കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, November 29, 2011

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...

ഹോ.. രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല...എന്തോ .. ഉറങ്ങാന്‍ കഴിയുന്നില്ല..
മനസ്സില്‍ നിറയെ ചിന്തയുടെ പൂത്തിരി കത്തുകയാണ്..
(എങ്ങനെയുണ്ട് പ്രയോഗം..
പോരേ.....
എന്നാല്‍ ചിന്തയുടെ പടക്കം പൊട്ടുകയാണ് എന്നാക്കിയാലോ..
എന്തായാലും പടക്കവും പൂത്തിരിയും വിട്ടിട്ടുള്ള കളിയൊന്നുമില്ല)

ചിന്ത ഇതാണ്.....
എന്താ ഈ മതേതരത്വം എന്നൊക്കെ പറഞ്ഞാല്‍..

സത്യത്തില്‍ അതൊരു മതമാണോ..
ഞാന്‍ മതേതരത്വവാദിയാകണേല്‍ എന്താ ചെയ്യേണ്ടത്..
മതേതരത്വം ജയിക്കട്ടെ എന്ന് ചുമ്മാ പറഞ്ഞാല്‍ മതിയോ..

മതേതരത്വം ജയിക്കട്ടെ മീന്‍സ്......
മതമല്ലാത്തതൊക്കെ ജയിക്കട്ടെ എന്നാണോ..
അല്ലേല്‍ എല്ലാ മതങ്ങളും ജയിക്കട്ടെ എന്നാണോ..

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...
അല്ല .. മതേതരത്വം എന്ന മതത്തിന് ദൈവമുണ്ടോ..

പ്രിയപ്പെട്ട ബൂലോക വായനക്കാരേ
നിങ്ങളും എന്റെയീ ആശയക്കുഴപ്പത്തില്‍ പങ്കാളികളാവൂ..

ചോദ്യം ഇതാണ്...
* എന്താണ് മതേതരത്വം?
* ആരൊക്കെയാണ് മതേതരികള്‍..?
-----------------------------------------------
ബെര്‍ളിയച്ചായന്‍ മുമ്പൊരിക്കല്‍ പറഞ്ഞത്...
സെക്യുലരിസം സില്‍സില പോലെ എന്തോ ഒന്നായിപ്പോയി..
ആ വാക്ക് കൊണ്ട ഉദ്ദേശിക്കുന്നതല്ല പലരും അര്‍ഥമാക്കുന്നത്..
ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും വിശ്വാസ സംഹിതകള്‍ക്കുമനുസരിച്ച് സെക്യുലരിസം എന്ന വാക്കിനെ പുനര്‍ നിര്‍വചിക്കുന്നു..
ആരാണ് യഥാര്‍ഥ സെക്യുലരിസ്റ്റ് എന്ന ആശയക്കുഴപ്പത്തില്‍ നിന്ന് പുതിയൊരു സെക്യുലരിസം ഉണ്ടായെന്നും വരാം..

NB:
ഒരു സന്തോഷ വാര്‍ത്ത..
ഞാന്‍ ഡൈലി എക്‌സര്‍സൈസ് തുടങ്ങി..
ശരീരം ഒന്ന് പുഷ്ടിപ്പെടുത്തിയിട്ട് വേണം അണ്ണന്‍മാരോട് രണ്ട് ചോദിക്കാന്‍..

35 ലക്ഷം വെള്ളത്തിനടിയില്‍ പെട്ട് ചക്രശ്വാസം വലിച്ചാലും തനിക്കൊന്നും നോവില്ല..
ജസ്റ്റ് റിമംബര്‍ ദാറ്റ്..

Wednesday, November 23, 2011

ടാ.. കളറ് സംഗത്യായിട്ടാ..

ഫ്രണ്ട്‌സ് എങ്ങനെയായിരിക്കണം എന്നതിനെ പറ്റി എല്ലാവര്‍ക്കും ഗമണ്ടന്‍ കാഴ്ച്ചപ്പാടുകളുണ്ട്..ഫ്രണ്ടസ് സിനിമ കണ്ട് സകലരും പറഞ്ഞു..
ദേണ്ടേ.. യെവന്‍മാരാടേ ഫ്രണ്ട്‌സ്..

നിറം, ദോസ്ത്, ത്രീഇഡിയറ്റ്‌സ്.... അങ്ങിനെയങ്ങിനെ..
പലപല സിനിമകളിലായി ആത്മാര്‍ഥതയുള്ള ഒട്ടേറെ സുഹൃദ് ബന്ധങ്ങള്‍ നാം കണ്ടു... കയ്യടിച്ചു...


വാല്‍സല്യം പടം കണ്ട് ഓള്‍ മലയാളീസും നയരേഖയിറക്കി..
പാവം മമ്മുട്ടി..
ആകുന്നേല്‍ അങ്ങനെത്തന്നെ ആകണം..
ഉള്ളില്‍ പക്ഷേ എല്ലാവരും സിദ്ദീഖിനെ ആവാഹിച്ചു..
കെറുവും മുഷ്‌കുമായി ജീവിച്ചു..

ഒരു പാട്ടുണ്ടല്ലോ..
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും..
കരയുമ്പോള്‍ കൂടെ കരയാന്‍ ഇന്നിഴല്‍ മാത്രം വരും..

മൗലികമായ വിയോജിപ്പുണ്ടെനിക്കീ വരികളോട്..

കരയുമ്പോള്‍ കൂടെ കരയാനും, സഹതപിക്കാനും ,സമാശ്വാസം നല്‍കാനും, സാന്ത്വനിപ്പിക്കാനും ചിലപ്പോള്‍ പലരും വരും ...

അവര്‍ തോളില്‍ തട്ടി പറയും.. സാരമില്ലെടാ എല്ലാം വിധി..

അവരത് പറയും നേരം അവരുടെ അന്തരംഗങ്ങളില്‍ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തുന്നുണ്ടാകും..

യഥാര്‍ഥ ഫ്രണ്ട്‌സ് നിങ്ങളുടെ സന്തോഷങ്ങളില്‍ കൂട്ടിനുണ്ടാകും ആഹ്ലാദങ്ങളില്‍ ഒപ്പം ചേരും ..
ഫോണ്‍ ചെയ്ത് അഭിനന്ദിക്കും..
ടാ.. കളറ് സംഗത്യായിട്ടാ..
നിങ്ങളുടെ ശോഭനസുന്ദരമായ ഭാവിക്കവര്‍ മുതല്‍കൂട്ടേകും ...
ഉജ്വലമായ ഫീഡ്ബാക്ക്..

കരയാനും സഹതപിക്കാനും കൂടെ നിന്ന എല്ലാവരും നിങ്ങളെ അഭിനന്ദിക്കാനെത്തിയെന്ന് വരില്ല..

NB:
പൗലോ കൊയ്‌ലോ , സഹീര്‍ എന്ന നോവലില്‍ സമാന ആശയം പങ്ക് വെക്കുന്നുണ്ട്..
നോവലിലെ ആ ഭാഗം മാത്രമേ എനിക്കിഷ്ടപ്പെട്ടുള്ളൂ..

Thursday, November 17, 2011

ആരെയും കൂസാതെ കാലം പാഞ്ഞ് പാഞ്ഞ് പോയി

കുഞ്ഞ്‌നാളില്‍ വീടിന്റെ തൂണിനോട് ചേര്‍ന്ന് നടക്കാന്‍ തുനിഞ്ഞതാണ്..


ഉപ്പ വിലക്കി..
ടാ.. വീഴും..
ഈ ഉപ്പാക്കെന്താ..

ബാബുവും രമ്യേച്ചിയും സനലുമെല്ലാം പുറത്ത് നല്ല കളിയിലാണ്..
കൂടെ കൂടിയാലോ...
ഉമ്മ കണ്ണുരുട്ടി.. ഞാന്‍ ഉള്ളിലേക്ക് തന്നെ വലിഞ്ഞു..
ഈ ഉമ്മാക്കെന്താ..

ഇന്നലെ സകല ബന്ധുമിത്രാദി കൂഷ്മാണ്ഡങ്ങളും വീട്ടിലുണ്ടായിരുന്നു.. ഹോം വര്‍ക്ക് ചെയ്യാനൊത്തില്ല..
ടീച്ചര്‍ കലിതുള്ളി..
ഈ ടീച്ചര്‍ക്കിതെന്താ..

അങ്ങോട്ടോടരുത്.. ചാടരുത്..
അവിടെ നില്‍ക്കരുത്.. ഇരിക്കരുത്.. കിടക്കരുത്..
ചെയ്യരുത്. പറയരുത്..
ഈ മുതിര്‍ന്നവര്‍ക്കിതെന്താ..

------------------------------------------
ആരെയും കൂസാതെ കാലം പാഞ്ഞ് പാഞ്ഞ് പോയി
------------------------------------------

പെങ്ങളുടെ കൂട്ടി അനു(ആസിം അനാന്‍)പുറത്തേക്കോടാനുള്ള ഭാവത്തിലാണ് .....

അറിയാതെ വായില്‍ നിന്ന് വന്നു..
ടാ വീഴും...

(ഈ മാമനിതെന്താ.. അവന്‍ ഉള്ളില്‍ ചോദിക്കുന്നുണ്ടാകുമോ..?)

Saturday, November 12, 2011

അന്നേരം അവന്റെ കണ്ണില്‍ എത്രായിരം പെരുന്നാളാണ് പൂവിട്ടത്.

പെരുന്നാള്‍ തലേന്ന്...
മന്‍സൂര്‍ക്കയുടെ ചെരുപ്പ് കടയില്‍ ഇരുന്ന് സൊറ പറയുകയാണ്..

അന്നേരം ചെരുപ്പ് വാങ്ങാന്‍ ഒരു കുട്ടി വന്നു..

നൂറ് രൂപേടെ ചെരുപ്പുണ്ടോ...?
(നൂറ് രൂപക്ക് ഇക്കാലത്ത് എന്ത് ചെരുപ്പ് കിട്ടാനാണ്..)

മന്‍സൂര്‍ക്ക പുഞ്ചിരിച്ചു...
മോന്‍ക്ക് എങ്ങനത്തെ ചെരുപ്പാ വേണ്ടത്...കെട്ടുന്നത് മതിയോ....

നൂറ് രൂപക്ക് കിട്ട്വോ...?

നമുക്ക് നോക്ക്വാലോ.... മോന്റെ പേരെന്താ...

സുഹൈല്‍...

ഉപ്പാക്കെന്താ പണി..?

ഇപ്പൊ അങ്ങനെ പണിയൊന്നുല്യ..

മന്‍സൂര്‍ക്ക നല്ലൊരു ചെരിപ്പെടുത്ത് കൊടുത്തു...
മോനിതെടുത്തോ... എന്റെ പെരുന്നാള്‍ സമ്മാനം..
അന്നേരം അവന്റെ കണ്ണില്‍ എത്രായിരം പെരുന്നാളാണ് പൂവിട്ടത്...
(മന്‍സൂര്‍ക്ക വലിയ ധനികനൊന്നുമല്ല, ലക്ഷങ്ങള്‍ കടബാധ്യതയുള്ള ഒരു സാധാരണക്കാരന്‍)

അവന്‍ പോയപ്പോള്‍ മന്‍സൂര്‍ക്ക പറഞ്ഞു..

ഒരു പെരുന്നാള്‍ തലേന്ന് ഡ്രസ്സെടുക്കാന്‍ കാശില്ലാതെ പലരോടും കടം ചോദിച്ചലഞ്ഞ ഒരു പെരുന്നാളോര്‍മ്മ ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട് മഖ്ബൂ..
ഉപ്പ ഗള്‍ഫില്‍ ജോലിയില്ലാതെ വലയുന്ന കാലം..
ആരും കാശ് തന്നില്ല..
പുത്തനുടുപ്പിട്ട് കൂട്ടുകാര്‍ ഉല്ലസിക്കും നേരം തല പെരുത്ത് .. നെഞ്ച് കലങ്ങി..
കണ്ണീരുപ്പ് കലര്‍ന്ന എന്റെ ആ പെരുന്നാള്‍....


NB:
ഈ ചെറിയ ജീവിതത്തില്‍ ഒട്ടേറെ പേരെ കണ്ടു..
പരിചയിച്ചു..
പലര്‍ക്കും പല രൂപം ..പല രീതി.. പല ഭാവം..
ചിലരെന്നെ അല്‍ഭുതപ്പെടുത്തും..

അവരെപ്പോലെ ആയിക്കൂടെ നിനക്കെന്ന് ഉള്ളോതും..

ആകണം .. അവരെപ്പോലെ തന്നെ ആകണം..
എന്നിട്ട് നന്‍മയുടെ വസന്തം പടക്കണം..
നേരിന്റെ നിലാവൊരുക്കണം...

Saturday, November 5, 2011

എന്റെ വൊഡാഫോണ്‍ മുത്തപ്പാ... എന്നാലും എന്നോടീ ചതി...

ഹൊ ..മടുത്തു മോനേ ,മടുത്തു..


മൊത്തത്തില്‍ ടയേഡാടാ..
ഈയിടെ ഒന്നും ശരിയാവുന്നില്ല..
ആകെയൊരു കല്ലുകടി..
ഇതെന്താടാ ഇങ്ങനെ..
ഇവന്‍മാരൊന്നും ഒരു കാലത്തും ഗൂണം പിടിക്കില്ല..
ഒന്ന് ചിരിച്ചാലെന്താ..
മസിലും പിടിച്ച് മുഖം വീര്‍പ്പിച്ചങ്ങനെ ഇരിക്കും..
ഒരുമാതിരി വാട്ടര്‍ബലൂണില്‍ വെള്ളം നിറച്ചപോലെ...
കൂഷമാണ്ഡങ്ങള്‍..

ഒന്നും പറയണ്ട..
എന്റെ അമ്മായിയമ്മ ഒരു രാക്ഷസി തന്നെയാ മോനേ..
ഞാനെന്താ ഗര്‍ദഭമോ(മീന്‍സ് കഴുത)..
ഇങ്ങനെ എല്ല് മുറിയെ പണിയെടുക്കാന്‍..
അമ്മായിത്തള്ളയെ തനിച്ച് കിട്ടിയാലുണ്ടല്ലോ..
പൊറാട്ടക്ക് മാവ് കുഴക്കും പോലെ അസ്‌ക്കാ പിസ്‌ക്കാ..

മഖ്ബു .. അവള് പോയെടാ..
ഹെന്നെ പറ്റിച്ചു..
ഈ പെണ്‍പിള്ളേരെയൊന്നും വിശ്വസിക്കാന്‍ കൊള്ളുകേലാ..
ബഡ്ക്കൂസുകള്‍...
വിഫലമായിപ്പോയ എന്റെ എത്രയെത്ര മഞ്ചുകള്‍...
എത്രയെത്ര റീചാര്‍ജ് കൂപ്പണുകള്‍...
എന്റെ വൊഡാഫോണ്‍ മുത്തപ്പാ...
എന്നാലും എന്നോടീ ചതി...
പത്തില്‍തോറ്റപ്പോള്‍ പോലും ദിങ്ങനെ നിരാശിച്ചിട്ടില്ലെടാ...

പെണ്ണ് കെട്ടിപ്പോയതാ മോനേ ജീവിതത്തില്‍ ഞാന്‍ ചെയ്ത
ഏറ്റവും വലിയ തെറ്റ്..
ഒരു സൊഖണ്ടാ .. പൊറുതി..
സദാ നേരം കുനിഷ്ട് തന്നെ..
യെവളുടെ വായില്‍ ചീരാമുളക് തിരുകാന്‍ തോന്നും..
രണ്ടായിരത്തഞ്ഞൂറാ മോനേ അവളെടുത്ത ചുരിദാറിന്..

NB:
ലിതെല്ലാം എന്റെ ഫ്രണ്ട്‌സിന്റെയും ഇക്കമാരുടെയും ചേച്ചിമാരുടേയും പായാരങ്ങളാണേ..
ഞാന്‍ നോ കമന്റ്....

എല്ലാവര്‍ക്കും എന്റെ ഉള്ളറിഞ്ഞ പെരുന്നാള്‍ ആഹ്ലാദങ്ങള്‍

Thursday, November 3, 2011

ദേ. അറിയേണ്ടിയിരുന്നതൊക്കെയും പിന്നെയും ശേഷിക്കുന്നു...

O,Si,Al,Fe,Ca,Na,K,Mg

സമ്മതിച്ചു..
എട്ട് മൂലകങ്ങള്‍ ചേര്‍ന്ന്
ഭൂമിക്ക് പുറന്തോടുണ്ടായെന്ന് ..

അക്ഷാംശ രേഖയും
ദ്രുവാംശ രേഖയുമൊക്കെ
ചേര്‍ത്താണ് ഭൂപടം പടച്ചതെന്ന്..

രക്തമെന്നാല്‍
പ്ലാസ്മയും അണുക്കളും ചേര്‍ന്ന
ചുവന്ന ദ്രാവകമാണെന്ന്..

നീരാവി , പൊടിപടലം
വിവിധ വാതകങ്ങള്‍
എല്ലാം ചേര്‍ന്നാല്‍
അന്തരീക്ഷമായെന്ന്..

എല്ലാം സമ്മതിച്ചു

എന്നിട്ടും സുഹൃത്തെ
അറിയാനായ്, അന്വേഷിക്കാനായ്
പിന്നെയും ചിലത്
ശേഷിക്കുന്നില്ലേ...

കണക്കില്‍പെടാത്തവന്റെ
ഗണിതശാസ്ത്രം
ഗതിമുട്ടിയവന്റെ
ജീവശാസ്ത്രം..
ഇടം നഷ്ടപ്പെട്ടവന്റെ
ഭൂമിശാസ്ത്രം..


എവിടെ നിന്ന്
ആര്‍ജിച്ചെടുക്കും ഇതെല്ലാം
ഏത് അധ്യാപകനില്‍ നിന്ന്
ഏത് കലാലയത്തില്‍ നിന്ന്..

ഒത്തിരി പഠിച്ചിട്ടും
അറിഞ്ഞിട്ടും..അനുഭവിച്ചിട്ടും
ദേ.. അറിയേണ്ടിയിരുന്നതൊക്കെയും പിന്നെയും ശേഷിക്കുന്നു...


(ഈ കണ്ണാടി ലോകത്ത് ചങ്ങാതിയുടെ പ്രസക്തി എന്ന മാഗസിനില്‍ ഞാനെഴുതിയ എഡിറ്റോറിയല്‍)
സന്തോഷം:
നല്ല പേരന്റ്‌സ്, നല്ല സഹോദരങ്ങള്‍, നല്ല ഫ്രണ്ട്‌സ്.....
എല്ലാം ജീവിതത്തില്‍ കിട്ടുന്ന വലിയ അനുഗ്രഹങ്ങളാണ്..
വീടിനകത്തും പുറത്തും നമ്മുടെ നന്‍മ മാത്രം ആഗ്രഹിക്കുന്നവരെ കിട്ടുക എന്നതില്‍ പരം ഭാഗ്യം മറ്റെന്താണ്..

ഞാന്‍ സ്‌ക്രിപ്റ്റ് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത മിസ്റ്റേക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിം സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു..

കോപ്പി അയച്ചുകൊടുത്തതും മറ്റുമെല്ലാം ചെയ്തതൊന്നും ഞാനായിരുന്നില്ല..
ഷഫീഖും ടീമുമായിരുന്നു...
.....................................................................................

Tuesday, November 1, 2011

വീടിന്റെ മേല്‍ക്കൂരയായിരുന്നു അന്നെന്റെ ആകാശം..


കുഞ്ഞ് നാളില്‍.രാത്രി നേരങ്ങളില്‍ ഉമ്മ ചോറ് വാരിത്തരും..
കഴിക്കാന്‍ വിസമ്മതിച്ചാല്‍ അങ്ങാകാശത്തേക്ക്
കൈചൂണ്ടും..
മോനേ.. ആകാശം കണ്ടില്ലേ നീ..
അതില്‍...അമ്പിളിമാമനെ..
എണ്ണിക്കണക്കാക്കാനൊക്കാത്ത നക്ഷത്രങ്ങളെ...


ആകാശം കണ്ടില്ല..
പക്ഷെ അമ്പിളിമാമനെ കണ്‍നിറയെ കണ്ടു..
നക്ഷത്രങ്ങളേയും..

പകല്‍കാലങ്ങളിലും അന്ന് ആകാശം കാണാന്‍ കഴിഞ്ഞില്ല..
പണിത്തിരക്കിലാകും ഉമ്മ..
കതകടച്ച് റൂമില്‍ കളിപ്പാട്ടങ്ങളുമായി ഞാന്‍..
വീടിന്റെ മേല്‍ക്കൂരയായിരുന്നു അന്നെന്റെ ആകാശം..


പിന്നെന്നോ പഠിപ്പ് ജീവിതം തുടങ്ങി..
ഇരുളൊടുങ്ങും മുമ്പ് മദ്രസയിലെത്തും..
ശേഷം സ്‌കൂള്‍ ബസ് വരും..
ബാഗ്, കുട , വാട്ടര്‍ ബോട്ടില്‍.. എല്ലാം പേറി ഞാനങ്ങനെ.............

A മുതല്‍ z വരെ ,1 മുതല്‍ 100 വരെ , അലിഫ് മുതല്‍ യാഅ് വരെ......
അ ആ ഇ ഈ....
ഏക്, ദോ ,തീന്‍..
അറിവിന്റെ , അക്ഷരങ്ങളുടെ ഭാരവാഹിയായിത്തീര്‍ന്നു ഞാന്‍...

ആകാശം കാണാനൊക്കെ എവിടെയാ നേരം..

ഇനി വരുന്നത് ജീവിതത്തിന്റെ നട്ടുച്ചകളായിരിക്കുമോ..
ജീവിതത്തിന്റെ വേനലും വര്‍ഷവും..
ജോലി,വിവാഹം, പ്രാരാബ്ധം,
കുശുമ്പ്‌,ജാഡ,പാരവെപ്പ്,കുതികാല്‍വെട്ട്..
അന്യനെ പറ്റിക്കല്‍,കെറുവ്..

ആകാശം കാണാനൊക്കെ നേരം കിട്ടുമോ ആവോ...

അല്ല , പറ്റുമായിരിക്കും .. ഒരിക്കല്‍..
നരകേറി,ജീവിതത്തിന് ചുളിവ് വീഴും നേരത്ത്..
നിലക്കാത്ത ചുമ വാക്കുകളെ വിഴുങ്ങുന്നുണ്ടാകും..
അന്നേരം സിറ്റൗട്ടില്‍ ദൂരെ ആകാശവും നോക്കി കിടക്കാന്‍ പറ്റുമായിരിക്കും..
ജീവിതത്തിന്റെ കിഴക്കും പടിഞ്ഞാറും വിലയിരുത്തി..
പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..
അങ്ങനെയങ്ങനെ.........