കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, October 30, 2011

നീ കപ്പല്‍ കണ്ടിട്ടുണ്ടോ...കടല്‍ കണ്ടിട്ടുണ്ടോ..?


വാസ്‌കോഡ ഗാമ കപ്പലിറങ്ങി..
കൊളംബസ് അമേരിക്ക കണ്ട്പിടിച്ചു....
അങ്ങനെ നമ്മള്‍ ചൊല്ലിപ്പഠിച്ച ചരിത്രപാഠങ്ങള്‍ ഒത്തിരി ..
ഞാന്‍ ഫ്രണ്ട്‌സിനോട് ചോദിക്കാറുണ്ട്..
നമുക്കേറ്റവും വലിയ ചരിത്രം നമ്മുടെ ചരിത്രമല്ലേ..
എന്നിട്ടും എന്തിന് നമ്മള്‍ ഡയറി എഴുതാതിരിക്കണം..
വളരെ ചെറുപ്പത്തില്‍ തുടങ്ങിയ ഡയറിയെഴുത്ത് ജീവിതത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്..

അത്‌പോലെ വിവിധകാലങ്ങളില്‍ ഞാന്‍ പരിചയപ്പെടുന്നവരെക്കൊണ്ട് എന്റെ ഡയറിയില്‍ എഴുതിപ്പിക്കും..അവരുടെ ഉപദേശങ്ങളാരായും.. എന്നെ വിലയിരുത്താന്‍ പറയും....

എനിക്ക് വേണ്ടി ഷഫീഖ് കൊടിഞ്ഞിയെന്ന കൂട്ടുകാരന്‍ എഴുതിത്തന്ന വരികള്‍..

'മഖ്ബൂല്‍... നീ കപ്പല്‍ കണ്ടിട്ടുണ്ടോ...കടല്‍ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ കാണണം..കടലും കപ്പലും സ്വപ്‌നങ്ങളും...

കടലില്‍ കൊടുങ്കാറ്റ് വരുമ്പോള്‍ നിന്റെ ഹൃദയമെന്തിന് വിറകൊള്ളണം..
നീ തന്നെ കപ്പലും നീ തന്നെ കപ്പിത്താനും നീ തന്നെ കപ്പലോടേണ്ട കടലും ..നീ തന്നെ കപ്പല്‍ ചെന്നണയേണ്ട തീരവും..

മഖ്ബൂല്‍ നീ ആരെ കാത്ത് നില്‍ക്കുന്നു..
നീ തന്നെ യാത്രക്കാരന്‍ ..നീ തന്നെ വഴികാട്ടി..
നീ തന്നെ വഴി ..നീ തന്നെ ലക്ഷ്യ സ്ഥാനം..നിന്റെ ലക്ഷ്യം നിര്‍ണയിക്കാന്‍ നീ ശ്രമിക്കുക..

മഖ്ബൂല്‍.. നീ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ..
സ്വപനങ്ങള്‍ മെനയാറുണ്ടോ..
ഒരു സ്വപ്‌നമുണ്ടാവുക ..ആ സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിന്നായി കഠിനാദ്ധ്വാനം ചെയ്യുക.. എന്നിട്ട് ആ സ്വപനം നമ്മുടെ കണ്‍മുമ്പില്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നത് കണ്ട് കൊണ്ടിരിക്കുക..


നീ സൂക്ഷിക്കണം.. ഉഛിഷ്ടത്തില്‍ പറ്റിപ്പിടിച്ച ഉറുമ്പുകളെ..കോമ്പല്ലുകള്‍ പുറത്ത് കാട്ടി അവ അടക്കം പറയുന്നുണ്ട്..
പ്രലോഭനങ്ങളില്‍ വീഴാതെ കാല്‍വെപ്പുകള്‍ ശരിപ്പെടുത്തുക.. അത് നി്‌ന്നെ തുണച്ചേക്കും..

മഖ്ബൂല്‍ .. എത്ര കരുത്തുള്ള മനുഷ്യനായാലും ദഹിക്കാവുന്നതിലധികം വിശ്വാസങ്ങള്‍ വിഴുങ്ങരുത്..
ആത്മശക്തിയില്ലാത്ത ശക്തികള്‍ താല്‍ക്കാലികങ്ങളാണ്..

മഖ്ബൂല്‍ .. നീ നിന്റെ തൂലിക മുറുകെ പിടിക്കുക..
നിനക്ക് പലതും പറയാനുണ്ട് .. അവ എഴുതിത്തീര്‍ക്കുക..

പ്രാര്‍ത്ഥിക്കുക..മനസ്സില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ട്‌കൊണ്ടുള്ള വെറും ഉച്ചാരമല്ല...

നിന്റെ പാതയില്‍ ദൈവം നിന്നെ തുണക്കട്ടെ...

Friday, October 28, 2011

ഞാനൊന്നും കേട്ടില്ലേ രാമനാരായണ...

ചില പുസ്തകങ്ങള്‍ നമ്മെ വല്ലാതെ സ്വാധീനിക്കും ..ഇരുത്തി ചിന്തിപ്പിക്കും..
നമുക്ക് ധിഷണാപരമായ ഊക്കേകും..


ഗൂഗിളില്‍ പഞ്ചപാണ്ഡവന്‍മാരെക്കുറിച്ച കഥകളൊക്കെയും സെര്‍ച്ചുന്ന നേരത്ത് യാദൃശ്ചികമായാണ് പഞ്ചതന്ത്രകഥകളിലെത്തുന്നത്..

ഗൂഗിള്‍ പറഞ്ഞത്...
'മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്‍മാരായിരുന്ന മൂന്ന് പുത്രന്‍മാരെ ശാസ്ത്രങ്ങളില്‍ നിപുണരാക്കുകയെന്ന ലക്ഷ്യത്തോടെ വിഷ്ണുശര്‍മ്മയെന്ന ആള്‍ എഴുതിയതാണ് പഞ്ചതന്ത്രകഥകള്‍ ..

ആറ് മാസം കൊണ്ടവര്‍ സംഭവങ്ങളാകുകയും ചെയ്തു..'

ഇത് വായിച്ചയുടനെ ഞാന്‍ ലൈബ്രറിയിലേക്കോടി..
ഞാനും റാഷിദ്ക്കയും (ലൈബ്രേറിയന്‍)തിരച്ചിലോട് തിരച്ചില്‍.
ഒടുക്കം ഒരു കീറിപ്പറിഞ്ഞ പുസ്തകം കിട്ടി..
വായന തുടങ്ങി.. കൂട്ടുകാരൊക്കെ കളിയാക്കി..
ദേ മഖ്ബു വീണ്ടാമതും ഒന്നാം ക്ലാസില്‍ ചേര്‍ന്നേ..

വായന കഴിഞ്ഞപ്പോള്‍ ഞാനാകെ അല്‍ഭുതസ്തബ്ധനായി..
വല്ലാത്ത പുസ്തകം ..
എത്രയോ കാലങ്ങള്‍ക്ക് മുമ്പ് ജീവിച്ച വിഷ്ണുശര്‍മ്മ എന്നയാളെ പറ്റി വലിയ മതിപ്പ് ...സ്‌നേഹം .. ആരാധന....
ഒരു ജീനിയസിന് മാത്രം കഴിയുന്ന വര്‍ക്ക്..

അഞ്ച് ഭാഗങ്ങളായി ഈ പുസ്തകം തരം തിരിച്ചിരിക്കുന്നു..

1)മിത്രഭേദം-ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം... കരടകന്‍, ദമനകന്‍,സിംഹം, കാള
2)മിത്രസംപ്രാപ്തി-സ്‌നേഹം കിനിയുന്ന സുഹൃദ് ബന്ധത്തെ പറ്റി പറയുന്നു... മാന്‍,എലി, കാക്ക,ആമ
3)കാകോലുകീയം-പ്രകൃത്യാശത്രൂക്കളായവര്‍ മിത്രങ്ങളായാല്‍...കാക്ക,മൂങ്ങ
4)ലബ്ധപ്രണാശം-കയ്യില്‍ കിട്ടിയ വസ്തുക്കള്‍ നഷ്ടപ്പെടും വിധം..ചീങ്കണ്ണി, കുരങ്ങന്‍
5)അപരീക്ഷിതകാരികം-എല്ലാവശവും ചിന്തിക്കാതെ അഭിപ്രായം പറഞ്ഞാലുള്ള പ്രശ്‌നങ്ങള്‍..

ഇതിലെ കഥകളൊക്കെയും മുമ്പ് കേട്ടതായിരുന്നു...
എന്നാല്‍ ഇടക്കിടക്ക് വരുന്ന തത്വങ്ങള്‍.........സൊ ഗ്രൈറ്റ്..

ഫീഡ്ബാക്ക്:ഇതിലെ കഥകളൊക്കെയും ഗാനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍..

NB:രാവണന്റെ കോട്ടമതില്‍ ത്രികൂട പര്‍വ്വതമായിരുന്നു..,സമുദ്രമായിരുന്നു കിടങ്ങ്..,സേനാദ്ധ്യക്ഷനായി സാക്ഷാല്‍ കുബേരനായിരുന്നു..,രാജ്യതന്ത്രശാസ്ത്രം രചിച്ച് കൊടുത്തത്‌
ശുക്രമുനിയായിരുന്നു.., എന്നിട്ടും തോറ്റമ്പിപ്പോയി രാവണന്‍..
(പഞ്ചതന്ത്രകഥകള്‍)

അതെ , ആധിപത്യങ്ങള്‍ക്കൊക്കെയും ചരിത്രത്തില്‍ ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുണ്ട്.. അത് കഴിഞ്ഞാല്‍..
ഗദ്ദാഫിയൊക്കെ എങ്ങനത്തെ ആളായിരുന്നു...

തമാശ:
തസ്ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി..തുടങ്ങിയവര്‍ക്ക് വേണ്ടി ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പേരില്‍ പേനയുന്തിയ ഹമീദ് ചേന്ദമംഗല്ലൂര്‍ ഇപ്പോള്‍ കരച്ചിലോട് കരച്ചിലാണ്..(വീരപുത്രന്‍ വിവാദം)...സിനിമ പിന്‍വലിക്കണം പോലും.......

ഞാനൊന്നും കേട്ടില്ലേ രാമനാരായണ...

Friday, October 21, 2011

ദിപ്പോ എന്ത്... അതായിരുന്നു മക്കളേ കാലം..

ദിപ്പോ എന്ത്..?...


ഇതെന്തൂട്ട് കാലം..... ഞങ്ങടെ കാലായിരുന്നു കാലം..
മൊത്തത്തില്‍ സംഭവായിരുന്നു..

ഞങ്ങളൊക്കെ എത്ര കഷ്ട്പ്പെട്ടാണ് വളര്‍ന്നതെന്നറിയ്യോ...
അന്നൊക്കെ മഴ പെയ്യ്വായിരുന്നു.. ഇടി എന്നൊക്കെ പറയുന്ന ഗമണ്ടന്‍ സാധനം പൊട്ടും..
ഹൊ.. മിന്നെറിയും.. തണുത്ത് വിറച്ച് അങ്ങനെ ഇരിക്കും..
ഇപ്പോള്‍ത്തെ പിള്ളേര്‍ക്കെന്ത് ചൂടും തണുപ്പും...

നട്ടുച്ചകളിലൊന്നും അന്ന് പുറത്തിറങ്ങാന്‍ പറ്റുമായിരുന്നില്ല...
സൂര്യന്‍ എന്ന് പറയുന്ന ഒരു കുന്ത്രാണ്ടമുണ്ട്..
ഹത് തലക്ക് മോളിലങ്ങനെ കത്തിനില്‍ക്കും..
എന്നാ ചൂടാന്നറിയ്യോ...
നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്താ..

അതായിരുന്നു മക്കളേ കാലം..

സ്‌കൂളിലേക്കൊക്കെ പോകുന്ന കാര്യം പറയണ്ട ..
നല്ല ബുക്കില്ല.. ബാഗില്ല.. കുടയില്ല..നേരാംവണ്ണം (ഫാസ്റ്റ്) ഫുഡില്ല..
തലക്ക് മീതെയായിരുന്നു അന്ന് ആകാശം.. കീഴെ ഭൂമിയും.. ആകെ മൊത്തം ടോട്ടല്‍ കഷ്ടപ്പാടായിരുന്നു...
കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അങ്ങനെ നടക്കും..(നാഷണല്‍ ഹൈവേയിലൂടെ പോയാല്‍ പാണ്ടിലോറി ചാമ്പ്യാലോ)

അന്ന് കരന്റില്ല..
പാതിരാത്രി നേരത്തൊക്കെ വല്യ ഇരുട്ടായിരിക്കും..
ഇന്നത്തെപ്പോലെയല്ല.. അന്നൊന്നും ഇരുട്ടത്ത് കണ്ണ് കാണില്ല..

കൂരിരുട്ടത്ത് പുസ്തകം തുറന്ന് വെച്ചങ്ങിനെ വായിക്കും(ലെവന്‍മാര്‍ മൂങ്ങകളോ..?)

ഇന്ന് നിങ്ങള്‍ക്കൊക്കെ എന്ത് സുഖ്വാ...

ചുമ്മാ ബോറടിച്ചെന്നിരിക്ക്..
ടിവി ഓപ്പണ്‍ ചെയ്ത് നിയമസഭയിലെ ബാലോല്‍സവം കാണ്വാലോ..
അല്ലേല്‍ സിനിമ കാണാം...(മോഹന്‍ തോമസിന്റെ ഉഛിഷ്ടം..)

ഫേസ്ബുക്ക് തുറക്കാം.. പായാരവും പരദൂഷണവും പറയാം(-മോളൂട്ടി, നിന്റെ സ്‌മൈല്‍ സൊ ക്യൂട്ട്-
-സ്റ്റാറാണത്രേ, കൂംമ്പയും വെച്ച് അഭിനയിക്കുന്നത് കണ്ടില്ലേ-)

ചെക്കോസ്ലാവാക്യയിലെ കൊടുങ്കാറ്റിനെ പറ്റി സൈദ്ധാന്തികമായി ചര്‍ച്ചിക്കാം..

വാര്‍ത്താചാനല്‍ തുറന്നിരിക്കാം..
(ഖദ്ദാഫി കൊല്ലപ്പെട്ടതിനെ പറ്റി നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്....
--തീര്‍ച്ചയായും അതൊരു കൊല തന്നെയായിരുന്നു..ഉണ്ടയുള്ള തോക്ക് കൊണ്ട് വെടിവെച്ചത് കൊണ്ട് മാത്രമാണ് അയാള്‍ മരണപ്പെട്ടത്..അല്ലേല്‍ നെവര്‍.. ഒരിക്കലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല)

ഇതൊന്നുമല്ലെങ്കില്‍ ബ്ലോഗെഴുതാം..
തനിക്കെതിര് പറയുന്നവരെ ഫാഷിസ്റ്റുകളാക്കാം..
താന്‍ പറയുന്ന വാദത്തിന് കൊമ്പ്
മൂന്നെന്ന് മുഷ്‌ക്ക് പറയാം...

പണ്ട് ഇമ്മാതിരി കുണ്ടാമണ്ടീസൊന്നും ഉണ്ടായിരുന്നില്ല..
അതോണ്ടാ ഞങ്ങളൊക്കെ ഈ നിലയിലെത്തിയത്..

ദിപ്പോ എന്ത്... അതായിരുന്നു മക്കളേ കാലം..

-ശൈഖ് മഖ്ബൂല്‍ വല്യുപ്പ

Tuesday, October 11, 2011

ഈ കുട്ട്യോള്‍ക്കിതെന്ത് പറ്റി..?

എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ സമീപകാല ചെയ്തികളെ പറ്റി ചിലത് പറയാതെ വയ്യ.റാംഗിങ്ങിനെതിരെ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥി കേസ് കൊടുത്തത് മുതലാണ് അവനോടുള്ള sfi പകക്ക് കാരണം എന്നറിയുന്നു....

അതെന്തോ ആകട്ടെ..
സത്യത്തില്‍ sfi ക്കിപ്പോള്‍ എന്താണ് വേണ്ടത്...
നിയമനം നിയമവിരുദ്ധമാണെങ്കില്‍ അതിനെതിരെ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്....

പോലീസ് വെടിവെച്ചതാണിപ്പോള്‍ പ്രശ്‌നം...
അവരും മനുഷ്യരല്ലേ...

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ട്‌പോകാന്‍ സമ്മതിക്കാതെ തടഞ്ഞ് വെച്ചതിനെ എന്ത് പറഞ്ഞ് ന്യായീകരിക്കും....

എന്തിനാണിവര്‍ കണ്ട വീടുകളിലേക്ക് കല്ലെറിയുന്നത്...
അസഭ്യങ്ങള്‍ പുലമ്പുന്നത്..

കാണുന്ന കാറും ജീപ്പും എറിഞ്ഞുടക്കുന്നത്..

ആരാണീ തോന്നിവാസങ്ങള്‍ കാട്ടിക്കൂട്ടാന്‍ ഇവര്‍ക്ക് അധികാരം നല്‍കിയത്...

തീപ്പെട്ടിയെടുക്കെടാ.. വണ്ടി കത്തിക്കെടാ.. തുടങ്ങിയ വിദ്യാര്‍ഥി ആക്രോശങ്ങള്‍ ഉള്ള് നടുക്കി...

നമ്മുടെ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോള്‍ എന്താണ് പഠിക്കുന്നത്..

അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നതിനുള്ള കഴിവിനെ സാക്ഷരത എന്ന് പറയും ..
ഇതേ അക്ഷരങ്ങള്‍ കൂട്ടിയല്ലേ തെറിയുരുവിടുന്നത്...
അവര്‍ സാക്ഷരരാണെന്ന് പറയാനൊക്കുമോ...

സാമ്രാജ്യത്വത്തിന്നെതിരെ ഇതേ വിദ്യാര്‍ഥികളുടെ വാഗ്വിലാസങ്ങള്‍ കേള്‍ക്കാറുണ്ട്..
സത്യത്തില്‍ എന്താണ് സാമ്രാജ്യത്വം ...?
ഇതൊക്കെ എന്റെ സാമ്രാജ്യമാണെന്നും അത്‌കൊണ്ട് എനിക്ക് തോന്നിയതൊക്കെ ചെയ്യാമെന്നുമുള്ള ഉള്‍ബോധമല്ലേ അത്..
അതേറ്റവും കൂടുതലുള്ള വിദ്യാര്‍ഥിസംഘടന sfi ആണെന്നാണ് എന്റെ അനുഭവം...(sfi ക്ക് മുന്‍തൂക്കമുള്ള ക്യാമ്പസില്‍ ജീവിച്ചാല്‍ നിങ്ങളും അത് സമ്മതിക്കും..)

NB: ബസ് കത്തിക്കാന്‍ പ്രേരിപ്പിച്ചു എന്നും പറഞ്ഞ് സൂഫിയാ മഅ്ദനിയെന്ന സ്ത്രീയെ ക്രൂശിച്ച് നാടാണിത്...
ഈ സമര കോലാഹലങ്ങളിലും ഹര്‍ത്താലുകളിലും എത്രയെത്ര വാഹനങ്ങളാണ് അഗ്നിക്കിരയാക്കപ്പെടുന്നത്.....
ഇതെന്താ തീവ്രവാദമല്ലേ...

അപ്പോള്‍ കത്തിക്കല്‍ എന്ന പ്രവൃത്തിയല്ലെ തീവ്രവാദം..?


നിര്‍ദേശം:
കാഞ്ഞങ്ങാട്ട് സി പി എം- ലീഗ് സംഘര്‍ഷം...15 വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.. 35 വീടുകള്‍ക്ക് നാശനഷ്ടം വരുത്തി..50 കടകള്‍ പൊളിച്ചടുക്കി..
-----------------------------------------------
ഇത്തരം അതിക്രമങ്ങള്‍ മൂലം ഖജനാവിനും വ്യക്തികള്‍ക്കും ഉണ്ടാവുന്ന നഷ്ടങ്ങള്‍ ഇതേ പാര്‍ട്ടികളില്‍ നിന്ന് തന്നെ ഈടാക്കാത്തതെന്ത്..?

Wednesday, October 5, 2011

പച്ച നിക്കറിട്ട പയ്യനെ കണ്ട്കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടതാണ്‌

(എന്നെ കാണാതായ കഥ തുടര്‍ച്ച)ഹങ്ങനെ .. സകലരും എന്നെ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്......
ഹൊ.. എന്റെ ഒരു വെയ്‌റ്റേ..
തെരയട്ടെ കൂഷ്മാണ്ടങ്ങള്‍..
ഇപ്പെഴെങ്കിലും എന്റെ വില മനസ്സിലായല്ലോ..
കണ്ണില്ലാത്തപ്പോഴാ ശരിക്കും കണ്ണിന്റെ വില മനസ്സിലാവ്വാ..

ആളുകള്‍ കൂടുന്നതും തെരയാന്‍ പോകുന്നതും ബന്ധുക്കള്‍ കണ്ണീരൊഴുക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട്.
എല്ലാം കാണാന്‍ ഇവനാര് ദൈവ്വോ എന്നൊന്നും ചോദിക്കല്ലേ..
എല്ലാം കാണാന്‍ പാകത്തില്‍ വീടിനടുത്തുണ്ടായിരുന്ന കോഴിക്കൂടിന് പിറകിലാണേ ഞാന്‍ ഒളിച്ചിരിക്കുന്നത്.
(ഓന്തോടിയാല്‍ എത്ര ഓടും)
ഉമ്മ തല്ലുമോ എന്ന ഭയം കൊണ്ട് വീട്ടില്‍ കയറാനും വയ്യ.

ഉമ്മയെ അയല്‍വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ട്.
അവന്‍ പോണെങ്കില്‍ പോട്ടെടീ..
അത്രത്തോളും നിനക്കും ഞങ്ങള്‍ക്കും ആശ്വാസം....ഡോണ്ട് വറി ബീ ഹാപ്പി..

അപ്പോഴുണ്ട് ജബ്ബാര്‍കുഞ്ഞിപ്പ വലിയൊരു വലയുമായി വരുന്നു..
രക്ഷയില്ല ഇക്കാ ..നമ്മുടെ നാട്ടിലെ സകല കിണറാദി കുളങ്ങളും വലയിട്ട് നോക്കി..
എവിടെ ....
അല്ലെങ്കിലും വലയില്‍ കുരുങ്ങുന്ന ടൈപ്പല്ലല്ലോ അവന്‍

അസീസ് കുഞ്ഞിപ്പയതാ തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ചടിച്ച് നോക്കുന്നു..
തേങ്ങാക്കുലകള്‍ക്കിടയില്‍ എന്നെ തിരയുകയാണ്..

ഇബ്രാഹീം കുഞ്ഞിപ്പ സൗദിയിലുള്ള ബാപ്പുമാമന് വിളിച്ചു..
അതേയ്..ഏകദേശം അഞ്ചാറ് കൊല്ലം മുമ്പ് റിലീസായ ആ ബഡ്ക്കൂസിനെ കുറച്ച് നേരമായി കാണുന്നില്ല.വൈകുന്നേരത്തെ ഫ്‌ളൈറ്റിന് ലെവനെങ്ങാനും അവിടെ എത്തിയോ...

വീടിന് തൊട്ടപ്പുറത്തൊരു പൊട്ടക്കിണറുണ്ട്...സര്‍വ്വ ഘടാഘടിയന്‍മാരും വേസ്റ്റ് തട്ടാന്‍ ഉപയോഗിക്കുന്ന ഒന്ന്.. ചിലവന്‍മാര്‍ എന്നെ അവിടെ സെര്‍ച്ച് ചെയ്യുന്നു..

മൊത്തത്തില്‍ എനിക്കൊരു ഒളിച്ച് കളിയുടെ രസമാണ് ഫീല്‍ ചെയ്യുന്നത്...

എല്ലാവരും എനിക്കും വേണ്ടി പരക്കം പായുന്നു..ഹ ഹ

പെട്ടെന്ന് എന്റെ കയ്യിലാരോ പിടിച്ച പോലെ..
ഹായ് കുട്ടാ ഹാപ്പിയല്ലേടാ...
ഞാന്‍ തിരിഞ്ഞ് നോക്കി.....മയമാക്കയാണ്...
മയമാക്കാക്ക് ഹാപ്പിയല്ലേ..

കോഴിക്കൂടിന് പിന്നില്‍നിന്നങ്ങനെ മയമാക്കാ പോലീസ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി,വീടിന് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചു...
എല്ലാവരും അല്‍ഭുതാരവങ്ങെളോടെ എന്നെ തുറിച്ച് നോക്കുന്നു..
അയ്യോ ഇങ്ങനെ നോക്കല്ലേ... കണ്ണേറ് കൊണ്ട് ഞാന്‍ ശത്ത് പോകും..

വിശ്വസിച്ചാലും ഇല്ലെങ്കിലും:പിറ്റേ ദിവസത്തെ പത്രത്തിലെ മാസ്റ്റര്‍ ഹെഡ് എന്നെപ്പറ്റിയായിരുന്നു..

കുറിപ്പ്:സ്‌കൂളിലെ ഹെഡ് മോളുടീച്ചര്‍ എന്നെ വിളിപ്പിച്ചു..കാര്യങ്ങളന്യേഷിച്ചു.. എന്തിനാ നീ ഓടിയത്...
ബാബു പറഞ്ഞിട്ടാ..
(അവനെന്റെ സീനിയറായിരുന്നു)..

ടീച്ചര്‍ അവനെ വിളിച്ച് നാല് പെട.. ചെറിയ പിള്ളേരെ വഴിതെറ്റിക്കോടാ.....
(ഹാവു.. എന്നെക്കൊണ്ടങ്ങിനെ ഒരാള്‍ക്കെങ്കിലും ഗുണമുണ്ടായല്ലോ... ജീവിതം സാഫല്യം)

NB:ഒളിച്ചത് കോഴിക്കൂടിന് പിറകിലാണെങ്കിലും നാട്ടില്‍ പരന്നത് കോഴിക്കൂടിന് ഉള്ളില്‍ എന്നായിരുന്നു..
അയ്യേ.. ഈ കോഴിക്കൂട് എന്നാല്‍ അവറ്റകളുടെ കക്കൂസല്ലേ...

Sunday, October 2, 2011

ഈ ശൈത്താന്‍ ഇതെവിടെപ്പോയി..? എന്നെ കാണാതായ കഥ

കുറച്ച് കാലം മുമ്പ് ..


എന്ന് വെച്ചാല്‍ പണ്ട് ..
പണ്ട് എന്ന് വെച്ചാല്‍ പ്ലാറ്റോ , സോക്രട്ടീസ് കാലമൊന്നുമല്ല കേട്ടോ..
ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം..

അക്കാലത്ത് നടന്ന ഒരു കഥയാണ് പറയാന്‍ പോകുന്നത്..
കഥ എന്നൊക്കെ പറയുമ്പോള്‍ കെട്ട്കഥ എന്നൊന്നും ധരിക്കരുത്..
ശരിക്കും ഉണ്ടായതാ..

നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു...

ഇന്നത്തെപ്പോലെ തന്നെയായിരുന്നു ഞാന്‍ അന്നും ..എക്‌സ്ട്രാ ഡീസന്റ്..
ഇടക്കൊക്കെ അല്ലറ ചില്ലറ ഉഡായ്പ്പുകള്‍ കാണിക്കുമെന്ന് മാത്രം.. അതും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം...

ഒരു സണ്‍ഡേ ആണെന്ന് തോന്നുന്നു.. ഞാനെന്തോ കുസൃതി കാണിച്ചു..വളരെ ചെറിയ കുസൃതി..

പാവം എങ്ങോട്ടോ പോവുകയായിരുന്ന പെങ്ങളെ വള്ളിക്കാല്‍ വെച്ചങ്ങ് വീഴ്ത്തി..
ദാ കിടക്കണ്.. ടപ്പേന്ന്...
ഞാന്‍ സച്ചിന്‍ സ്റ്റൈലില്‍ പറഞ്ഞു..
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി...

അവള്‍ കിടന്ന് ചീറാന്‍ തുടങ്ങി.. ഗമണ്ടന്‍ ചീറല്‍ ..
അവളുടെ എനര്‍ജിയുടെ രഹസ്യവും ബൂസ്റ്റാണെന്നാ തോന്നുന്നത്.. ഹെന്താ കരച്ചില്‍ ...ഭാവിയില്‍ സീരിയല്‍ നടിയാകാം..

കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുക എന്ന് കേട്ടിട്ടില്ലേ......ഹത്‌പോലെ യെവളുടെ കരച്ചില്‍ കേട്ടു ഉമ്മ വടിയെടുത്തു....

ഉമ്മക്കറിയാം സകല ഗുലുമാലുകളുടേയും കാരണഭൂതന്‍ ഈ ഞാനാണെന്ന്..

പിന്നെ നടന്നത് വടിയെടുത്ത് എനിക്ക് പിന്നാലെയുള്ള ഉമ്മയുടെ ദീപശിഖാ പ്രയാണമാണ്..
എന്നോട് പിടി ഉഷ കളിക്കാനാ ഭാവം.... എന്നോട്...
റിക്കാര്‍ഡോ പവലിനോടാ കോമ്പിറ്റ് ചെയ്യുന്നത്..

വഴിയരികില്‍ പതിതനായി കൂട്ടാരന്‍ ബാബു നില്‍പ്പുണ്ടായിരുന്നു.... അവന്‍ പറഞ്ഞു..
മഖ്ബൂ വിട്ടോടാ...(തോമസുട്ടീ.. വിട്ടോടാ സ്‌റ്റൈലില്‍)

എപ്പൊ വിട്ടൂ എന്ന് ചോദിച്ചാല്‍ പോരേ...

സന്ധ്യാനേരം.. ഉമ്മ സല്‍ഗുണസമ്പന്നനായ പുത്രനേയും കാത്തിരിക്കുകയാണ്..നെഞ്ചില്‍ ആധി.. മഗിരിബ് കഴിഞ്ഞിട്ടും കാണുന്നില്ല..ആകപ്പാടെയുള്ള ആണ്‍തരിയാണ്...ഇവനെവിടെപ്പോയി...ഉമ്മ അയല്‍വീട്ടില്‍ ചെന്ന് പൊട്ടിക്കരഞ്ഞു..അരമണിക്കൂറിനകം മാറഞ്ചേരി ടൗണ്‍ മൊത്തം വീട്ടിലെത്തി... വീട്ടുകാരും നാട്ട്കാരും ബന്ധുക്കളും...
എല്ലാവരും ഒരൊറ്റ ചിന്തയിലാണ്...
ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?


ഓടിരക്ഷപ്പെടാനുള്ള സകല പ്രോല്‍സാഹനവും തന്ന ബാബുവും ചിന്തയിലാണ്... അല്ല .. ഇവനിതെവിടെപ്പോയി... ഇനി വല്ല കൊള്ളക്കാരും തട്ടിക്കൊണ്ട് പോയോ.. അയ്യോ .. പാവം കൊള്ളക്കാര്‍...

ഇവിടെ ക്ലിക്കിയാല്‍ തുടര്‍ന്ന് വായിക്കാം