രണ്ട്‌സൊക്കെ എന്നോട് വന്ന് പറഞ്ഞു.. മോനേ.., ബഡ്ക്കൂസേ..നിനക്കൊരു ബ്ലോഗ് തുടങ്ങിയാലെന്താ..

എന്ത് .., ആര്‍ക്ക് സുഖല്യാന്ന്....

എടാ പോത്തേ.., ഒരു ബ്ലോഗ് തുടങ്ങിക്കൂടേന്ന്..
നിന്റെ തോന്നിവാസങ്ങളൊന്നും പിന്നെ ഞങ്ങള്‍ മാത്രം സഹിക്കേണ്ടല്ലോ..

(ക്ലാസില്‍ ഒരു ബോര്‍ഡുണ്ട്.., രചനാത്മകമായ കുരുത്തക്കേടുകള്‍ക്കെല്ലാമുള്ള ഇടം)

ഒരിക്കല്‍ അശ്‌റഫ്‌സാറും പറഞ്ഞു..
നിന്റെ കവിതകള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങണം മഖ്ബൂല്‍..

വസീം എ ജെ യും ഇടക്കിടക്ക് ഇത് തന്നെ പറയും..

എന്നാല്‍ പിന്നെ എന്തിന് അമാന്തിക്കണം...
കിടക്കട്ടെ ഒരു ബ്ലോഗ്..

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങിനെയാണ് മക്കളേ ആ സംഭവം സംഭവിച്ചത്...

ബ്ലോഗ് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും കഴിഞ്ഞ നാല് മാസമാണ് ബ്ലോഗില്‍ ശരിക്കും സജീവമായത്...

ഒത്തിരിയൊത്തിരി കൂഷ്മാണ്ടങ്ങളെ പരിചയപ്പെട്ടു.., ചിലരൊക്കെ ഫോണില്‍ വിളിച്ചു..
തീര്‍ച്ചയായും നമുക്ക് കാണണം എന്നൊക്കെ പായാരം പറഞ്ഞു..

ചില പ്രവാസികള്‍ നിന്നെ കണ്ടേ അടങ്ങൂ എന്ന പിടിവാശിയിലാണ്..
(ദൈവമേ .., തല്ലിക്കൊല്ലാനാകുമോ എന്തോ)

അപ്പോള്‍ പ്രിയപ്പെവരേ.., ഫോളേവേഴ്‌സ് നൂറ് ആയ സ്ഥിതിക്ക് സ്വല്‍പം ജാഡയൊക്കെ എനിക്ക് കാട്ടാലോ അല്ലേ...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു..
നന്ദി., നമസ്‌കാരം..

NB:ജാഡലോടകത്തെ പറ്റിയുള്ള നിരൂപണങ്ങളും ചീത്ത വിളികളും നിര്‍ദാക്ഷിണ്യം സ്വാഗതം ചെയ്യുന്നു..

Tuesday, December 13, 2011

ഒരു വഴിയിലൂടെയും ആരും പോയില്ല..


മുന്നില്‍ ഒട്ടനേകം വഴികള്‍..
ശരിക്കും വഴി ഏതായിരിക്കും?

കൂടെയുള്ള ആരോ പറഞ്ഞു..
ദേ.. ഈ കാണുന്നതാണ് ശരിക്കും വഴി..
ഇതിലൂടെ പോയാല്‍ നിശ്ചയം ലക്ഷ്യത്തിലെത്തും..

വേറൊരാള്‍- ഒന്ന് പോ ചങ്ങാതി....
ഇത് പൊട്ട വഴി.. അതാണ് യഥാര്‍ഥ വഴി..
കണ്ടില്ലേ .., ഒട്ടേറെ കാല്‍പാടുകള്‍..
മുന്‍ഗാമികള്‍ നടന്ന വഴി അതാണ്..

മുമ്പുള്ളവര്‍ നടന്നു എന്ന് വെച്ച് ആ വഴി തന്നെ നല്ലത് എന്നില്ലല്ലോ..

നല്ല വഴി തീരുമാനിക്കുന്നത് നീയാണോ..


അല്ലാതെ പിന്നെ നിന്റെ -------- ആണോ....


----------------------------------------------------------

നല്ല വഴി ഏതെന്നും പറഞ്ഞ് അവര്‍ തമ്മില്‍ തര്‍ക്കമായി..
വഴിത്തര്‍ക്കം..
കയ്യാങ്കളിയിലെത്തി അത്..

അവിടെ ഒരു ആള്‍ക്കൂട്ടമായി..
ഓരോരുത്തര്‍ക്കും സ്വന്തമായി അനുയായികളായി...
കൊടിയായി.., ആസ്ഥാന കേന്ദ്രങ്ങളായി..

പൊട്ടന്‍, ശുംഭന്‍, ആസനത്തില്‍ ഊതുന്നവന്‍..
പരസ്പരം ആക്ഷേപിക്കാന്‍ പുതിയ പുതിയ പദങ്ങള്‍ അവര്‍ കണ്ടെടുത്തു..
അനുയായികള്‍ അത്‌കേട്ട് കയ്യടിച്ചു..


വഴിവക്കില്‍ മുദ്രാവാക്യം വിളിച്ചും , തെറിവിളിച്ചും അവരങ്ങിനെ കാലം കഴിച്ചു....

എന്നാല്‍
ഒരു വഴിയിലൂടെയും ആരും പോയില്ല..

Thursday, December 1, 2011

ഉള്ളുലക്കുന്ന,ഹൃദയം കൊത്തികളായ കഥകള്‍

ഉള്ളുലക്കുന്ന ചില കഥകളുണ്ട്..

അതിലെ കഥാപാത്രങ്ങള്‍ നിരന്തരം നമ്മെ അസ്വസ്ഥപ്പെടുത്തും..
വിടാതെ പിന്തുടരും ..
നോവായി , നൊമ്പരമായി അതൂറിക്കൂടും..

ഇ എം കോവൂരിന്റെ പാറക്കല്ല് എന്ന കഥ സത്യത്തില്‍ വല്ലാത്തൊരു ഹൃദയവേദനയാണ് തന്നത്..

കളിക്കണമെന്നല്ലാതെ മറ്റ് ചിന്തകളില്ലാത്ത കാലം.. ബാല്യകാലം..
കൊച്ച്മാത്തനും ലില്ലിക്കുട്ടിയും വലിയ കൂട്ടായിരുന്നു.. അയല്‍ക്കാര്‍..

കൊച്ചുമാത്തന്റെ കയ്യില്‍ ഒരു കിളി..
എനിക്ക് തായോ എന്ന് ലില്ലിക്കുട്ടി..
അയ്യട ഇതെന്റെ കിളിയാ..
ലില്ലിക്കുട്ടി തട്ടിപ്പറിച്ചു..

ഇപ്പോള്‍ കിളിയുടെ തല ലില്ലിക്കുട്ടിയുടെ കയ്യിലും , ഉടല്‍ കൊച്ചുമാത്തന്റെ കയ്യിലും ..

അയ്യോ .. എന്റെ കിളി ചത്തേ..
ലില്ലിക്കുട്ടി ഇനി എന്നോട് മിണ്ടണ്ട.. എനിക്കിനി കാണണ്ട..

ലില്ലിക്കുട്ടിയുടെ മനസ്സ് നൊന്തു..
രാത്രി ഉറങ്ങാന്‍ പറ്റിയില്ല..

പിറ്റേന്നവള്‍ അവന്റെ അടുത്തെത്തി.. അവന്‍ കണ്ട ഭാവം നടിച്ചില്ല..
അവന്റെ കയ്യില്‍ അവള്‍ ഒരു കുഞ്ഞു പാറക്കല്ല് വെച്ച് കൊടുത്തു..
അവന്റെ മുഖം തിളങ്ങി..

അതവര്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നു..
വഴക്ക് കൂടിയാല്‍ ആരാണോ തെറ്റ് ചെയ്തത് അയാള്‍ ഒരു പാറക്കല്ല് മറ്റവന്റെ കയ്യില്‍ വെച്ച് കൊടുക്കണം..
അതോടെ വഴക്ക് ക്ലോസ്..

ഒരിക്കലും പിരിഞ്ഞിരിക്കേണ്ടി വരില്ലെന്ന് അവര്‍കരുതി..

പിന്നീടൊരു ദിനം അവരെന്തോ കാര്യത്തില്‍ വഴക്ക് കൂടി.. തെറ്റി..
ആരും പാറക്കല്ല് കൈമാറിയില്ല..

കാലം പിന്നെയും മുന്നോട്ടൊഴുകി..
രണ്ട് പേരും രണ്ട് വഴിക്ക്..

കൊച്ചുമാത്തന്‍ ഇപ്പോള്‍ ഒരു മുന്തിയ ഹോട്ടലില്‍ സപ്ലൈറായി വര്‍ക്ക് ചെയ്യുന്നു..
മാനേജര്‍ അവനെ വിളിച്ചു..
റൂം നമ്പര്‍ നാലില്‍ പുതിയ ഗസ്റ്റ് വന്നിട്ടുണ്ട്.. കുറച്ച് ദിവസം ഉണ്ടാകും..അവരെ
പരിപാലിക്കേണ്ട ഡ്യൂട്ടി നിനക്കാണ്..

അവന്‍ ചായയുമായി റൂം നാലില്‍ ചെന്നു...
-ലില്ലിക്കുട്ടി .. കൂടെ അവളുടെ ഭര്‍ത്താവ്.. മധുവിധുകാലം..

കൊച്ചുമാത്തന്‍ പരിഭ്രമം പുറത്ത് കാണിച്ചില്ല.. സര്‍ ചായ..

ലില്ലിക്കുട്ടിയുടെ ഭര്‍ത്താവ് തന്റെ കേമത്തം കാണിക്കാന്‍ സകല അടവുകളും പുറത്തെടുത്തു..
ഏയ് ബോയ്.. അത് ചെയ്യ്.. ഇത് ചെയ്യ്... ഷൂ പൊളിഷ് ചെയ്യ്..
അവരവിടെ ഉള്ള ദിവസങ്ങളില്‍ മാത്തന് പിടിപ്പത് പണിയായിരുന്നു..

ഒടുക്കമവര്‍ ഹോട്ടലില്‍ നിന്ന് മടങ്ങുന്ന ദിനമെത്തി
..
ഭര്‍ത്താവ് കാണാതെ ലില്ലിക്കുട്ടി ഒരു സാധനം അവന്റെ കയ്യില്‍ കൊടുത്തു..
അവര്‍ കാറില്‍ കയറിപ്പോയി..

കൊച്ചുമാത്തന്‍ തന്റെ കൈ തുറന്നു..
ഒരു കുഞ്ഞു പറക്കല്ല്..

NB:ഉള്ളിലെരിച്ചില്‍ പടക്കുന്ന രചനകളെ ഞാന്‍ ക്ലാസിക് എന്ന് വിളിക്കും.. അത് മലയാളി എഴുതിയാലും..
(ഇംഗ്ലീഷുകാര്‍ എഴുതിയാലേ ചിലര്‍ക്ക് ക്ലാസിക്കാകൂ..)