കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, September 30, 2011

ആരോഗ്യപ്പതിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം

നിങ്ങള്‍ പൊറോട്ട തിന്നാറുണ്ടോ..?


ഉണ്ടെങ്കില്‍ നിങ്ങളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്..
എത്രയും പെട്ടെന്ന് പരലോകത്തേക്കൊരു സീസണ്‍ ടിക്കറ്റ് എടുക്കുന്നതായിരിക്കും നല്ലത്.
നിങ്ങള്‍ ടപ്പേന്ന് കാറ്റടിച്ച് പോകാന്‍ പൊറോട്ടക്കുപരിയായി പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടതില്ല.

ഞാന്‍ ചുമ്മാ ഉഡായ്പ്പിറക്കുന്നതൊന്നുമല്ല.
ഈ ആരോഗ്യപ്പതിപ്പൊന്ന് നോക്കിക്കേ.. ലിതില്‍ പറഞ്ഞിട്ടുണ്ട് എല്ലാം..

വാര്‍ത്തകള്‍ വിശദമായി .....
റിഫൈന്‍ഡ് ഫളവര്‍ വിഭാഗത്തില്‍ പെടുന്നതും നാരുകളുടെ അംശം തീരെയില്ലാത്തതുമായ ഒരു ഭക്ഷ്യവിഭവമാണ് മൈദ.
പോസ്റ്ററൊട്ടിക്കാനുള്ള പശയായി മാത്രം പണ്ട് ഉപയോഗിച്ചിരുന്ന ഒന്ന് .
അകത്ത് ചെന്നാല്‍ ഇതിന്റെ പശിമയുള്ള സ്വഭാവത്തിന് ഒര് മാറ്റവും വരുന്നില്ല.
തന്‍മൂലം ഇത് കുടലിനകത്ത് ഒട്ടിപ്പിടിക്കുന്നു..(മ്മേയ് ..എന്റെ കുടല്..)
അങ്ങനെ കുടലിന്റെ സ്വാഭാവിക ചലനങ്ങള്‍ മന്ദഗതിയിലാവുകയും തുടര്‍ന്ന് മന്ദിപ്പുടയവനായി റൈഞ്ച് നഷ്ടപ്പെട്ട് ലെവന്റെ ഡിസ്‌പ്ലേ അടിച്ച് പോവുകയും ചെയ്യുന്നു..

# അതോണ്ടിനി ഞാന്‍ പൊറോട്ട തൊടന്നെ ല്ല്യ...(അയ്യട മ്മിണി പുളിക്കും)

ഫ്രൂട്ട്സ് വല്ലാതെ കഴിക്കണം എന്ന് പറഞ്ഞിരുന്ന ലിതേ ആരോഗ്യപ്പതിപ്പ് തന്നെ ഇപ്പോള്‍ പറയുന്നു.. അതൊന്നും തൊട്ടേക്കരുതെന്ന് ...
സകലതിലും എന്‍ഡോ സള്‍ഫാന്‍ തെളിക്കുന്നു പോലും ...

ആരോഗ്യപ്പതിപ്പ് വായിച്ച് തീരുമ്പോഴേക്ക് പച്ചവെളളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാ.. എന്തോ ചെയ്യും...

NB: ആരോഗ്യപ്പതിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം.

Wednesday, September 28, 2011

അഞ്ഞൂറാന്‍ കളിക്കുന്ന അമേരിക്കയെ പറ്റി രണ്ടു വാക്കില്‍ ഉത്തരം പറയുക

ഈ ദുനിയാവില്‍ (അണ്ഢകടാഹത്തില്‍) ഒരു രാജ്യമുണ്ട്.
അമേരിക്ക എന്നൊക്കെ ചിലര്‍ സ്‌നേഹത്തോടെയും മറ്റ് ചിലര് അതിസ്‌നേഹത്തോടെയും വിളിക്കും(തെറി).

ഒരു അഞ്ഞൂറാന്‍ ലുക്കാണ്.
ഒടുക്കത്തെ ജനാധിപത്യ ബോധമാ......
ഏത് ഓണം കേറാമൂല(പെട്രോളുടയ)നാടാകട്ടെ ജനാധിപത്യമില്ലെങ്കില്‍ ലെവന്‍മാര്‍ക്ക് സഹിക്കില്ല.
തോക്കും മിസൈലുമായങ്ങ് ചെല്ലും.
ആളുകളെ വെടിവെച്ച് കൊന്നിട്ടങ്ങ് ജനാധിപത്യം നടപ്പാക്കും...
ഇസ്രയേല്‍ എന്ന ചട്ടമ്പിനാടുമായി വല്ലാത്തൊരു പ്രേമബന്ധമാണ്.
(കുറ്റം പറയരുതേ .. പ്രേമത്തിന് കണ്ണില്ല,മൂക്കില്ല,നാക്കില്ല് എന്നൊക്കെ നാം പറയാറില്ലേ)

ഇവന്‍മാര്‍ക്ക് വേണ്ടി പാവം അമേരിക്ക ഹെന്തൊക്കെ സഹിക്കുന്നു.

ഇനി ചില നര്‍മ്മങ്ങള്‍ പറയാം(ചിരിക്കാനല്ല,കരയാന്‍)

1)യു എന്‍ എന്നൊക്കെ പറയുന്ന ഒരു സംഭവമുണ്ട്.

രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കലാണ് മുഖ്യ കലാപരിപാടി.
അമേരിക്കയാണ് സമാധാനത്തിന്റെ പ്രവാചകന്‍ എന്ന ലൈനിലാണ് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നത്..
യു എന്‍ രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ ..അമേരിക്ക, ചൈന.റഷ്യ,ഫ്രാന്‍സ്,ബ്രിട്ടണ്‍.
ഈ സ്ഥിരാംഗങ്ങളില്‍ ആരെങ്കിലും ഏതെങ്കിലും പ്രമേയത്തിന്നെതിരെ മസില്‍ പ്ടിച്ചാല്‍ പിന്നെ ആ പ്രമേയം കട്ടപ്പുറത്ത് കിടക്കും.(ഈ സിക്‌സ് പാക്ക് പവറിന് വീറ്റോ എന്നൊക്കെ പറയും പച്ച മലയാലത്തില്‍)

2)ഭൂപടത്തില്‍ പോലും ഇടമില്ലാത്ത നാടാണ് ഫലസ്തീന്‍.
ഞങ്ങളെ ഒരു അംഗരാജ്യമായി അംഗീകരിക്കണമെന്ന ഫലസ്തീന്റെ ആവശ്യം വീറ്റോ ചെയ്യുമെന്ന് ഒബാമ വളരെ വിനീതമായി അറിയിച്ചിരിക്കുന്നു.

ഒരു ഫ്ലാഷ് ബാക്ക്:
ഫലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലും സ്വന്തം പൗരന്‍മാര്‍ക്ക് വേണ്ടി ഇസ്രയേല്‍ നടത്തിവരുന്ന പാര്‍പ്പിടനിര്‍മാണത്തെ അപലപിച്ച്‌കൊണ്ടുള്ള പ്രമേയവും മുമ്പ് ഒബാമ വീറ്റോ ചെയ്തിരുന്നു.
ഇന്ത്യയുള്‍പ്പടെ രക്ഷാസമിതിയിലെ പത്ത് അസ്ഥിരാംഗങ്ങളും നാല് സ്ഥിരാംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചിട്ടും കാര്യമുണ്ടായില്ല.. വീറ്റോയല്ലേ താരം..

3)പൊതുസഭയില്‍ വീറ്റോ അധികാരത്തിന് പ്രസക്തിയില്ലാത്തതിനാല്‍ അമേരിക്ക എതിര്‍ത്താലും ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണ ഫലസ്തീന് നേടിയെടുക്കാനാകും .
എന്നിട്ടെന്ത്.....യു എന്‍ പൊതുസഭയുടെ പ്രമേയങ്ങള്‍ക്ക് വെറും ശുപാര്‍ശയുടെ പ്രാധാന്യമല്ലേ ഉള്ളൂ..

മഹദ് വചനം:
യു എന്‍ അംഗത്വം നേടുകയാണെങ്കില്‍ ഫലസ്തീന് നല്‍കിവരുന്ന സകലസഹായങ്ങളും നിര്‍ത്തിവെക്കുമെന്ന് അമേരിക്ക..

കൊട്ട്: നല്ലത് .. എന്നാ അതും കൂടെ അങ്ങ് ഇസ്രായേലിന് അയച്ച് കൊടുത്തേര്.. ഹല്ല പിന്നെ.
.
ഇസ്രായേലിന് ഗമണ്ടന്‍ ആയുധം നല്‍കിക്കൊണ്ട് കുറേ കാലമായല്ലോ പലസ്തീനെ സഹായിക്കാന്‍ തുടങ്ങിയിട്ട്.. അതും നിര്‍ത്തുമോ ആവോ..

Monday, September 26, 2011

ഭരണഘടന എന്ന കൊളാഷ്

ഇന്ത്യയുടെ രാഷ്ടീയവും ജീവിതവും തുടക്കം മുതല്‍ ഇങ്ങനെയായിരുന്നു.
വൈരുധ്യങ്ങളുടെ , വൈവിധ്യങ്ങളുടെ സംഘാതം.
ഭരണഘടന, ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകള്‍ ഉപയോഗിക്കുമ്പോഴൊക്കെ നാം കടന്ന് പോകുന്നതും ഒടുങ്ങാത്ത വൈവിധ്യങ്ങള്‍ക്കിടയിലൂടെയാണ്.
ഈ വൈവിധ്യമാണ് ഇന്ത്യ എന്ന ആശയത്തെ ദുര്‍ബലമാക്കുന്നതും ശക്തമാക്കുന്നതും.
ബ്രിട്ടനിലെയും അമേരിക്കയിലേയും കാനഡയിലേയും അയര്‍ലന്‍ഡിലേയും
വേയ്മര്‍ റിപ്പബ്ലിക്കിന്റേയും ഭരണഘടനകളിലുള്ള നല്ലതൊക്കെ(?) പകര്‍ത്തിയെടുത്ത് ഭരണഘടന എന്ന കൊളാഷ് നിര്‍മിക്കുമ്പോള്‍ ഇന്ത്യ എന്ന ആശയം എവിടെയൊക്കെയോ ചോര്‍ന്ന് പോവുകയായിരുന്നു.

-മുരളി...സമകാലിക മലയാളം-


ജീവിതവിഭവങ്ങളില്‍ ഉപ്പ് പോലെ പടര്‍ന്ന് രുചി പകരേണ്ട ഉപ്പയില്ലാത്തവര്‍ക്ക് നേര്‍ച്ചച്ചോറും നെയ്‌ചോറും ഒന്നുമല്ല.
കാണിച്ച് കാശാക്കുന്ന തിരക്കില്‍ യതീമിന്റെ ഹൃദയം വായിക്കാന്‍ നേരം കിട്ടാതെ പോകരുത്.
കൈവിരല്‍ വിടര്‍ത്തി മുടി മാറിനി്ന്ന അവന്റെ മൂര്‍ദ്ദാവിലൂടെ ഒന്ന് തലോടുക.
നെഞ്ചിലെ നെരിപ്പോടുകള്‍ കെട്ടടങ്ങുന്നില്ലേ..
നേരിന്റെ നബി കാരുണ്യത്തിന്റെ മര്‍മ്മം കാണിച്ച് തന്നത് അനാഥന്റെ മൂര്‍ദ്ദാവിലല്ലേ..

-ശുഐബ് ഹൈതമി.... സത്യധാര

NB:
വായനക്കിടയില്‍ മനസ്സിനിഷ്ടപ്പെട്ട ചിലത് കുറിച്ചു അത്രമാത്രം..

Friday, September 23, 2011

ബുജിയാകാനുള്ള 101 സൂത്രവിദ്യകള്‍

ഹൊ ഈ ബുജികളെ സമ്മതിക്കണം...

കീഴാള ന്യൂനപക്ഷ ദലിത് വിരുദ്ധ പരിപ്രേക്ഷത്തില്‍ നിന്ന്‌കൊണ്ടുള്ള ആഖ്യാനവ്യവഹാരങ്ങളെ വ്യവഛേദിച്ച് സവര്‍ണ പൊതുബോധത്തിലൂന്നിയ ചിന്താമണ്ഡലങ്ങളെ പൊളിച്ചടുക്കി ഉപ്പിലിടാന്‍ ലെവന്‍മാര്‍ തന്നെ വരണം.
(ഹൊ , രാവിലെ തിന്ന രണ്ടുകഷ്ണം പുട്ടും ദഹിച്ചു)


വിമര്‍ശനങ്ങളും വിശകലനങ്ങളും , കേട്ടാല്‍ മനസ്സിലാകാത്ത പരുവത്തില്‍ ഉരുട്ടിത്തരാന്‍ ഇവരെക്കഴിഞ്ഞേ ആളുള്ളൂ...

സൈദ്ധാന്തികമായ വായനയുടെ സ്‌ഫോടനാത്മകതയില്‍ നമ്മളങ്ങിനെ ഉരുകിയൊലിച്ച് ആവിയായിപ്പോകും..

കഥ , കവിത, ലേഖനം, നാടകം, സിനിമ,......
എന്ത് കലാസൃഷ്ടിയും യെവന്‍മാരുടെ തിരുസന്നിധിയില്‍ വെച്ച് കൊടുത്താല്‍ മാത്രം മതി, അതിലെ സാമ്രാജ്യത്വ ഫാസ്സിസ്റ്റ് മൂലശിലയില്‍ ഉരുവംകൊണ്ട ആശയാവലികളേയും സങ്കീര്‍ണ്ണതകളേയും അരാഷ്ടീയ അവലംബങ്ങളേയും പറ്റി ഗമണ്ടന്‍ പ്രബന്ധങ്ങള്‍ എഴുതിത്തരും..

ചര്‍ച്ചകളും ഗവേഷണങ്ങളും ഭൂമിയില്‍ നിന്നങ്ങ് വിട്ടിട്ടുണ്ടാകും,
ബട്ട് , ആകാശത്തങ്ങ് എത്തിയിട്ടും ഉണ്ടാകില്ല......

ഈ ബുദ്ധിജീവികളെ കൊണ്ട് എന്തെടുക്കാനാണെന്ന് മനം മടുത്തിട്ടാണെന്ന് തോന്നുന്നു എഴുത്തുകാരന്‍ സകരിയ്യ പറഞ്ഞ് വെച്ചത്..

NB:
ബുജിയായി പരിഗണിക്കപ്പെടണമെന്ന് ആശിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
1)ഒണക്ക ജുബ്ബ ,ലൊടുക്ക് ബാഗ് ഇവയാകുന്നു ആസ്ഥാന ബുജി അസോസിയേഷന്റെ അലിഖിത യൂണിഫോം..
2)പോസ്റ്റ് സെക്യുലരിസം ,പോസ്റ്റ് മോഡേണിസം, തുടങ്ങി പോസ്റ്റാത്മക വിഷയങ്ങളില്‍ സദാ ഒച്ചയിടുക..
(പോസ്റ്റ് ഓഫീസ് എന്ന സബ്ജക്റ്റ് ഇതില്‍ ഉള്‍പ്പെടുന്നതല്ല്)
3)കണ്‌സേണ്‍, ഇംപ്ലിമെന്റ്, എസ്റ്റാബ്ലിഷ്‌മെന്റ്, ഈസ്‌തെറ്റിക്‌സ്, തുടങ്ങിയ തെരെഞ്ഞെടുത്ത നൂറോളം ഇംഗ്ലിഷ് വേഡുകള്‍ പുട്ടിന് തേങ്ങയെന്ന പോലെ സംസാരത്തിന്നിടയില്‍ ഇടക്കിടക്ക് പ്രയോഗിക്കുക.
4)കൂടുതല്‍ വിവരങ്ങള്‍ക്ക് 'ബുജിയാകാനുള്ള 101 സൂത്രവിദ്യകള്‍ ' എന്ന പുസ്തകം വായിക്കാവുന്നതാണ്..

Wednesday, September 21, 2011

ചുമ്മാതൊന്ന് കണ്ണടച്ച് ലോകത്തെ കണ്ട് നോക്കൂ

ചുമ്മാതൊന്ന് കണ്ണടച്ച് ലോകത്തെ കണ്ട് നോക്കൂ..ജീവിതത്തില്‍ മൊത്തം പവര്‍കട്ട് ..

നിറങ്ങളില്ലാത്ത ഒരു ലോകം..
കറുത്ത് കരുവാളിച്ച് , വിറങ്ങലിച്ച്...
ഇരുളിന്റെ കരിങ്കട്ടകള് മാത്രം മുന്നില്‍ നീണ്ട് പരന്നങ്ങനെ കിടക്കുന്നു...

പിന്നെ പച്ചപ്പാടങ്ങളില്ല...
നീലാകാശങ്ങളില്ല...
പ്രഭാതങ്ങളും സായംസന്ധ്യകളുമില്ല...
നട്ടുച്ചയുടെ വെയില്‍ കാഴ്ചകളില്ല..
പൂവും പൂമ്പാറ്റയും പൂന്തോട്ടങ്ങളുമില്ലാത്ത
ഇരുളിന്റെ വസന്തകാലം....

യാ ഉമ്മി മാ ഷക്‌ലു സ്സമാഇ വമ ള്ളിയാഇ വമല്‍ കമര്‍......(പ്രിയപ്പെട്ട ഉമ്മാ , ഈ ആകാശത്തിന്റെ രൂപമെന്താണ്...എന്താണ് പ്രകാശം.. എന്താണ് ചന്ദ്രന്‍..?)
എട്ടാം ക്ലാസില്‍ ഖദീജ ടീച്ചര്‍ പാടിപ്പഠിപ്പിച്ച അറബിക്കവിത.. അന്ധനായ കുട്ടി ഉമ്മയോട് പലതും ചോദിച്ചറിയുകയാണ് കവിതയില്‍..
വല്ലാതെ ഉള്ളുലച്ചു ആ കവിത...

ഞാനത് മലയാളീകരിക്കാനൊന്ന് ശ്രമിച്ച് നോക്കിയിരുന്നു..
'കണ്ണ് കാണാത്തൊരു കണ്‍മണി ഞാന്‍
വിണ്ണിലെ കണ്ണുകള്‍ക്കന്യനാ ഞാന്‍..'

കാഴ്ച്ച, കേള്‍വി, കൈകാലുകള്‍...
നമുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ എന്തുമാത്രമാണ്..
അവയുടെയൊക്കെ അസാന്നിധ്യത്തിലേ നമുക്കതിന്റെ മുല്യം മനസ്സിലാകുന്നുള്ളൂ എന്നതല്ലേ പ്രശ്‌നം......

പ്രചോദനം:
1) ഷുസെ സരമാഗുവിന്റെ ബ്ലൈന്‍ഡ്‌നെസ്സ് എന്ന നോവല്‍..
2)ഗുരു, ആത്മകഥ എന്നീ സിനിമകള്‍...

ന്യൂസ് ടൈം:
രക്ഷിതാക്കളെ പരിപാലിക്കാത്തവര്‍ക്കിനി മൂന്ന് മാസം തടവോ, 5000 രൂപ പിഴയോ ഒടുക്കേണ്ടി വരും..
ബീഹാര്‍ മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..
------
നോ കമന്റ്‌സ്

Sunday, September 18, 2011

പോയേ.. പോയേ.. ലവര്‍ പോയേ... പോണേല്‍ പോകട്ടെ....


ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് തല ചുറ്റല്‍ അനുഭവപ്പെടും...
നീയില്ലാതെ ഞാനില്ല, ഞാനില്ലാതെ നീയില്ല...
നമ്മളില്ലേല്‍ ഈ വേള്‍ഡില്ല..

എവിടെ ..?

ഇങ്ങനെ ഉഡായ്പ്പുകള്‍ പാടി പ്രണയലോകത്ത് വിഹരിച്ചവരെല്ലാം പേരന്റ്‌സ് പറയുന്ന പെണ്ണും കെട്ടി (ആണും കെട്ടി) അങ്ങനെ ജീവിക്കും.....

ഏറിയാല്‍ ഈ പാട്ടങ്ങ് മൂളും...
പോയേ.. പോയേ.. ലവര്‍ പോയേ... പോണേല്‍ പോകട്ടെ....

ഏത് കാലാവസ്ഥക്ക് പറ്റിയ പാട്ടുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്...

വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം..(നിരാശാ കാമുകന്‍)

ഞാന്‍ കെട്ടിയ പെണ്ണിന്നല്‍പ്പം ചന്തം കുറവാണ്..(കെട്ടിക്കുടുങ്ങിയവന്‍)

അറിഞ്ഞിരുന്നില്ല ഞാന്‍ ഇങ്ങനൊരു സ്‌നേഹം(അറിയാത്ത പിള്ള ചൊ
റിയുമ്പോള്‍ അറിയും..)

പ്രണയിച്ചും ഫോണ്‍ ചെയ്തും(പഠനത്തില്‍ ഉഴപ്പിയും)ടൈം വേസ്റ്റ് ചെയ്യുന്നവരോട് എനിക്ക് രണ്ട് പറയാനുണ്ട്(അല്പം സീരിയസ്സില്‍ ).....

1)നിങ്ങള്‍ സിനിമ കാണുന്നു എന്ന് വെക്കുക..(സിനിമകളാണല്ലോ പ്രണയഭ്രമം സകലരിലും കുത്തി വെക്കുന്നത്)
അടുത്ത് പേരന്റ്‌സും ഉണ്ട്..
ഒടുക്കം പ്രണയജോഡികള്‍ ഒന്നിക്കുമ്പോള്‍ അവരുടെ മുഖത്തും സന്തോഷം വിരിയും...ആനന്ദത്താല്‍ ക്ലാപ്പടിക്കും...
ബട്ട്... സ്വന്തം മക്കള്‍ അക്കോലത്തിലാവാന്‍ അവര്‍ സമ്മതിക്കുമോ..?

ഗുണപാഠം
*സിനിമയും ജീവിതവും രണ്ടാണ്..
*സിനിമാക്കഥക്കൊത്ത് ജീവിക്കാനൊക്കില്ല..
*തിരക്കഥകളൊക്കെയും പണം തിരക്കിയുള്ള വ്യായാമങ്ങളാണ്...

2)നമ്മള്‍ ജനിച്ചത് മുതല്‍ നമ്മുടെ ഓരോ വളര്‍ച്ചയും ആഹ്ലാദത്തോടെ കണ്‍കണ്ടവരാണ് നമ്മുടെ പേരന്റ്‌സ്..
നമ്മള്‍ ഉറങ്ങാന്‍ വേണ്ടി ഉണര്‍ന്നിരുന്നവര്‍...

ഇന്നലെ പരിചയപ്പെട്ടവളെ(വനെ) അവര്‍ക്കും മീതെ പ്രതിഷ്ഠിക്കുന്നതില്‍ വ്യക്തമായ നീതികേടില്ലേ...

ഇതെന്റെ ഇഷ്ടം എന്ന് നമുക്ക് ധാര്‍ഷ്ട്യം പറയാം..
(നമുക്ക് വേണ്ടി ഒട്ടേറെ ഇഷ്ടങ്ങള്‍ മാറ്റി വെച്ചവരോടാണീ പറച്ചിലെന്നോര്‍ക്കണം)


സമര്‍പ്പണം: അക്കരെപ്പച്ചകള്‍ കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്ന് പഠിപ്പിച്ച എന്റെ ഉപ്പക്കും ഉമ്മക്കും...

Friday, September 16, 2011

യാത്രിക്കാന്‍ ഇനി രഥം തന്നെ വേണ്ടി വര്വോ ദൈവ്വേ....

കേട്ടില്ലേ നാട്ടാരേ..

അദ്വാനിജി വീണ്ടും രഥമുരുട്ടാന്‍ പോകുന്നു..
പണ്ട് രഥമുരുട്ടി കൂട്ടക്കശാപ്പ് നടത്തിയ പോലെയൊന്നുമല്ല ലിത്..
ഹിത് അഴിമതിക്കെതിരെയാ....
(രക്തസാക്ഷികളുടെ ശവപ്പെട്ടി വരെ ബ്ലാക്കിന് വിറ്റ് പുട്ടടിച്ച പാര്‍ട്ടിയുടെ ഏമാനാണേ ഇങ്ങേര്)

യാത്രിക്കാന്‍ എന്തിന് രഥം തന്നെ വേണം എന്ന് ചില ബഡ്ക്കൂസുകള്‍ ചോദിക്കുന്നുണ്ട്..
മതത്തിന്റെ സിമ്പലുയര്‍ത്തി ആള്‍ക്കൂട്ടത്തെ പിപ്പിരി കയറ്റാനാണെന്നാണ് പലരുടേയും അടക്കം പറച്ചില്‍ ......

ഇത്തവണയെങ്കിലും അദ്വാനിജിക്ക് രഥം സെലക്റ്റ് ചെയ്യാന്‍ വേറെ ചില കാരണങ്ങളുണ്ടാകാം എന്നാണ് ഈ വിനീതന്റെ തോന്നല്‍ ...
(ബീ പോസറ്റീവ് എന്നല്ലേ)

പെട്രോളിന് ഇങ്ങനെ ടപ്പേന്ന് വില കയറുമ്പോള്‍ രഥമാണ് ഉചിതം എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ....?

എന്തായാലും ഈ യു പി എ സര്‍ക്കാര്‍ സംഭവം തന്നെയാണ് കെട്ടോ..

എല്ലാവര്‍ക്കും എന്തൊരു സ്വാതന്ത്രമാ...
എണ്ണക്കമ്പനികള്‍ക്കും സകല ഘടാഘടിയന്‍മാര്‍ക്കും തോന്നുമ്പോഴൊക്കെ വിലകയറ്റാനുള്ള സ്വാതന്ത്രം നല്‍കിയത് ചില്ലറ കാര്യമാണോ....

സ്വാതന്ത്രം തന്നെ അമൃതം
സ്വാതന്ത്രം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്ക് മൃതിയേക്കാല്‍ ഭയാനകം

NB:ചന്ദ്രിക ദിനപ്പത്രത്തില്‍ ചെറിയൊരു വാര്‍ത്തയുണ്ട്...പെട്രോള്‍ വില കൂടി....
കൂട്ടി എന്ന് പോലുമല്ല...
മഴപെയ്തു , വെയില്‍ വന്നു എന്നൊക്കെ പറയുന്ന ലാഘവം...
നോക്കണേ, രാജാവിനേക്കാള്‍ വലിയ രാജഭക്തി..

വീക്ഷണം പത്രത്തില്‍ ഇനി എന്താണാവോ കൊടുത്തിരിക്കുന്നത്....

Wednesday, September 14, 2011

കുട്ടൂസനും ഡാങ്കിനിയും ദല്‍ഹി സ്‌ഫോടനവും

ബാലരമയിലെ മായാവിക്കഥ വായിക്കുമ്പോഴുള്ള ഒരു സുഖമുണ്ട്..
കഥയുടെ ക്ലൈമാക്‌സിനെപ്പറ്റി ഒട്ടും ആശങ്കപ്പെടേണ്ടതില്ല....


കുട്ടുസന്റെ കയ്യില്‍പ്പെട്ടാലും രാജുവും രാധയും ഓഹ്രീം കുട്ടിച്ചാത്താ പറയും...
മായാവി വരും ... രക്ഷിക്കും....നോ പ്രോബ്ലം..

കുറേ കാലമായി നാമിത് കാണാന്‍ തുടങ്ങിയിട്ട്..

ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടന മാമാങ്കങ്ങള്‍ക്കും മേല്‍ പറഞ്ഞ കഥയുടേതായ ഒരു ജനിതക സ്വഭാവമുണ്ട്...
സ്‌ഫോടനങ്ങള്‍ നടക്കും..
പോലീസ് പ്രതികളുടെ സ്‌കെച്ച് വരക്കും..
ഇന്ത്യന്‍ മുജാഹിദീനോ , ഹുജിയോ, ..ഏതെങ്കിലും താടിക്കാക്കമാരോ പിതൃത്വം ഏറ്റെടുക്കും..
പോലീസ് ഏതെങ്കിലും യെവന്‍മാരെപ്പിടിച്ച് പൂസുകയും പരിപ്പില്ലാ പരുവമാക്കുകയും ചെയ്യും...

(താടിയുള്ള സ്‌കെച്ചുകളേ ഇന്നോളം ലെവന്‍മാര്‍ വരഞ്ഞിട്ടുള്ളൂ കെട്ടോ..)

കൂയ് പറ്റിച്ചേ... ലിതെല്ലാം ചെയ്തത് നമ്മളാണേ എന്ന് അസിമാനന്ദ പറഞ്ഞതൊന്നും കാര്യമാക്കണ്ട..... കാര്യമാക്കിയാല്‍ കഥയുടെ മായാവി ടച്ച് പോകും.. ക്ലൈമാക്‌സ് മാറ്റിപ്പിടിക്കേണ്ടി വരും...

ദല്‍ഹി സ്‌ഫോടനം നടന്നപ്പോഴും വെയ്റ്റ് ചെയ്തു...
ഇപ്പോ വരും ഏറ്റെടുക്കല്‍ വീരന്‍മാര്‍...
മെയിലായി വന്നു... ഏറ്റെടുത്തു..( ഹൊ ഖുഷിയായി)
ഒന്നല്ല.. പല സംഘടനകള്‍..
ജിഹാദ്, മുജാഹിദ് .. എന്നൊക്കെ വാലുള്ള എങ്ങാണ്ടൊക്കെയോ ഉള്ള സാങ്കല്‍പ്പിക കൂഷ്മാണ്ടങ്ങള്‍........

മെയില്‍ ഐഡി പരതിച്ചെന്ന് അയച്ചവനെ പിടിച്ചപ്പോള്‍ പത്താനിലെ ഏതോ ഒരു മനു..
(മോഡിയുടെ സ്വന്തം ഗുജറാത്തിലാണേ ഈ പത്താന്‍)

ഹ ഹ .. ഞാന്‍ ചുമ്മാ തമാശിച്ചതാ എന്നായി മനു..
ഇതികര്‍ത്തവ്യാമൂഢരായി നിന്നുപോയി പാവം നമ്മുടെ ഫുലീസ്..

ഹൊ ..എന്തായാലും സമാധാനമായി..എല്ലാം തമാശയായിരുന്നല്ലോ..


ഇനി ആരും മനുവിനേയും സൈം സ്വഭാവം കാണിക്കുന്ന ആരെയും കുറ്റം പറയരുത് കെട്ടോ...
പാവം തമാശിച്ചതാ...

അല്ലെങ്കിലും കുറ്റം പറയാന്‍ മാത്രം ദിവിടെ എന്തുണ്ടായി..?
തമാശാമെയില്‍ കിട്ടിയപാടെ പോലീസ് താടിസ്‌കെച്ച് വരച്ചു...
ചെലവന്‍മാരെപ്പിടിച്ച് അടിച്ചു, കുത്തി,....
നെട്ടും ബോള്‍ട്ടും ഊരി ജയിലറകളില്‍ ഉണക്കാനിട്ടു.....
ദിപ്പോള്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യുന്നു... ദാറ്റ്സ് ഓള്‍....

ഹിതല്ലേ ഉള്ളൂ.. മോന്‍ സാരമാക്കണ്ട.. തമാശിച്ചോളൂ...
കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ സകല ജേണലിസ്റ്റ് മാമന്‍മാരും ഉണ്ടാകും....
ആനന്ദലബ്ധിക്കിനി എന്ത് വേണം.....?

Monday, September 12, 2011

പ്രിയ സുഹൃത്തെ , ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?

പറഞ്ഞ്‌കേട്ട ഒരു കഥയുണ്ട്... രണ്ട് ചങ്ങാതിമാരുടെ പാരസ്പര്യത്തിന്റെ കഥ..നിവൃത്തികേട് കൊണ്ട് സാമ്പത്തിക പരാധീനതകള്‍ കൊണ്ട് . .. തന്റെ കുടിലും സ്ഥലവും വില്‍ക്കാന്‍ തീരുമാനിക്കുന്നു അവരില്‍ ഒരാള്‍..
വാങ്ങാന്‍ ആള് വന്നു, വില അന്യേഷിച്ചു.വലിയൊരു തുക ആവശ്യപ്പെട്ടപ്പോള്‍ വാങ്ങാന്‍ വന്ന ആള്‍ ആശ്ചര്യപ്പെട്ടു.. ഒരു കൊട്ടാരം വാങ്ങാന്‍ പോലും ഇത്ര വിലയില്ലല്ലോ..


നമ്മുടെ ചങ്ങാതി അയാള്‍ക്ക് വിശദീകരിച്ച് കൊടുത്തു.സുഹൃത്തെ നോക്ക് , എന്റെ അയല്‍വീട് കണ്ടോ..,എന്റെ ചങ്ങാതിയുടെ വീട്..നിങ്ങള്‍ ഈ കുടില് വാങ്ങുമ്പോള്‍ ആ വീട്ടിലെ സ്‌നേഹസമ്പന്നനായഒരു ചങ്ങാതിയെക്കൂടിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്...
ഞാന്‍ പറഞ്ഞത് എന്റെ കുടിലിന്റെ വിലയല്ല . ..എന്റെ ചങ്ങാതിയുടെ വിലയാണ്..അയല്‍ക്കാരന്റെ വില..

ഇനി അല്‍പ്പനേരം പേനയും കടലാസുമെടുത്ത് നമുക്ക് നമ്മുടെ സുഹൃത്തുക്കള്‍ക്കൊന്ന് മാര്‍ക്കിട്ട് നോക്കാം .. അവര്‍ നമുക്കും മാര്‍ക്കിടട്ടെ..
ഈ പി എസ് സി ടെസ്റ്റില്‍ ആരൊക്കെ പാസാകും.
ഈ പരീക്ഷയില്‍ ജയിക്കാന്‍ ഇനിയും ഒത്തിരി തവണ നാം സപ്ലികള്‍ എഴുതേണ്ടി വരുമോ.....
ഒരാണ്ട്, പതിറ്റാണ്ട്.. അതോ ഒരായുഷ്‌ക്കാലം മുഴുവന്‍ ...

അതെ , പത്രത്തില്‍ ക്ലാസിഫൈഡ് കോളത്തില്‍ ഒരു പരസ്യം കൊടുക്കാന്‍ നേരമായിരിക്കുന്നു... ഒരു ചങ്ങാതിയെ ആവശ്യമുണ്ടെന്ന്..
വെട്ട്കിളിയെപ്പോലെ നെഞ്ചിലെ നന്‍മയുടെ പച്ചപ്പ് ഒന്നോടെ തിന്നൊടുക്കാത്ത ..
ഇത്തിള്‍ക്കണ്ണിപോലെ നേരിന്റെ കായ്കനികളെ മുച്ചൂടും മുരടിപ്പിക്കാത്ത..
സ്‌നേഹത്തിന്റെ ,സാന്ത്വനത്തിന്റെ , സമര്‍പ്പണത്തിന്റെ ,
എല്ലാം പര്യായമായ ചങ്ങാതിയെ....
പ്രിയ സുഹൃത്തെ ,
ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?

ക്വട്ടേഷന്‍ ഷോ, ബാങ്ക് കവര്‍ച്ച, പെണ്‍വാണിഭം, ...
ഒന്നും ഇന്നലെ പാതിരാത്രി കണ്ട പേക്കിനാക്കളല്ല...
നെഞ്ചില്‍ തറക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ..
ഈയിടെയായി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വല്ലാതെ പേടിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു..

സ്വര്‍ണ്ണക്കടയുടെ ഭിത്തി തുരന്ന് കവര്‍ച്ച .. മോഷ്ടാക്കള്‍ പിടിയില്‍..
ചാനല്‍ വാര്‍ത്തകളില്‍ അഞ്ച് ചെറുപ്പക്കാരുടെ ക്ലോസപ്പ് ..
അവര്‍ ചിരിക്കുനനുണ്ടോ.., അതോ കരയുകയാണോ..
നിര്‍വ്വികാരതയുടെ നിഴലാട്ടമാണോ ആ മുഖങ്ങളില്‍...

ആരായിരിക്കും അവരിലെ ഉപദേശകസമിതി ചെയര്‍മാന്‍...
ഈ വേണ്ടാതീനങ്ങളിലേക്കവരെ നയിച്ചത്...
ഒരു കഷ്ണം പളുങ്കിന് വേണ്ടി ജീവിതം വില്‍ക്കാന്‍ പ്രേരിപ്പിച്ചത്..
മന:സാക്ഷിക്കെതിരെ ചലിക്കാന്‍ പഠിപ്പിച്ചത്...
എല്ലാം ആരായിരിക്കും....?

ആരുടെ മനസ്സില്‍ നിന്നായിരിക്കും മൃഗങ്ങള്‍ നടന്നിറങ്ങിയത്...
പണ്ടൊക്കെ ഇത്തരം വിരുതന്‍മാരെ കാണന്‍ ആളുകള്‍ വട്ടം കൂടിയിരുന്നു..ഇപ്പോള്‍ കൂട്ടം കൂടി
എല്ലാവര്‍ക്കും മടുത്തിരിക്കുന്നു..സ്ഥിരം സംഭവങ്ങള്‍ക്കെവിടെ മാര്‍ക്കറ്റ്..?

ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍...ഏത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിന്നാണ് ഒരു ചങ്ങാതിയെ ഒപ്പിച്ചെടുക്കുക...?
നിലാവേല്‍ക്കുമ്പോഴും നിലവിളിക്കുമ്പോഴും കൂടെക്കൂട്ടാന്‍ ..
അനിഷ്ടങ്ങളും അരിഷ്ടതകളും പങ്ക് വെക്കാന്‍ ..
നൊമ്പരങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ തുരുത്താവാന്‍ ..
അരുതായ്മകളുടെ പ്രളയത്തില്‍ തിരുത്താവാന്‍ ...

നന്‍മ കല്‍പ്പിക്കാന്‍ , തിന്‍മ വിരോധിക്കാന്‍..
സൗഹാര്‍ദത്തിന്റെ മുത്ത് പൊഴിക്കുന്ന ഒരു ചങ്ങാതിയെ എവിടെച്ചെന്നന്യേഷിക്കും..?
റസൂല്‍ മുഹമ്മദിന് അബൂബക്കറിനെപ്പോലെ..
ശ്രീകൃഷ്ണന് അര്‍ജുനനെപ്പോലെ ..
ദുര്യോധനന് കര്‍ണനെപ്പോലെ...
ഗാന്ധിജിക്ക് അബുല്‍ കലാം ആസാദിനെപ്പോലെ..
ശ്രീ ബുദ്ധന് ഭിക്ഷുഗണങ്ങളെപ്പോലെ...
ഏത് മ്യൂസിയത്തിലേക്കാണ് ഈ അന്യേഷണം വികസിപ്പിക്കേണ്ടത്..?

Friday, September 9, 2011

എന്നതാ ഈ ഉത്രാടപ്പാച്ചില്‍?എന്നതാ ഈ ഉത്രാടപ്പാച്ചില്‍?
എനിക്കറിയില്ലാട്ടോ...
(അറിയില്ലാന്ന് പറയുമ്പോഴും ലെവനെന്തോന്ന് അഹങ്കാരം)

ഇനി വല്ല മലയാളമാസം വല്ലതും ആണോ..?

വേഗം കലണ്ടര്‍ മറിച്ചു നോക്കി..

മേടം , ഇടവം, കര്‍ക്കടകം... എന്നൊക്കെ കാണാനുണ്ട്.. ബട്ട് ഉത്രാടം.......

ഗൂഗിളില്‍ സെര്‍ച്ചിയാലോ....
ലത് വേണ്ട .. മലബാര്‍ സമരം സെര്‍ച്ചിയാല്‍ മലബാര്‍ ഗോള്‍ഡ് പ്രത്യക്ഷീഭവിക്കും...


നിങ്ങളാരെങ്കിലും പറഞ്ഞ്തന്നാല്‍ മതി..


എന്തായാലും പറഞ്ഞ് വരുന്നത് ഉത്രാടപ്പാച്ചില്‍ എന്ന പേരില്‍ നാട്ടില്‍ നടന്ന ഗമണ്ടന്‍ ഓണപ്പരിപാടിയെപ്പറ്റിയാണ്..
സാംലിംക്കയായിരുന്നു കണ്‍വീനര്‍ ..ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഡിസൈനര്‍ ......
അങ്ങേരെപ്പറ്റി പറയുമ്പോള്‍ ആര്‍ട്ടിസ്റ്റ് ദിലീഫിനെ പറയാതിരിക്കാന്‍ വയ്യ. ഫുള്‍ ടൈം സാലിംക്കയുടെ നാവില്‍ ദിലീഫാണ്..
ഹെന്താ വര...
(പ്രിഥ്വിരാജിന് ദിലീഫ് താന്‍ വരച്ച ചിത്രം കൈമാറുന്ന ഫോട്ടോ ഫേസ് ബുക്കില്‍ കയറ്റിയതും ഈ സാലിംക്കയായിരുന്നു..)

ഓണപ്പരിപാടിയുടെ അന്ന് ദിലീഫിനൊരു ആദരവ് കൊടുക്കണം എന്ന് സാലിംക്കാക്ക് നിര്‍ബന്ധം...നോട്ടീസില്‍ പേരടിക്കുക വരെ ചെയ്തു..

ബട്ട് ലെവന്‍ വന്നില്ല...1500 രൂപയെങ്കിലും ഇല്ലാതെ വരാന്‍ എന്നെക്കിട്ടില്ല......നിങ്ങടെ ഒരു ഒണക്ക ആദരവ്...

ഹ ഹ ഹ

സാലിംക്കയുടെ മുഖമൊന്ന് കാണണം..

മോനേ..ദിലീഫേ .. നീ നെക്സ്റ്റ് വീക്കില്‍ വീട്ടില്‍ വരില്ലേ .. ഗാണിച്ച് തരാം... തേങ്ങാച്ചമ്മന്തി അരക്കും ഞാന്‍.....


സ്ലോ ബൈക്ലിംഗ്, കമ്പവലി, മരം കയറ്റം, വെള്ളം കുടി മല്‍സരം...
അങ്ങനെ ഒത്തിരി മല്‍സരങ്ങള്‍...

ഒടുക്കം ഒരു ഫൈവ് സ്റ്റാര്‍ ഓണ സദ്യയും...

NB: പെങ്ങള്‍ ജിദ്ദയില്‍ നിന്ന് വിളിച്ചിരുന്നു...
എടാ ഞാനും കഴിച്ചു ഓണ സദ്യ.. 30 റിയാല്‍ (മുന്നൂറ് രൂപ)..ചോറ് കിട്ടി അര മണിക്കൂര്‍ കഴിഞ്ഞ് സാമ്പാര്‍, പിന്നെ അര മണിക്കൂര്‍ കഴിഞ്ഞ് പായസം.. അങ്ങനെ അഞ്ച് മണിക്കൂര്‍ കൊണ്ട് ഒരു ഓണസദ്യ..

Wednesday, September 7, 2011

പ്ഫൂ...

ഞാനങ്ങനെ എന്റെ വീട്ടില്‍ ഉലാത്തുകയായിരുന്നു.(ഈ ഉലാത്തുക എന്നൊക്കെ പറയുന്ന സംഭവം വല്യേ രാജാക്കന്‍മാരൊക്കെ ചെയ്യുന്നതാ... അതാ ഞാനും ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.. എന്നിട്ടും ഈ വീട്ടുകാര്‍ക്കൊന്നും യാതൊരു മൈന്‍ഡും ഇല്ലന്നേ.. )

ഉള്ളില്‍ ചിന്തകളുടെ വിസ്‌ഫോടനം നടക്കുകയാണ്.
(സ്‌ഫോടനങ്ങളുടെ കാലമല്ലേ.. അതോണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് ..ഒന്നും തോന്നരുത്)

ചിന്തിക്കുന്നത് ഇതാണ്.. ഈ പോസ്റ്റ്‌സെക്യുലര്‍ കാലത്ത് അല്ലേല്‍ പോസ്റ്റ് മോഡേണ്‍ നേരത്ത് പൊറോട്ട ബീഫും കൂട്ടി അടിച്ചാല്‍ ദഹനക്കേട് സംഭവിക്കുമോ..

അങ്ങനെ ചിന്തയുടെ ഏഴ് ഭൂഖണ്ഡങ്ങളും (കെടക്കട്ട്)
ഓടിക്കയറുന്നതിനിടെയാണ് ഒരു ഒച്ചപ്പാട് കേള്‍ക്കുന്നത്..


മ്മേയ്...
ദേ......... കുറേ കുട്ടിപ്പണ്ടാരങ്ങള്‍വരുന്നു...ഫ്രണ്ട്‌സാണ്..
ഉമ്മാ..ബേക്കറിയൊക്കെ എന്താണെന്ന് വെച്ചാല്‍ എല്ലാം യെവന്‍മാരുടെ(യെവള്‍) അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തേ...
തിന്ന് വീര്‍ക്കട്ടെ എല്ലാം..ഭാവി കേരളത്തിന് മുതല്‍ക്കൂട്ടാവട്ടെ...

മഖ്ബു , നമുക്കൊരു മാഗസിന്‍ ഇറക്കണ്ടേ..

(വേണ്ട മക്കളേ, ആ കഞ്ഞി കലത്തില്‍ തന്നെ ഇരിക്കട്ടെ.. കുറേ കാലമായി മാഗസിന്‍ എന്നും പറഞ്ഞു എല്ലാം കൂടി വന്ന് വീട്ടിലെ തീറ്റ സാമാനങ്ങളെല്ലാം കുടിയൊഴിപ്പിക്കാന്‍ തുടങ്ങിയിട്ട്..... നമ്മളെത്ര കണ്ടതാ..)നീ തന്നെ എഡിറ്ററാകണം... അതിനുള്ള യോഗ്യത നിനക്ക് മാത്രല്ലേ ഉള്ളൂ.. നീ സംഭവമല്ലേ...
(അത് ശരിയാ...എന്റെ വില എനിക്ക് മനസ്സിലായില്ലെങ്കിലും ഫ്രണ്ട്‌സിന് മനസ്സിലായി.. ഹത് മതി ... അല്ലെങ്കിലും ആനയുടെ വലിപ്പം ആനക്ക് മനസ്സിലാവില്ല്‌ല്ലോ..

ഉമ്മാ ഇവര്‍ക്ക് തിന്നാനെന്തെങ്കിലും എടുത്തോ.. പാവങ്ങള്‍ .. നല്ല വിശപ്പുണ്ടാകും.. എല്ലാം ശരിക്കും കഴിച്ചോട്ടോ..)

മാഗസിനൊരു പേര് വേണം.. മഖ്ബു ഒരു പേര് പറ...

പ്ഫൂ...

എന്തേ..

അല്ല, മാഗസിന്റെ പേര് പ്ഫൂ എന്നിട്ടാലോ...?

അയ്യോ മാഗസിന്‍ കണ്ടിട്ട് നാട്ടാര്‍ പ്ഫൂ എന്ന് പറയുമോടേയ്....


NB:
1- ഞാനെന്റെ ഫ്രണ്ട്‌സിന് നിങ്ങളുടെ ആരുടേയും ബ്ലോഗ് അഡ്രസ് പറഞ്ഞ് കൊടുത്തിട്ടില്ല..എഡിറ്റര്‍ സ്ഥാനത്ത് നിന്നെന്നെ മാറ്റി നിങ്ങളെ ആക്കിയാലോ..
2-ചില ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ എടുത്തിട്ടുണ്ട്.അതവരെ മെയില്‍ ചെയ്ത് അറിയിക്കുന്നതാണ്. ദയവ് ചെയ്ത് കാശ് ചോദിക്കരുത്.. ആകെ കടത്തിലാ...
3- എന്നെ എഡിറ്ററാക്കിയ എന്റെ ഫ്രണ്ട്‌സിനെ ആരും പഴി പറയരുത്.. ഒര് തെറ്റ് ആര്‍ക്കും പറ്റാമല്ലോ...

NOTE:ഇതിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അന്ഷാദ്ക്ക യ്യാണ് .. വലിയ സംഭവമാ .. ലിതില്‍ എഴുതിയിരിക്കുന്ന ഫുലികള്‍(ഫുലിനികള്‍)
ആബിദ് കോലിക്കര,റെനീഷ,സുലൈഖ , ഷാമിലി കോക്കൂര്‍ , അഭിനി ,
ആഷിഖ് ഇ എ,മണികണ്ഠന്‍ കോട്ടോല്‍

Tuesday, September 6, 2011

വേം സമ്മതിച്ചോ.. ല്ലേല്‍ ഞാനിപ്പം മയ്യത്താവും

ഹൊ.. പുകിലുകളുടെ പൂക്കാലം ഈ ഓണക്കാലം..
നോക്ക്യെ,
എന്തൊക്കെ എടങ്ങേറുകളാ....
അഴിമതിയാണത്രെ ഇപ്പോഴത്തെ ഏറ്റവും വലിയ പുകില്...

കോമണ്‍വെല്‍ത്ത്, റ്റുജി സ്‌പെക്ട്രം,ആദര്‍ശ്ഫ്ലാറ്റ് , അനധികൃത വിദേശ നിക്ഷേപം, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് കരാര്‍
മ്മേയ്.. കേട്ടിട്ട് തന്നെ നെഞ്ച് പിടക്കുന്നു...

യെവന്‍മാര്‍ അഴിമതി നടത്തിക്കോട്ടെന്ന്..
ലിതിന് വേണ്ടിത്തന്നെയല്ലേ നമ്മളൊക്കെ ഈ കൂഷ്മാണ്ടങ്ങളെ ഇലക്ഷന്‍ പാസ്സാക്കിവിട്ടത്...
(പരീക്ഷക്കിരിക്കാതെ ഓസ്സിന് കയറിപ്പറ്റിയ ആളാണെ നമ്മുടെ പ്രൈം മിനിസ്റ്റര്‍)

രസമതല്ല.. നിരാഹരിച്ചാണ് ചിലരെങ്കിലും ഈ ആസുര രോഗത്തെ നേരിടാന്‍ ബെല്‍റ്റ് കെട്ടി ഇറങ്ങിയിരിക്കുന്നത്


എന്താണപ്പാ ഈ നിരാഹാരം..?

മര്യാദക്ക് ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ.. ല്ലേല്‍ ഞാനിപ്പം പട്ടിണി കിടന്ന് മയ്യത്താവും....

ഒരു തരത്തിലുള്ള ആത്മഹത്യാശ്രമം അല്ലേ ഇത്...
അല്ലേ ... അല്ലെങ്കില്‍ ഞാന്‍ വിട്ടു...


NB;ഫ്ലാഷ്ന്യൂസ്:അണ്ണാ ഹസാരേക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കാന്‍ മഖ്ബുവിന്റെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി..

Saturday, September 3, 2011

പറയൂ മാഷേ എനിക്കിപ്പോ ഒരു കമ്യൂണിസ്റ്റാവണം

:
പറയൂ മാഷേ എനിക്കിപ്പോ ഒരു കമ്യൂണിസ്റ്റാവണം....എന്തൊക്കെ ചെയ്താലാ ഞാനൊരു ഗമണ്ടന്‍ ഗമ്യൂണിസ്റ്റാവുക....
'മോനേ, നീ ഒന്നും ചെയ്യണ്ട, ഇനി മുതല്‍ നീ കമ്യൂണിസ്റ്റാണ്...'
'അതെങ്ങനെ , ഞാന്‍ ഒന്നും ചെയ്തില്ലല്ലോ..'
'നീ മനസ്സില്‍ പറഞ്ഞില്ലേ, ഞാന്‍ കമ്യൂണിസ്റ്റാണെന്ന്...ഹതുമതി..'
'അതുമതിയോ.. ഇത് വരെ ഞാന്‍ നമസ്‌കരിച്ചിരുന്നു.. നോമ്പ് നോറ്റിരുന്നു.... ഇനി..?'
'ഇനി അതൊന്നും ചെയ്യണ്ട..'
'അപ്പോള്‍ ഒന്നും ചെയ്യാതിരിക്കലാണോ മാഷേ കമ്യൂണിസം..'
'ഏയ് .. നീ ഇനി തൊഴിലാളി ഐക്യത്തിനു വേണ്ടി പണിയെടുക്കണം..'
'അയ്യോ , അതെങ്ങനെ?'
'അതൊക്കെയുണ്ട്'
'അപ്പോള്‍ മുതലാളിമാര്‍...?'
'അടുപ്പിക്കാന്‍ കൊള്ളില്ല ..അവരുമായുള്ള സംഘട്ടനത്തിലൂടെയാണ് ലോകം വളരുന്നത്'
'അപ്പോള്‍ മാഷേ എത്ര കാശുണ്ടെങ്കിലാണ് ഒരാള്‍ മുതലാളിയാവുക..?'
'അത്.......ഒരു ലക്ഷം രൂപയൊക്കെ ഉണ്ടെങ്കില്‍ അയാളെ മുതലാളി എന്നു വിളിക്കാം'
'അപ്പോള്‍ എത്ര കമ്യൂനിസ്റ്റ്നേതാക്കള്‍ക്കാ കാറും ബസും പാണ്ടിലോറിയൊക്കെയുള്ളത്..കൂറ്റന്‍ ബ്ലംഗ്ലാവുകളും....അവരൊക്കെ മുതലാളി വര്‍ഗത്തില്‍ പെടുമോ മാഷേ..'
(ഇബ്ലീസേ .. നീ അടി മേടിക്കും..)
'അല്ലേല്‍ വേണ്ട മാഷേ .. ആരാ ഈ തൊഴിലാളി...?'
'തൊഴിലെടുക്കുന്നവന്‍..'
'കള്ളന്‍മാരും കൊള്ളക്കാരുമൊഴികെ പിന്നെ എല്ലാവരും തൊഴിലെടുത്ത് തന്നെയല്ലേ ജീവിക്കുന്നത്..'(അല്ല.. അതും ഒരു തൊഴിലാണല്ലോ അല്ലേ..)
'ഹത് ......'
'മാഷേ .. ഈ ഡോക്ടറും എഞ്ചിനീയറുമൊക്കെ തൊഴിലാളി വര്‍ഗത്തില്‍ പെടുമോ..'(അവരും മുതലാളി വര്‍ഗമാണെങ്കില്‍ എന്റെ ഉപ്പാക്കെതിരെ ഞാന്‍ പോരാടേണ്ടി വരും..)
'ഹത്.......'
'അതും തൊഴിലല്ലേ മാഷേ....'
'.................................................'
'എന്താ മാഷേ ഈ വൈരുധ്യാത്മക ഭൗതികവാദം..?'
'വൈരുധ്യങ്ങളിലൂടെയാണ് ലോകം വളരുന്നത് എന്ന സിദ്ധാന്തമാണത്...'
'ഫോര്‍ എക്‌സാംബിള്‍...?'
'വിത്തിനോട് പോരടിച്ചിട്ടല്ലേ ചെടി വളരുന്നത്...'(ഹ ഹ ..പോര് പോലും പോര്... വിത്തിന്റെ വികാസമാ ചെ ടി.. ഈ മാഷിന്റെ ഒരു കാര്യം..)
'ആഹാ..ഫയങ്കരം....
ഇന്ത്യയും പാക്കിസ്ഥാനും തല്ല് കൂടി ബംഗ്ലാദേശ് ഉണ്ടാകുന്നു..
അമേരിക്കയും ചൈനയും ഇടികൂടി തിബത്ത് ഉണ്ടാകുന്നു.. ഹ ഹ'

'മാഷേ എനിക്ക് കമ്യൂണിസ്റ്റാവണ്ട...സഹകരണം കൊണ്ടേ ലോകം വളരൂ..സംഘട്ടനം കൊണ്ടല്ല....'
'അപ്പോള്‍ നീ വീണ്ടും മത വിശ്വാസിയാവുകയാണോ...?'
'അതെ'
'മോനേ , മതങ്ങള്‍ ലഹള പടക്കുന്നു.... വര്‍ഗീയ ലഹളകള്‍...'

'ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് മതങ്ങളാണോ മാഷേ...മത ലഹളകളിലേതിനേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ കൊല്ലപ്പെട്ടത് മതേതര ലഹളകളിലല്ലേ.....രാഷ്ട്രീയ സംഘട്ടനങ്ങളിലല്ലേ..
ആശയങ്ങളെ തെറ്റായി ആവിഷ്‌കരിക്കുന്നതാ മാഷേ പ്രശ്‌നം..'


NB:

മാറഞ്ചേരി ടൗണിലെ ഓവ് ചാലിനരികെ ഒരു ചുകപ്പ് കൊടി പൊതിഞ്ഞ
അജ്ഞാത ശവം കണ്ടെത്തി.(നാളത്തെ സ്‌കൂപ്പ്)

Thursday, September 1, 2011

ബ്ലോഗ് സന്ദര്‍ശനത്തിന് കാശ് ഓഫര്‍ ചെയ്തു വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തല്‍ജാഡല്‍ഹി:ബ്ലോഗിനെ ഫോളോ ചെയ്യുകയും കമന്റുകയും ചെയ്യുകയാണെങ്കില്‍ പറയുന്ന കാശ് തരാമെന്ന് ബൂലോക പുലികളോട് മക്ഖു ഓഫര്‍ ചെയ്തതായി വിക്കിലീക്‌സ് രേഖകള്‍.ബ്ലോഗുലകത്തിലെ അന്തേവാസികളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നുഴഞ്ഞ് കയറി ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ഓരോരുത്തര്‍ക്കും കോള്‍ ചെയ്യുകയായിരുന്നത്രെ .

മോനേ, നിന്നെപ്പോലെ നക്കാപ്പിച്ചകള്‍ക്ക് പറഞ്ഞ പണിയല്ല ഇതെന്നും അറിവും അനുഭവവും ഉള്ളവരുടെ വിഹാര കേന്ദ്രമാണ് ബ്ലോഗെന്നും ഉപദേശിച്ച നന്‍മേഛുക്കളെ വെല്ലുവിളിച്ചാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയതെന്നും അത്‌കൊണ്ട് നിങ്ങളൊക്കെ ഹെല്‍പ്പണം,നാറ്റിക്കരുത് എന്നുമൊക്കെയുള്ള മക്ഖുവിന്റെ രോദനാപൂര്‍വ്വമുള്ള ഫോണ്‍ സംഭാഷണവും ചോര്‍ത്തിയിട്ടുണ്ട്.

ജാഡലോടകം ബ്ലോഗില്‍ എപ്പോഴും കയറി കമന്റടിച്ച് കസറുന്ന അന്സാര്‍ അലി, ജെഫു,മാഡ്,ഷാജു,കൊമ്പന്‍,സോണി തുടങ്ങിയവരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നൗഷാദ് വടക്കേല്‍, ജയരാജ്,ഋതുസഞ്ജന, ദില്‍ഷ,കണ്ണന്‍,വേനല്‍പക്ഷി,ചെകുത്താന്‍,ദുബായിക്കാരന്‍,തുടങ്ങിയവര്‍ പോലീസ് നിരീക്ഷണത്തിലാണ്(നോക്കിക്കോ,താമസിയാതെ എല്ലാരും അകത്താകും..).

ലക്ഷങ്ങളാണ് ഇവര്‍ക്ക് ഓഫര്‍ ചെയ്തതെന്നാണ് വിക്കിലീക്‌സ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.(ലക്ഷത്തില്‍ എത്ര പൂജ്യമുണ്ട് എന്റെ ലീക്ക് ബീരാന്‍മാരെ... പാവം മക്ഖു പത്തിന്റെ പുത്തന്‍ നോട്ട് കണ്ടിട്ട് കാലം കൂറച്ചായേ.....)

'കാശ് ഞാന്‍ അങ്ങോട്ട് തരാം,എത്ര വേണമെന്ന് പറഞ്ഞാല്‍ മതി.. നിന്റെ ബ്ളോഗൊന്ന് നിര്‍ത്തുമോ,പ്ലീസ്'എന്നൊരാള്‍പറയുന്നതായും ചോര്‍ത്തപ്പെട്ട ഫോണ്‍ സംഭാഷണത്തിലുണ്ട്.(ആരായാലും അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം...ഹമ്പട.. അത്രക്കായോ..)

ബ്ലോഗ് നിര്‍ത്തണമോ വേണ്ടയോ എന്ന വിഷയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി മക്ഖു ചര്‍ച്ച നടത്തിയെന്നും തെളിഞ്ഞിട്ടുണ്ട്.ബ്ലോഗ് എന്റെ പ്രാദേശിക കാര്യമാണെന്നും നിങ്ങള്‍ ഇറാനെ ആക്രമിച്ചാല്‍ അതെന്റെ ബ്ലോഗിനെ ബാധിക്കാന്‍ സാധ്യത ഉണ്ടെന്നും അത്കൊണ്ട് ആക്രമണ നീക്കത്തില്‍ നിന്ന് നിങ്ങള്‍ പിന്‍മാറണം എന്നും മക്ഖു അഭ്യര്‍ത്ഥിച്ചിരുന്നത്രെ( ഹൊ.. അതോണ്ട് ഇറാന്‍ ആക്രമണം ഒഴിവായി...)

ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കൊന്നും മക്ഖു ഇതേ വരെ പ്രതികരിച്ചിട്ടില്ല. കാശ് വാങ്ങിയിട്ട് ബ്ലോഗില്‍ കയറാത്ത വിരുതന്‍മാരുണ്ടോ എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.

NB:വാങ്ങിയ കാശ് തിരികെ നല്‍കിയാല്‍ താന്‍ ബ്ലോഗ് നിര്‍ത്താമെന്നാണ് മക്ഖു ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്.ബൂലോകര്‍ അതിനു തയ്യാറാണോ ആവോ....?